ഉടലുരഞ്ഞു തീ പിടിച്ചൊരു പെണ്ണ്
ഉമിത്തീയിലുരുകുമ്പോഴാണ്
പുറംകാഴ്ചകൾ ഉണ്ടാകുന്നത്.
തൊലിയുരിഞ്ഞുടുത്ത് മറച്ച
നാണത്തിന് മേൽ വാക്കുകൾ
കൊത്തിയുണ്ടായ മുറിവിലൂടെ
ഒഴുകുന്ന നീല രക്തം പകർന്നാണ്
പാനോപചാരങ്ങൾ ഉണ്ടാകുന്നത്.
മനസ്സ് മെതിയിട്ട് മെതിയിട്ട്
മെതിക്കളങ്ങൾ ഒഴിയുമ്പോഴാണ്
ഉറയൂരിയ നാഗത്തെപ്പോലൊരു
പെണ്ണീ മണ്ണിലുയിർക്കുന്നത്.
സങ്കടങ്ങളുടെ പെരുങ്കളിയാട്ടങ്ങൾ
ക്കൊടുവിൽ ഉടലു തുരന്നൊരു
നിലവിളിയെത്തുമ്പോഴാണ്
അടച്ചിട്ട വാതിലുകൾ കഥ പറയുന്നത്.
സങ്കടക്കടലുകൾ കൊണ്ടൊരു കഥയെഴുതി
കനലു കത്തുന്ന കണ്ണ്മായൊരു പെണ്ണ്
ഹൃദയച്ചുരങ്ങളിലേക്ക് അലച്ചു വീഴുമ്പോഴാണ്
മനസ്സുകൾ കടന്ന് മരുഭൂമികൾ വളരുന്നത്.