മരിയാ, നിനക്കു വേണ്ടി മാത്രം

മരിയാ, മഞ്ഞു പൊതിഞ്ഞ
രൂപക്കൂട്ടിൽ നിന്നും,
കവലയിലെ അരണ്ട
വെളിച്ചത്തിലേക്കിറങ്ങുകയാണ്.

നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ച
നാണയത്തുട്ടുകൾ,
ആർക്കോ വേണ്ടി കിലുങ്ങി
ചിരിക്കുന്നതു കേൾക്കുമ്പോൾ,
നിൻ്റെ വിളറിയ മുഖം ഓർമ്മയിൽ
തെളിയുന്നു.

അവരെന്നെ കഴുതപ്പുറത്തു കയറ്റി
നഗരപ്രദക്ഷിണം ചെയ്യുമ്പോൾ,
വിളക്കുകാലിനരികെ തലമറച്ച നിൻ്റെ മുഖം,
നിഷ്ക്കളങ്കമായി തുളുമ്പിയ കണ്ണുകൾ.

ആരോ എറിഞ്ഞകല്ലുകൊണ്ട്
എൻ്റെ നെറ്റിയിൽ പൊടിഞ്ഞ ചോര,
നിനക്കെൻ്റെ ആത്മബലി.

ചമ്മട്ടിയും, മുളവടിയും കൊണ്ട്
അവരെന്നെ പ്രഹരിക്കുമ്പോൾ,
പ്രിയപ്പെട്ടവളെ, എനിക്കു വേദനിച്ചേയില്ല.

നിന്നെക്കുറിച്ചുള്ള ആകുലതകൾ
എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു.

ഞാനിപ്പോൾ ഒരു ചെരുപ്പുകുത്തിയുടെ
മാടത്തിനരികിലാണ്.
നടന്നു തേഞ്ഞ ചെരിപ്പുകളുടെ നാറ്റത്തിൽ
പിന്നിട്ട ദൂരങ്ങളുടെ
കിതപ്പാറിത്തണുത്തു കിടക്കുന്നു.

കാലം ഇപ്പോഴും
കാൽവരികയറുകയാണ്.
കള്ളിമുള്ളുകൾക്കിടയിലൂടെ
വലിച്ചിഴച്ചപ്പോഴും,
എനിക്കു വേദനിച്ചതേയില്ല,
നിസ്സഹായതയുടെ മിഴിയിണകളാൽ
നീയെന്നെ തലോടിയിരുന്നല്ലോ.

ആരോ ഒരാൾ എൻ്റെ
കണ്ണുകൾ വരിഞ്ഞുകെട്ടി,
പക്ഷെ, എൻ്റെ കാഴ്ച മറഞ്ഞില്ല.
ഉൾക്കണ്ണിൽ നീ നിറഞ്ഞു കത്തിയിരുന്നു.

മരയാണികൾ കൊണ്ട് കുരിശ്ശിൽ
തറയ്ക്കുമ്പോഴും,
ഞാൻ നിലവിളിച്ചു കരഞ്ഞില്ല,
മരയാശാരിയുടെ മകനിൽ
ഒരു കരുത്ത് പെരുത്തുകയറിയിരുന്നു.

മരിയാ, ലോകത്തിനായി
സമർപ്പിക്കുമ്പോഴും,
നിനക്കു വേണ്ടി ഒരിറ്റു കണ്ണീർ
എൻ്റെ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു.
അതൊരിലയിൽ തുളുമ്പി വീണതിനാൽ,
നിൻ്റെ മുഖം,
ആയിരം പ്രതിബിംബങ്ങളാൽ
അതിൽ തെളിഞ്ഞു.

മഴനിലയ്ക്കാതെ പെയ്ത രാത്രിയിൽ,
മരക്കുരിശ്ശിൽ നിന്നും ഊർന്നു
വീണത് നിൻ്റെ മടിത്തട്ടിൽ,
ഒരാവേശം എന്നെ മുറുകെപ്പുണരുന്നതു
ഞാനറിഞ്ഞു.

ദൂരെ നഗരത്തിൽ ഇരുട്ട്
പടർന്നു പിടിക്കുന്നു.

പ്രിയ മരിയാ, ഞാൻ ഓർമ്മകൾ വിട്ട്
വീണ്ടും രൂപക്കൂട്ടിലേറുകയാണ്.
ഒരിക്കലും മറക്കാനാവാത്ത നിൻ്റെ മണം,
ഓരോ നിശ്വാസത്തിലും വിട്ടു പോകാതെ,
ഞാനതു തിരികെപ്പിടിച്ചു കൊണ്ടിരിക്കും.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.