ഒന്നാം ദിനം
പൂക്കളെ
എനിക്കിഷ്ടമായിരുന്നു,
ശലഭങ്ങളെയും.
മഴയ്ക്കും എനിക്കുമിടയിൽ
അതിരുകളേ ഉണ്ടായിരുന്നില്ല
നൂലായി പതിഞ്ഞു പെയ്ത് മഴ..
പുഴ പോലെയൊഴുകി
ഉടൽച്ചന്തങ്ങളിൽ കടലായി നിറയവേ
ഒരു പനന്തത്തയെനിക്കുമീതെ
പാടിപ്പോയി
അതു കൊത്തിയെടുത്ത് പറന്നത്
എന്റെ ഹൃദയമായിരുന്നു
ദൂരെയൊരു മരച്ചില്ലയിലിരുന്നത്
പാടുന്നു
പാട്ടിൽ തളിർത്തുംപൂത്തുമാമരം
ശലഭചുംബനമേറ്റ്
പിന്നെയും പൂത്തുലയുന്നു
രണ്ടാം ദിനം
ഇപ്പോഴും
പൂവുകളെ എനിക്കിഷ്ടമായിരുന്നു,
ശലഭങ്ങളെയും.
പനന്തത്തയുടെ
പിളർന്ന ചുണ്ടിൽനിന്നുമൊരു
പാട്ടൊഴിഞ്ഞ പ്രാണൻ അടർന്നു വീഴുന്നു.
പൂവുകളതിൻമേൽ
വെയിൽ കൂടിച്ചു വിളർത്ത
ചുണ്ടുകളാലുമ്മ വയ്ക്കുന്നു
വെയിലുമ്മകളിൽ
കടൽവറ്റി പുഴവറ്റിയൊരു
മണൽക്കാട് കത്തുന്നു
തളർന്നും കിതച്ചും വേച്ചുമൊരു
പ്രാർത്ഥന
വർഷമേ മടങ്ങി വരിക.
ഒരു വട്ടം കൂടി
നൂലായി പെയ്ത്,
പുഴയായിപ്പെരുത്തെന്നെയൊരു
മഹാസമുദ്രമാക്കുക
മൂന്നാം ദിനം
പൂവുകളെയും ശലഭങ്ങളെയും
എനിക്കിപ്പോഴും ഇഷ്ടമാണ്
പുറത്തൊരു മഴ പെയ്യുന്നപോലെ,
പക്ഷേ മഴയുണ്ടായിരുന്നതേയില്ല
പുറത്തൊരു പൂമരം നിശ്വസിക്കുന്ന പോലെ,
പക്ഷേ മരമേ ഉണ്ടായിരുന്നില്ല !
പിന്നത്തെ താളുകളിൽ
നാവൊടിഞ്ഞൊരു എഴുത്താണി
വാക്കൊഴിഞ്ഞ് കിടന്നു.
അനുമാനം : അവൾക്ക് എഴുത്തും വായനയും. അറിയാമായിരുന്നു.