എനിക്കയാളോട്
പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലായിരുന്നു.
അതിലുപരി
പ്രത്യേകിച്ച് ഇഷ്ടവും
ഇല്ലായിരുന്നു,
അയാൾ മരിക്കുന്നതു വരെ.
പ്രത്യേകിച്ച് ഇഷ്ടമൊന്നും
ഇല്ലാതിരുന്നതിന്റെ പേരിലായിരുന്നു
ഞാൻ അയാളുടെ
ഫ്രണ്ട് റിക്വസ്റ്റ്
പിന്നീടാവട്ടെയെന്നു കരുതി
മാറ്റി വെച്ചത്.
ഒന്നും പറയാതെ
പെട്ടെന്നൊരു ദിവസം
അയാളങ്ങനെ
മരിച്ചു പോകുമെന്ന്
ഞാനൊട്ടും കരുതിയുമില്ല.
അയാൾ മരിച്ചു പോയെന്ന
പോസ്റ്റ് ഫേസ്ബുക്ക് പേജുകളിൽ
പലയിടത്തായി പലരും
പല പല ഫോട്ടോകൾ ചേർത്തും
അനുഭവങ്ങൾ ചേർത്തും ഇട്ടിട്ടുണ്ടെങ്കിലും
അത് ശ്രദ്ധിക്കാതെ
പിറന്നാളിനു പഴയ ഫോട്ടോകൾ ചേർത്ത്
വീഡിയോ ഉണ്ടാക്കിത്തരുന്ന ലാഘവത്തോടെ
ഫേസ്ബുക്ക്
അയാളുടെ ഫ്രണ്ട് റിക്വസ്റ്റ്
എന്റെ പേജിലേക്ക്
ഇടയ്ക്കിടെ ഓർമപ്പെടുത്തലുമായി
അയച്ചു കൊണ്ടേയിരിക്കുമെന്ന്
ഞാൻ ഒട്ടുമേ പ്രതീക്ഷിച്ചിരുന്നില്ല.