മരണശേഷം

പ്രിയപ്പെട്ടവൻ ഇന്നലെ എന്നോട് ചോദിച്ചു,
നിന്റെ മരണശേഷം ഞാൻ
കാണാൻ വരണോ?
കരയണോ?
കറുത്ത വസ്ത്രം ധരിക്കണോ?

ഞാൻ മരിച്ചാൽ നീ വരണം.
അവസാനത്തെ കണ്ടുമുട്ടൽ..
നിനക്ക്
കരച്ചിൽ വരുമെങ്കിൽ കരയണം.
എന്നെ മതിയാവോളം നോക്കിനിൽക്കണം.

പെട്ടെന്ന് ഒരുദിവസം മരിക്കുകയാണെങ്കിൽ
നിനക്ക് എന്നോട്
ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടാവും.
കറുത്ത വസ്ത്രം ധരിച്ച്  
എനിക്ക് ഇഷ്ടപ്പെട്ട പെർഫ്യൂം പൂശി
എന്നരുകിലേക്ക് വന്ന് ചെവിയിൽ പറയണം.
ആ മണം എത്രത്തോളം
എന്നെ മത്തുപിടിപ്പിക്കും എന്നറിയില്ല.
എങ്കിലും ഞാൻ ഓർക്കുന്നു..

അവസാനമായി
എന്നെ കുളിപ്പിക്കാൻ കൊണ്ടു പോവും.
എൻ്റെ നഗ്നത ബന്ധുക്കൾ കാണുന്നതിൽ
നീ വ്യാകുലനവരുത്.
ചടങ്ങുകൾ മാത്രം..

ഇത്രകാലം കൊണ്ട് എന്നെ വായ്ച്ചെടുത്ത
നിനക്ക്,
ബാക്കിവെച്ച് പോയ പ്രണയങ്ങൾ
നിന്റെ ഉടലിൽ
കാക്കപുള്ളികളായി അവശേഷിക്കും.
എന്നെ ഓർക്കുന്ന ഒരോ നിമിഷവും
നിന്റെ പൊക്കിളിൽ
നക്ഷത്ര കുഞ്ഞുങ്ങൾ വിരിയും..

ശവക്കുഴിയിലേക്ക്
എന്നെ അടക്കാൻ ഒരുങ്ങുമ്പോൾ
അവസാന തുള്ളി സ്നേഹവും പൊഴിക്കുക.
എന്റെ ആത്മാവ്
ഒരിക്കലും നിന്നെ പിന്തുടരില്ല..

മരണശേഷം
എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല.

നിന്റെ പൊള്ളുന്ന ചുംബനങ്ങൾ
എനിക്ക് നല്കിയ കുളിരിനെ ഓർത്ത്
ഏറ്റവും ആഴമുള്ള ആനന്ദം പേറി
ഞാൻ മണ്ണോടു അലിഞ്ഞ് ചേരും.

“ഇനിയീ ഭൂമിയിൽ ഞാനില്ല”
എന്നത് പ്രപഞ്ച സത്യം.

ഞാനിപ്പോൾ സന്തോഷവതിയാണ്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിനി. ബി എഡ് വിദ്യാർത്ഥിനിയാണ്. ഓൺലൈൻ മാഗസിനുകളിൽ കവിതകൾ എഴുതാറുണ്ട്.