കുമാരേട്ടന്റെ നീട്ടിയുള്ള കൂട്ട മണിയടി കേട്ടതും ഇടവും വലവും നോക്കാതെ പുസ്തകകെട്ടും എടുത്തോണ്ട് ഒറ്റ പാച്ചിലായിരുന്നു പടിഞ്ഞാറോട്ട് . ഉറ്റ ചങ്ങാതിമാരും കളിത്തോഴൻമാരുമായ ജാഫറും രാജുവും ബഷീറും കണ്ണനും ഒക്കെ ഓടി അവിടെ എത്തുമ്പോഴേക്കും കുരിയാകുമാഷെ പറമ്പിലെത്തി ഹാജര് വെക്കണം എനിക്ക്. അതിനാണ് ഇത്ര തിടുക്കപ്പെട്ടുള്ള ഈ ഓട്ടം.
സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തു നീണ്ടു കെടക്കണ വല്യൊരു പറമ്പുണ്ട് കുര്യാക്കോസ് എന്ന കുര്യാകുമാഷ്ക്ക് . മാഷെ കുറിച്ചുപറയുമ്പോൾ മാഷ്ടെ അപ്പനെക്കുറിച്ചും ഓർക്കാതിരിക്കാൻ പറ്റില്ലല്ലോ. ചെറുവാഞ്ചേരി വറുതുണ്ണി മാപ്ലക്കും അന്നാമ്മ ചേടത്തിക്കും മൂന്നാംകാൽ പിറന്ന ആരോമലായിരുന്നു കുര്യാക്കോസ്. പഴഞ്ഞീലെ പടിഞ്ഞാറങ്ങാടീല് മലഞ്ചരക്കിന്റെ കച്ചോടം ചെയ്യലാണ് അക്കാലത്ത് വറുതുണ്ണീടെ തൊഴിൽ.
“ഉസ്കൂളീ പോയി നാലക്ഷരം പടിക്കണ്ട കാലത്തു അപ്പൻ കച്ചോടത്തിനു കൂടെ കൂട്ടീത മ്മളെ, അതോണ്ട് മ്മക്ക് കൊഴപ്പോന്നും ഇണ്ടായീല്ലട്ടാ കൃഷ്ണൻ നായരേ. മ്മള് മനക്കണക്ക് കൂട്ടണ പോലെ ഉസ്കൂളീ പോയോർക്ക് പറ്റൂന്ന് തനിക്ക് തോന്നുണുണ്ടോ നായരേ .!”
തൊട്ടടുത്തു കച്ചോടം ചെയ്യണ കൃഷ്ണൻ നായരുമായി കുശലം പറയുന്നതിനിടയിൽ വറുതുണ്ണി സ്വയം സമാധാനിക്കാനെന്നോണം പറഞ്ഞോണ്ടിരിന്നു.
തനിക്ക് കിട്ടാതിരുന്ന പഠിപ്പും പത്രാസും ഒക്കെ തന്റെ മക്കൾക്ക് കിട്ടണമെന്നത് അയാൾടെ കലശലായ ആഗ്രഹമായിരുന്നു . പോക പോകെ തന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും മൂർച്ചകൾ പലപ്പോളും പരിധികൾ ലംഘിച്ചു മുന്നേറിയപ്പോൾ അന്നാമ്മയെന്ന കുറ്റികുരുമുളക് വള്ളിയിലെ ആദ്യത്തെ ലോറൻസ് എന്ന തളിരില അപ്പന്റെ സ്വപ്നങ്ങൾക്കൊത്തു പടർന്ന് കയറാനാവാതെ ഒരുനാൾ മദിരാശിയിലേക്ക് പുറപ്പെട്ട് പോയത്രേ!
ലോറൻസിന്റെ തിരുച്ചുവരവിനായി ദിവസങ്ങളോളവും മാസങ്ങളോളവും വറുതുണ്ണിയും അന്നാമ്മയും പഴഞ്ഞി സെന്റ് മേരിസ് ഓർത്തോഡോക്സ് കത്രീഡലിൽ മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. തന്റെ അപ്പനപ്പൂപ്പന്മാരായി കൈമാറി വന്ന, തേക്ക് മരത്തിൽ തീർത്ത പ്രത്യേക അറകളുള്ള അയാളുടെ പണപെട്ടിയിലെ നാണയ തുട്ടുകൾ കൊണ്ട് മാതാവിന്റെ തിരുരൂപത്തിന്റെ മുന്നിലെ കാണിക്ക വഞ്ചികൾ പലതും നിറഞ്ഞു കൊണ്ടിരുന്നു. ഓരോരോ പുലരികളും ,സായാഹ്നങ്ങളും തന്റെ മകന്റെ വരവിനായി അന്നാമ്മ കാത്തിരിക്കുമ്പോഴും, മദിരാശിയുടെ മായാലോകത്തെ ഏതോ നിഗൂഢതയുടെ ആഴങ്ങളിലേക്ക് ലോറൻസ് ആണ്ടാണ്ട് പോയിരുന്നു. സെന്റ് മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ തിരുനാളുകൾ പലതും കടന്നുപോയിട്ടും, അടുത്ത തിരുനാളിനു റാത്തയും മെഴുകുതിരിയും പിടിക്കാൻ അവനുണ്ടാവോലോ നായരേന്നു മുറുക്കി ചോപ്പിച്ച മോണയും കാട്ടി അയാൾ പലപ്പോഴും സങ്കടം പറയും.
ബർമയിൽനിന്നും സിലോണിൽ നിന്നുമെല്ലാം കപ്പലിൽ വന്നിറങ്ങുന്നവരുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങൾ വാങ്ങാൻ മദിരാശിക്ക് പോകുന്നവരോട് വറുതുണ്ണി എപ്പോളും ഓർമിപ്പിക്കും
“മ്മടെ ചെക്കനെ ഒന്ന് തപ്പ്ട്ടാ “
കന്നികുരുമുളക് കൊടിയെ മുകളിലോട്ട് പടർത്താനാകാതെ പാതിയിൽ തളർന്നു പോയ അയാളെ വീണ്ടും മറ്റൊരു ദുരന്തം കൂടി തേടി വന്നു. കാലവും കോലവും തെറ്റിവന്ന ഒരു മലമ്പനി അയാളുടെ രണ്ടാമത്തെ മകൾ ആലീസിനെയും കൊണ്ടാണ് പോയത് .
അത് കൊണ്ടൊന്നും അയാളെ ആർക്കും തളർത്താനായില്ല . കാടും മേടും വെട്ടിപ്പിടിച്ച് പൊന്നു വിളയിച്ചു ജീവിക്കാൻ പഠിപ്പിച്ച തന്റെ അപ്പന്റെ പാത പിന്തുടർന്ന വറുതുണ്ണി മൂന്നാമത്തെ തന്റെ മകനെ പട്ടണത്തിൽ വിട്ട് പഠിപ്പിച്ചു മിടുക്കനായ ഒരു വാദ്യാരാക്കി .
ഒടുക്കം, കുന്നംകുളത്താങ്ങാടീല് അനാദികട നടത്തണ തോമാച്ചന്റെ മോള് സിസിലിയെ വറുതുണ്ണി കുര്യക്കോസിന് വേണ്ടി കണ്ടുവെച്ച വിവരം തന്റെ വീടിന്റെ പൂമുഖത്തെ ചുമരിനുമുകളിൽ തൂക്കിയിരുന്ന അന്നാമ്മയുടെ മാല ചാർത്തിയ ഫോട്ടോക്ക് മുന്നിൽ നിന്ന്കൊണ്ട് മൗനാനുവാദം തേടുമ്പോൾ, ദുരന്തങ്ങൾ പലതും നേരിട്ടിട്ടും തളരാത്ത ആ മധ്യവയസ്‌കൻ അക്ഷരാർത്ഥത്തിൽ വിതുമ്പിപ്പോയി .
എല്ലാ കടമകളും നിറവേറ്റി അവസാനം തന്റെ എല്ലാ സാമ്രാജ്യങ്ങളും കുരിയാക്കോസിനെ ഏല്പിച്ച് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ ചെറുവാഞ്ചേരി കുടുംബ കല്ലറ എന്ന് മാർബിളിൽ സുന്ദരമായി കൊത്തിവെച്ച കുഴിമാടത്തിൽ പടിഞ്ഞാറങ്ങാടിയിലെ മലഞ്ചരക്കിന്റെ സുഗന്ധക്കാറ്റേറ്റു വറുതുണ്ണി തന്റെ ഉണരാത്ത ഉറക്കത്തിന്റെ അഗാധതയിലേക്ക് പടർന്നുകേറി .
കേട്ടറിവുകളുടെ ഓർമകൾക്ക് ഭംഗം വരുത്തിക്കൊണ്ടാണ് രാജൂന്റെ ചോദ്യം വന്നത്
“ഡാ …ഇന്ന് നിങ്ങള് അയ്യപ്പൻ വിളക്കിനു വരില്ലേ .?”
ജാതിയും കൊക്കോയും, ഞാവലും അയിനിയും പുളിയും മാവും ആഞ്ഞിലിയും തുടങ്ങി പലതരം ഫലവൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്ന സുന്ദരമായ ഒരു പറമ്പ്. ഞങ്ങൾ സ്‌കൂൾ വിട്ട് വരുന്ന വഴി കുരിയാകു മാഷ്ടെ പറമ്പില് കേറി അടുത്ത ദിവസത്തേക്കുള്ള പോക്കറ്റ് മണിക്കായി കുറച്ചു കശുവണ്ടി പറക്കി പോക്കറ്റിലിടുന്നത് ഒരു സ്ഥിരം പരിപാടി ആയിരുന്നു. മാഷ്ടെ പറമ്പിന്റ തെക്കേ അറ്റത്ത് നിക്കണ വല്യ പുന്ന മരത്തിന്റെ ചോട്ടിൽനിന്ന് പുന്നക്കോട്ടികൾ പറക്കലായിരുന്നു മറ്റൊരു വിനോദം. പുന്നക്കോട്ടികൾ വെച്ചുള്ള കോട്ടികളി ഞങ്ങളുടെ പ്രാധാന വിനോദങ്ങളിൽ മറ്റൊന്നായിരുന്നു .
അങ്ങനെ പുന്നക്കോട്ടികളും പറക്കി സൈനുതാത്താന്റെ വീട്ടിലെ ചെമ്പകവും പൊട്ടിച്ചിട്ടു വേണം ഐക്കരക്കലെ കുഞ്ഞവറു ഹാജിയാരുടെ പറമ്പിലെ മുട്ടിക്കുടിയൻ മാവിന്റെ മോളില് കേറി മാങ്ങ പറിക്കാൻ.
ആ പ്രദേശത്തെ ഒരു പ്രമാണി ആണ് ഹാജിയാര്. വെളുത്തു നരച്ചു നല്ല ഭംഗിയുള്ള താടിയും തലയിൽ വെള്ള വട്ടകെട്ടും കെട്ടി ഹാജ്യാര് വന്നാൽ… അതൊരു എടുപ്പ് തന്നേണ്. ഏക്കറോളം കെടക്കണത് ഐകരക്കലെ പറമ്പ് തന്നേണ്. മാവും തെങ്ങും, പിലാവും കവുങ്ങും എന്നുവേണ്ട സകലമാനതും ആ പറമ്പിലുണ്ട്. ഇട വിളകളായി ഇഞ്ചിയും ചേനയും ചേമ്പും കാച്ചിലും . ഈ പറമ്പീന്നു വീണു കിട്ടണ തേങ്ങേം മാങ്ങേം അടക്കേം പറക്കി വിറ്റാ തന്നെ ഐക്കരക്കലക്കാർക്ക് മാസങ്ങളോളം സുഖായി ജീവിക്കാനുള്ള വക കിട്ടും . പറമ്പിനു ഒത്ത നടുവിലായി കളം മെഴുകിയ മുറ്റമുള്ള പ്രൗഢിയാർന്ന, ഓടിട്ട തട്ടുള്ള ഒരു തറവാട് വീട്. നീണ്ടു പരന്നു കിടക്കുന്ന പറമ്പിന്റെ ഒരുവശത്തായി പശുത്തൊഴുത്തും നിറയെ പശുക്കളും മൂന്നാലു വൈക്കോലുണ്ടയും ഈ കാഴ്ചകൾ തന്നെ ഐക്കരക്കലെ തറവാടിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ട് . അതിന്റെ മുന്നിലങ്ങനെ നോക്കി നിക്കുമ്പോൾ എന്തോ വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് അനുഭവപ്പെടുക!.
ഇതൊന്നല്ലാണ്ട് അങ്ങാടിപൊർത്ത് വല്യൊരു മരമില്ലും കൊറേ പീടിയേ മുറികളും ഉണ്ട്ട്ടാ ഹാജിയാർക്ക്. പിന്നെ ഈ പ്രദേശത്തെ ഏതൊരു പ്രശ്നങ്ങൾക്കും പരിഹാരത്തിനായി ആളുകൾ എത്തുകയും ഐകരക്കലെ കയ്യാലയിലേക്കാണ്. അത് ഇനി അതിരു തർക്കായാലും വേണ്ടില്ല കുടുംബ വഴക്കായാലും വേണ്ടില്ല ഹാജ്യാര് അത് തീർപ്പാക്കും ഏറ്റക്കുറച്ചിലില്ലാതെ. ഇനീപ്പോ അന്നാട്ടിലാർക്കെങ്കിലും വല്ല കല്യാണങ്ങൾക്കോ, നൂല് കെട്ടിനോ, മറ്റു ചടങ്ങുകൾക്കോ ഒരു തരി പൊന്നിന്റെ ആവിശ്യം വന്നാൽ പോലും മുഖം നോക്കാതെ വിളിപ്പൊർത്ത് ഹാജ്യാരുണ്ടാകും .
ഐക്കരക്കലെ തറവാടിന്റെ തെക്കേ ഭാഗത്തെ കയ്യാലയിലെ ചാരു കസേരയിലിരുന്ന് ഹാജിയാര് തന്റെ വിശ്വസ്ഥനെ നീട്ടി വിളിക്കും
“കുഞ്ഞിരാമാ … അതേയ്.. നീ ഈ കടലാസ്സ് കൊണ്ടോയി മത്തായീടെ കയ്യിൽ കൊടുക്ക് … ന്നിട്ട് ഓർക്ക് വേണ്ടീത് എന്താണെങ്കിലും കൊടുത്തോളാൻ പറയ്”
അങ്ങാടിപൊർത്ത് സ്വർണപ്പണി ചെയ്യണ പീടിക നടത്താണ് മത്തായി. ഹാജ്യാര് പറഞ്ഞാ പിന്നെ മത്തായിക്ക് വേറെ ഒരു ഒറപ്പിന്റെയും ആവശ്യമില്ല. അത്രക്കും പിടിപാടുണ്ട് ഹാജിയാർക്കു അന്നാട്ടിൽ.
“ഡാ ….. ഇങ്ങള് വര്ണ് ണ്ടാ … നമുക്ക് പോകണ്ടേ…” എന്ന് ബഷീർ അലറിയപ്പോഴാണ് പരിസരം മറന്ന് നിന്ന ഞാൻ, നേരം പൊയതെന്നെ അറിയണത്.
ഹാജ്യാരുടെ മാവിലെ മാങ്ങേം ചപ്പികുടിച്ചോണ്ട് വീണ്ടും നടത്തം തുടങ്ങി ഞങ്ങൾ.
കുട്ടാടംപാടത്തുകൂടെ കേറി തോട്ടറമ്പത്ത്കൂടി നടന്ന് കുറുപ്പിന്റായി കേറീട്ടു വേണം എനിക്ക് അക്കരമ്മലെ വീട്ടിലെത്താൻ. ബഷീറും കണ്ണനും രാജൂം എല്ലാം അതിനു മുൻപേ തന്നെ എടവഴി കേറി പോകും. എനിക്ക് പിന്നേം നടക്കണം ഒന്നൊന്നര കിലോമീറ്റർ. വർഷക്കാലം ആയോണ്ട് കുട്ടാടംപാടം മുഴുവൻ വെള്ളം കേറി നെറഞ്ഞിരിക്കാണ് തോട്ടിറമ്പ് ആണെകിൽ കാണാനേ ഇല്ല, അത്രത്തോളം വെള്ളം കേറീട്ടുണ്ട് പാടത്ത്.
“ദൈവേ…. നല്ല മഴേം വരണ്‌ണ്ടലോ! നേരം അഞ്ചായീണ്ടാവുള്ളു പക്ഷെ മഴക്കാറ് കാരണം ഇരുട്ടുത്തി വരുന്നുണ്ട്. കാറും കോളും കണ്ടിട്ട് ഇന്ന് മഴ കനക്കൂന്നാ തോന്നണേ. ഇന്ന് രാത്രി നിക്കാണ്ട് പെയ്താ കരിയെന്തടം നിറഞ്ഞൊഴുകി റോട്ടുമ്മേ കേറൂലോ ഈശ്വരാ …” ഞാൻ മനസ്സിലോർത്തു .
പെട്ടന്ന് വീട്ടിലെത്തണോങ്കി ഇനി ഒറ്റ മാർഗ്ഗേള്ളൂ, കുപ്പടറേൽ കൂടെ കേറി പെരുംതോടിനു കുറുകെ ഇട്ടിട്ടുള്ള തെങ്ങ്‌മുട്ടിമ്മെക്കൂടെ ചാടിക്കടന്ന് നമ്മടെ കുറുപ്പിന്റായിടെ അവിടെ ചെന്ന് കേറാം. അതാവുമ്പോ അധികം നനയാതെ വീട്ടിലെത്താലോ .
ഇല്ലാത്ത ധൈര്യോം സംഭരിച്ച് വേഗത്തിൽ ഞാൻ നടന്നു. അല്ല ഓടീന്നെന്നെ പറയണം. ഉള്ളിന്റ ഉള്ളില് നല്ല പേടീം ഉള്ളോണ്ട് തിരിഞ്ഞോക്കണ്ടുള്ള ഒട്ടായിരുന്നു. പെരുംതോടും കടന്ന് ഒരുകണക്കിന് മാട്ടത്തിമെക്കൂടെ ചവിട്ടിക്കേറി ഒരുവിധം മറുകരയിൽ ചെന്ന് പറ്റി. ചെന്ന് കേറീത് ആവട്ടെ ഒരു ഓലപ്പെരയുടെ മുറ്റത്തേക്കായിരുന്നു. സ്ഥിരം പോകാത്ത വഴിയായതു കൊണ്ട് ആരുടെ വീടാന്നു പോലും എനിക്ക് അറിയില്ലായിരുന്നു. കാലനക്കം കേട്ടിട്ടാവണം ഒരു സ്ത്രീ തലവട്ടം കാണിച്ചു .
ജാനേച്ചി .!
ജാനേച്ചിയാണല്ലോ അത് .
ഐകരക്കലെ പറമ്പില് റസിയാതേം ജാനേച്ചിം ഓല മെടയണതും തേങ്ങാ പറക്കി കൂട്ടണതും സ്കൂളീ പോകുമ്പോ എത്രയോ വട്ടം കണ്ടിരികുന്നു .
‘’ന്താ ന്റെ കുട്ട്യെ ഈ കാട്ടണത് കരിക്കൂടിമോന്തി നേരത്താണോ ഉസ്കൂളീന്ന് വരണത് എവിടെർന്ന് ഇക്കണ്ട നേരം ?”
ജാനേച്ചിടെ ചോദ്യം കേട്ടാണ് തല പൊക്കി നോക്കിയത് .
“തൊട്ടെറമ്പത് വെള്ളം കേറിയോണ്ട് കുപ്പടറെൽകൂടെ കേറി വളഞ്ഞിട്ടാ ജാനേച്ചീ വരണത്.” നടത്തത്തിന്റെ കിതപ്പിനിടയിൽ മുഖമുയർത്താതെ ഞാൻ പറഞ്ഞു .
മറുപടിക്കായി കാതോർക്കാതെ പുസ്തകക്കെട്ടും മാറോടണച്ചു പിടിച്ചോണ്ട് വീണ്ടും ഞാനോടി .
അച്ഛൻ എന്നെയും കാത്തു നെഞ്ചും തടവിക്കൊണ്ട് മുറ്റത്തു നില്കുന്നത് കുറച്ചു ദൂരേന്നു തന്നെ എനിക്ക് കാണാമായിരുന്നു .
പാവം പേടിച്ചിട്ടുണ്ടാവും ..!
“നീ ഇത്രേം നേരം എവിടേർന്നടാ …?”
അത്രെയേ അച്ഛന് ചോദിക്കാൻ കഴിഞ്ഞുള്ളു. കുത്തി കുത്തിയുള്ള ചുമയും വലിവും കാരണം അച്ഛന് സംസാരിക്കാൻ തന്നെ വല്യ പാടാണ്. പുസ്തകകെട്ടു ഉമ്മറത്തു വെച്ചിട്ടു ഞാൻ അച്ഛനെ പിടിച്ചു ഉമ്മറത്തെ ചെത്തി തേക്കാത്ത ചുമരിൽ ചാരി ഇരുത്തി .
“ഞാൻ ഇത്തിരി ചൂട് വെള്ളം എടുക്കാം അച്ഛാ .. അത് കുടിച്ചിട്ട് ധന്വന്തരം ഗുളികേം കൂടി കഴിച്ചാൽ കൊറച് ആശ്വാസം ഉണ്ടാവൂട്ടാ .!”
അത് കേട്ട് അച്ഛനൊന്നു മൂളി .
വെള്ളമെടുക്കാനായി വേഗത്തിൽ അടുക്കളയിലേക്ക് നടക്കുമ്പോളും ശ്വാസം കിട്ടാതെ നെടുവീർപ്പിടുന്ന ഒരു ജീവന്റെ നിസഹായത ആ കണ്ണുകളിൽ സ്ഫുരിക്കുന്നത് എനിക്ക് കാണാമായിരുന്നു .
ഞാൻ വീട്ടിലെത്തി എന്ന ആശ്വാസവും കൂടെ ധന്വന്തരം ഗുളികകൂടി അകത്തു ചെന്നപ്പോഴാണെന്നു തോന്നുന്നു അച്ഛന് കുറച്ചു ഉഷാറൊക്കെവന്നു.
ഓല മേഞ്ഞ മുറിക്കകത്തു ചിമ്മിനിടെ അരണ്ട വെള്ളി വെളിച്ചത്തിൽ പുസ്തകോം നിവർത്തി വെച്ച് മേലോട്ടു നോക്കി മലർന്ന് കിടന്ന് തന്റെ പ്രാണ സഖിയായ രജനിക്ക് സ്നേഹത്തിൽ ചാലിച്ച ചെമ്പകപ്പൂ സമ്മാനിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് അച്ഛന്റെ മുരടനക്കം കേൾക്കുന്നത് .
“ഡാ ….അതേയ് ..നീ കേൾക്കുണുണ്ടോ ?”
“ആ അച്ഛാ …”
“ഞാൻ അബൂനോട് പറഞ്ഞിട്ട് സരളക്ക് ഫോൺ ചെയ്യിച്ചിരുന്നു. ന്റെ വയ്യായ്കെടെ കാര്യൊക്കെ അബു ഓളോട് പറഞ്ഞിട്ടുണ്ട് നീയ്യ് ഒരു കാര്യം ചെയ്യ് കൊറച്ചൂസം അവിടെ പോയി നിക്ക്”
അച്ഛൻ ഉമ്മറത്ത് കെടന്നോണ്ട് പറഞ്ഞു .
സരളാന്ന് പറയണത് അച്ഛൻ പെങ്ങളാണ്. സരളമ്മായിനെ മരുതൂർക്കാണ് കല്യാണം കഴിച്ചോടത്തിട്ടുള്ളത്. ഞാൻ പല പ്രാവിശ്യം സരളമ്മായിടെ അവിടെ പോയി നിന്നിട്ടുണ്ടെകിലും അതൊക്കെ സ്കൂൾ അവധിക്കാണ് പോകാറുള്ളത്. അമ്മായിക്ക് രണ്ട് മക്കളാണ്. സിജിലും,നിജിലും. സിജിൽ എന്റെ അതേ പ്രായമാണ്. നിജിൽ ഞങ്ങളെക്കാളും രണ്ടു വയസ്സ് എളേതാണു. സ്‌കൂൾ അവധിക്ക് അമ്മായീം മക്കളും ഇങ്ങോട്ട് വന്നിട്ട് ഒരുമാസത്തോളം ഇവിടെ നില്കും. തിരിച്ചു പോകുമ്പോൾ എന്നേം കൂടെ കൂട്ടും, പിന്നെ അവിടുന്ന് പോരുക സ്കൂൾ തൊറക്കണേന്റെ രണ്ടീസം മുൻപാകും .
മരുതൂർന്ന് പാറേണത് കർണാടക അതിർത്തിലാണ്. പുൽപള്ളീന്നു ആറേഴു കിലോമീറ്റര് പിന്നേം പോയാല് മുത്തശ്ശി പാറേടെ എറക്കിലാണ് മരുതൂർ എന്ന ഗ്രാമം, കാടും മേടും കുന്നും മലയും അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു ഗ്രാമമാണ് മരുതൂർ .
“അല്ലച്ഛാ…. ഞാനിപ്പോ പോയാല് അച്ഛനെ ആസ്പത്രീല് കൊണ്ടോവണ്ടേ …”
“നീ ഇപ്പൊ അതൊന്നും നോക്കണ്ടാ, പിന്നെ അബൂം, വാസൂട്ടനും ഒക്കെ ഉണ്ടല്ലോ ഇവിടെ. ജനറലാസ്പത്രീല് കൊറച്ചൂസം കെടന്നാൽ ഒക്കെ ബേധാവും. അത്രെ ബുദ്ദിമുട്ടെ എനിക്കിപ്പോ ഉള്ളു .”
അച്ഛൻ എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .
അബൂന്ന് അച്ഛൻ പറഞ്ഞത് അബുക്കയാണ്. അച്ഛന്റെ അടുത്ത ചങ്ങായി. അവരൊന്നിച്ചാണ് പണിക്കൊക്കെ പോവാറ്.
“നിക്ക് വയ്യാണ്ടായപ്പോ അബുള്ളോണ്ട് കഞ്ഞികുടിച്ചു കെടക്കനായീ” എന്ന് അച്ചനെപ്പോഴും പറയും. അത്രമാത്രം ദൃഢമാണ് അവര് തമ്മിലുള്ള ബന്ധം.
ന്റെ കുഞ്ഞച്ചനാണ് വാസൂട്ടൻ. കുഞ്ഞച്ചന് ചോക്കുന്റായില് ആശാരിപ്പണിയാണ്. വൈന്നേരം പണീം കഴിഞ് സ്ഥിരം അന്തിക്കള്ളും കുടിച്ച് വന്ന് മേമേനെ കെട്ടിപ്പിടിച് കൊറേ കരയും കുഞ്ഞച്ചൻ. കല്യാണം കഴിഞ്ഞിട്ട് കൊല്ലം കൊറേ ആയിട്ടും കുട്ടിയോള് ഇല്ലാത്ത അവർക്ക് കെട്ടിപ്പിടിക്കാനും സ്നേഹിക്കാനുംവേറെ ആരും ഇല്ലാലോ. എന്നാലും വർഷം ഇത്രയായിട്ടും ദിവസവും കുഞ്ഞച്ചൻ മേമേനെ കെട്ടിപിടിച്ച് കരയുന്ന സങ്കടത്തിന്റെ കാരണം മേമക്കെന്നല്ല കുഞ്ഞച്ഛനുപോലും ഇന്നും അറിയില്ലായിരുന്നു.
“അതേയ്… നാളെ രാവിലെ രവി ഇങ്ങെത്തൂട്ടാ നിന്നെ കൂട്ടാൻ. നാളേം കഴിഞ്ഞ് മറ്റന്നാ പോയാ മതി. രാവിലെ എറങ്ങിയാൽ ഇരുട്ടുന്നേന് മുന്നെ അങ്ങെത്താലോ. സുരേന്ദ്രൻ കൂപ്പില് പണിക്ക് പൊയക്കാത്രെ അതോണ്ടാ രവീനെ അയക്കണേന്ന്.”
അടിവയറ്റീന്ന് കുത്തി വന്ന ചുമയെ വല്യ ശബ്ദത്തില് മുറ്റത്തേക്ക് കാറിതുപ്പീട്ടു അച്ഛൻ ഒരു വശത്തേക്ക് ചെരിഞ്ഞു കെടന്നു .
അമ്മയില്ലാണ്ടായതിനു ശേഷമാണ് അച്ഛന് അസുഖങ്ങളൊക്കെ പിടികൂടുന്നത്. അച്ഛന് അമ്മ എന്ന് പറഞ്ഞാൽ വെറും ഒരു ഭാര്യ മാത്രമായിരുന്നില്ല. അമ്മ കൂടെ ഉള്ളത് അച്ഛന് വല്ലാത്തൊരു ധൈര്യമായിരുന്നു. അമ്മക്ക് ഒന്നിനും ഒരു കുറവും വരുത്താതെയാണ് അച്ഛൻ നോക്കിയിരുന്നത്. ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ അച്ഛൻ അമ്മയെ വേദനിപ്പിച്ചിട്ടില്ല. അത് പാടില്ലാന്നു അച്ഛന് നല്ലോണം ബോധ്യമുണ്ടായിരുന്നു. കാരണം പേരും പെരുമയും ഉള്ള ഒരു തറവാട്ടിൽ നിന്ന് നാല് ആങ്ങളമാരുടെ ഒരേ ഒരു പുന്നാരപ്പെങ്ങൾ രായ്ക്കു രാമാനം എല്ലാം ഉപേക്ഷിച്ചു തന്റെ കൂടെ ഇറങ്ങി വന്നതല്ലേ .
മേമ പറഞ് പഴയ കഥകളൊക്കെ ഞാൻ കേട്ടിട്ടുണ്ട് .
അന്ന് ഞങ്ങൾടെ നാട്ടിലെ പുല്ലാം വളപ്പ് അമ്പലത്തിലെ ഉത്സവമായിരുന്നത്രെ. പതിവുപോലെ എല്ലാവരും പകൽ ഉത്സവം കൂടി തിരിച്ചുപോന്നു. ഉത്സവത്തിന്റെ അന്ന് രാത്രി അമ്പലപ്പറമ്പിൽ നാടകം അരങ്ങേറുന്നുണ്ട്. രാത്രി നാടകം കാണാൻ പോകാൻ ലക്ഷ്മി നേരത്തെ തന്നെ അനുമതിയും വാങ്ങി കാത്തിരുന്നു.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ടവന്റെ കൂടെ, തങ്ങളുടെ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ ഉള്ള അവസരം വന്നിരിക്കുകയാണ്.
സമയം അടുക്കുംതോറും ലക്ഷ്മിയുടെ ഉള്ള് പിടയാൻ തുടങ്ങിയിരുന്നു. എന്തെന്നില്ലാത്ത ഒരു പരവേശം തന്നെ ഗ്രഹിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. സ്വന്തം അച്ഛനെയും, തന്നെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന പ്രിയപ്പെട്ട ആങ്ങളമാരെയും ചതിച്ചോണ്ടുള്ള ഒളിച്ചോട്ടത്തിന്റെ ജാള്യത അവളെ വല്ലാതെ അസ്വസ്ഥയാക്കി. ആ പാവാടക്കാരിയുടെ ചഞ്ചലയായ മനസ്സ് അപ്പോഴും ശെരി തെറ്റുകൾ ചികഞ്ഞു അസ്വസ്ഥമായികൊണ്ടിരുന്നു .
പക്ഷെ..
ഉള്ളിന്റെ ഉള്ളിൽ തന്റെ പ്രാണനോടുള്ള അടങ്ങാത്ത അഭിനിവേശം അവളെ മറ്റെല്ലാ പ്രിയപ്പെട്ടതും ത്യജിക്കാൻ നിർബന്ധിതയാക്കുകയായിരുന്നു.
നമ്പൂരിപ്പറമ്പിന്റെ വേലിക്കരികിലെ ഇടവഴിയിലൂടെ ആരോ മുൻപിൽ കത്തിച്ചു പിടിച്ച ചൂട്ടിന്റെ വെളിച്ചത്തിൽ കൂട്ടുകാരികളുമൊത്തു അവൾ വേലപ്പറമ്പിലേക്ക് നടന്നടുത്തു. എല്ലാവരുടെയും കൂടെ അവളും കൈതോലപ്പായ വിരിച്ച് നാടകം കാണാനിരുന്നു. നൂറുകണക്കിന് കണ്ണുകൾ ഇമവെട്ടാതെ നാടക രംഗങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. വിളക്കുകളെല്ലാം അണച്ചുവെച്ച അമ്പലപ്പറമ്പിലെ ഇരുട്ടിലിരുന്ന് കൊണ്ട് ജനക്കൂട്ടം, ഓരോ രംഗങ്ങളിലും വരുന്ന ചലനങ്ങൾക്കും ഡയലോഗുകൾക്കും അനുസരിച്ചു വന്നുപോകുന്ന പ്രകാശ വിസ്മയങ്ങളിലേക്ക് കണ്ണും നട്ടിരുന്നു.
നാടകം ഏകദേശം അവസാനിക്കാറായപ്പോഴാണ് തങ്ങളുടെ കൂടെ ഇരുന്നിരുന്ന ലക്ഷ്മിയെ കാണാത്തതു അവർ ശ്രദ്ധിക്കുന്നത്. ആൾക്കൂട്ടങ്ങൾക്കിടയിലെല്ലാം അവർ അവളെ തിരഞ്ഞു. എങ്ങും തന്നെ അവളെ അവർക്ക് കാണാനായില്ല .
വിവരം കാട്ടു തീ പോലെ പടർന്നു.
ലക്ഷ്മീടെ ആങ്ങളമാർ തലങ്ങും വിലങ്ങും ഓടി. പറമ്പിലും പാടത്തും എല്ലാം അവർ തങ്ങളുടെ കൊച്ചുപെങ്ങളെ തിരഞ്ഞു. ലക്ഷ്മീടെ അച്ഛൻ അമ്പലകമ്മിറ്റി ഓഫീസിൽ അപമാനഭാരം താങ്ങാനാവാതെ തല കുമ്പിട്ടിരുന്നു. ആളുകൾ പാലോടത്തായി അന്വേഷിച്ചിറങ്ങി. എവിടെ തിരഞ്ഞിട്ടും ലക്ഷ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല .
തങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്മിക്കുട്ടിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ പൊന്നാങ്ങളമാർ പരക്കം പായുമ്പോൾ, തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ലയിച്ചിരിക്കുകയായിരുന്നു അവൾ.
അന്നത്തെ ആ രാത്രി ലക്ഷ്മിയെയും വഹിച്ചോണ്ടു അച്ഛന്റെ ഹെർക്കുലീസ് സൈക്കിൾ ചെറുവത്താണിയും അഞ്ഞൂകുന്നും കൂർക്കൻ പാറയും പിന്നിട്ട് ഇയ്യാൽ എന്ന സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു.
ഇയ്യാൽക്കാണ് നമ്മുടെ അബുക്കാടെ പെങ്ങള് സുലേഖാനെ കെട്ടിച്ചിട്ടുള്ളത്. അബുക്കാടെ നിർദ്ദേശ പ്രകാരം തന്റെ പെങ്ങള്ടെ വീട്ടിൽ അഭയം പ്രാപിക്കാനാണ് തീരുമാനം.
ലക്ഷ്യ സ്ഥാനത്തു എത്തിയ ആ രാത്രി രണ്ടുപേരും സന്തോഷത്തിന്റെയും സന്താപത്തിന്റെയും കണ്ണുനീർകൊണ്ട് പരസ്പരം തങ്ങളുടെ മുറിവുകളുണക്കി. പിറ്റേന്ന് രാവിലെ ഇയ്യാൽ അമ്പല നടയിൽ ദേവീ വിഗ്രഹത്തിനു മുന്നിൽ നിന്നുകൊണ്ട് പരസ്പരം തുളസിമാല ചാർത്തി അവർ അവരുടെ ഹൃദയതാളം ഒരുമിച്ചു കൊട്ടാൻ ആരംഭിച്ചു .
അവിടുന്ന് ഏഴാം പക്കമാണ് വധു വരന്മാർ നാട്ടിൽ തിരിച്ചെത്തിയത്.
ഓർമകളുടെ ഓളപ്പരപ്പിൽ കൂടുതൽ ഒഴുകാനാവാതെ രാത്രിയുടെ മൂന്നാം യാമങ്ങളിൽ എപ്പോളോ മഹാ നിദ്രയുടെ തിരമാലകളിലേക്ക് ഞാൻ ഊളിയിട്ടിരുന്നു.
സരളമ്മായീടെ ഭർത്താവാണ് സുരേന്ദ്രൻ, മൂപ്പര് കൂപ്പിലെ പണിക്ക് പോയാൽ പിന്നെ ഒരു മാസമൊക്കെ എടുക്കും തിരിച്ചു വരാൻ. അതോണ്ട് എളെ അനിയൻ രവിയേട്ടനെയാണ് അമ്മായി എന്നെക്കൂട്ടാൻ പറഞ്ഞയച്ചിട്ടുള്ളത്. മരുതൂരുള്ള ഒരു ലൈത്തു വർഷോപ്പിലെ പണിയാണ് രവിയേട്ടന് .
കുഞ്ഞച്ചനും ,അബുക്കായും അച്ഛനുമായി ആസ്പത്രീല്ക്ക് ഇറങ്ങിയതിനു പിന്നാലെ ഞാനും രവി ഏട്ടനും പോകാനായി ഇറങ്ങി. അങ്ങാടിപൊർത്തുന്നു ബസ്സ് കേറീട്ട് പിന്നേം രണ്ടു ബസ്സ് കേറണം പുല്പള്ളിക്ക്. അവിടുന്ന് ജീപ്പില് വേണം മരുതൂർക്ക് പോകാൻ. പുൽപള്ളീല് ആറുമണിക് മുൻപ് എത്തിയില്ലാചാ പിന്നെ നടന്നിട്ട് വേണം പോകാൻ .
അരമണിക്കൂര് കഴിഞ്ഞിട്ടുണ്ടാകും ബസ്സ് വന്നു.
ബസ്സ് യാത്രയിൽ മുഴുവനും സിജിലിന്റെ മുത്തശ്ശി പറഞ്ഞു തരാറുള്ള കഥകൾ മനസ്സിലേക്ക് ഓടിയെത്തുകയാരുന്നു. മരുതൂർ എന്ന ഗ്രാമത്തിന്റെ ഉത്ഭവവും അവരുടെ ഗ്രാമത്തിനോട് ചേർന്ന് കിടക്കുന്ന കാടുകളിലായി താമസിക്കുന്ന ഒരു ഗോത്ര വിഭാഗക്കാരെയും അവരുടെ ഉത്സവങ്ങളെയും ആചാര അനുഷ്ട്ടനങ്ങളെയും കുറിച്ചും പ്രാർത്ഥനകൾ, ഭക്ഷണ രീതികൾ തുടങ്ങി പേടിപ്പെടുത്തുന്ന കഥകൾ വരെ മുത്തശ്ശി ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു. മുത്തശ്ശി പറയണ കഥകൾ കേട്ട് മരുതൂരിലെ പല രാത്രികളും എനിക്ക് ഉറക്കമില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
ആറുമണിക്ക് മുൻപ് പുൽപള്ളീൽ എത്തിയില്ലെങ്കിൽ നമ്മൾ കാട്ടിലൂടെ കേറി നടക്കേണ്ടി വരൂട്ടാ എന്ന് രവിയേട്ടൻ പറേണത് കേട്ടാണ് ഓർമകളിൽ നിന്ന് ഉണർന്നത്.
ചെറിയ ചെറിയ അങ്ങാടികളെയും ഇടവഴികളെയും ചെമ്മൺ പാതകളെയും ഗ്രാമങ്ങളെയും ഒക്കെ പിന്നിലാക്കികൊണ്ട് ഞങ്ങളെയും ചുമന്ന് ബസ്സങ്ങനെ ഓടിക്കൊണ്ടിരുന്നു.
ഇനിയും ഒന്ന് രണ്ടു മണിക്കൂറെടുക്കും പുല്പള്ളിക്കെത്താൻ എന്ന് ഓർത്തിരിക്കുമ്പോളാണ് ബസ്സ് പൊടുന്നനെ നിന്നുപോകുന്നത്.
“എന്താ .. എന്താ പറ്റീത് രവിയേട്ടാ.. എന്താ ഉണ്ടായേ?”
ഞാൻ ആകാംഷയോടെ ചോദിച്ചു .
“അവിടെ റോഡിൽ മുഴുവൻ മണ്ണ് ഇടിഞ്ഞു വീണിരിക്കയാണത്രെ!”
രവിയേട്ടൻ തെല്ല് അമർശത്തോടെയാണ് അത് പറഞ്ഞത്. എന്നെക്കാളും പത്ത് വയസ്സ് മൂപ്പുള്ള പുള്ളിക്കാരൻ പൊതുവെ ഒരു മിതഭാഷിയാണ്.
നീണ്ട ഒരുമണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു . ഭയപ്പെട്ട പോലെ തന്നെ വെകുന്നേരം ഏഴ് മണിയായി പുൽപള്ളീലെത്താൻ .
“ഇനി ഇപ്പൊ എന്താ ചെയ്യാ രവിയേട്ടാ” . ഞാൻ ഭയപ്പാടോടെ ചോദിച്ചു .
“എന്ത് ചെയ്യാൻ, നടക്കന്നെ”
ദേഷ്യവും ഭയവും കലർന്ന സ്വരത്തിൽ രവിയേട്ടൻ പറഞ്ഞു.
കാട്ടിലൂടെ നടന്നു പോകുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചു ആലോച്ചിട്ടാവണം ഏട്ടന്റെ മുഖമെല്ലാം വലിഞ്ഞു മുറുകീട്ടുണ്ട്.
പിന്നെ പേടി തോന്നാതിരിക്കുമോ. പലരുടെ അനുഭവങ്ങളും കഥകളും കെട്ടുകഥകളും മരുതൂർകാരനായ രവിയേട്ടനും ആവോളം കേട്ടിട്ടുള്ളതായിരിക്കും .
“ഇനീപ്പൊ സംസാരിച്ചു നിന്നിട്ടു കാര്യല്ല, നടക്കെന്നെ!” രവിയേട്ടൻ പറഞ്ഞു
കാട്ടിനുള്ളിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് പിന്നെ ഇടവഴിയിലൂടെയും കൈവഴിയിലൂടെയും ഒക്കെ കേറി നടന്നാൽ കുറച്ചൂടെ നേരത്തെ ഗ്രാമത്തിൽ ചെന്ന് ചേരാം.
മാറി ഉടുക്കാനുള്ള തുണികളുള്ള സഞ്ചിയും തൂക്കി ഞാൻ വേഗത്തിൽ നടന്നു, എനിക്ക് രണ്ടടി മുൻപിലായി ഏട്ടനും ഉണ്ട് .
കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾക്ക് പിറകിൽ എന്തോ ഒരനക്കം .
ആരോ ഉള്ളപോലെ .
ഒന്ന് തിരിഞ്ഞു നോക്കണോ .?
ഏയ് വേണ്ട ..
തോന്നീതാവും .
വീണ്ടും മുന്നോട്ട് കുറച്ചു നടന്നു .
വീണ്ടും പിറകിൽ എന്തോ ഒരു കാലടി ശബ്ദം .
“ഏട്ടാ ….”
“എന്താടാ …?”
“നമ്മുടെ പിന്നിൽ ആരോ ഉള്ളപോലെ .എന്തോ ഒരു അനക്കം കേൾക്കുന്നു .”
“ആര് ., ആരുണ്ടാവാൻ ? നിനക്ക് തോന്നീതാവും” രവി തിരിഞ്ഞു നോക്കാതെ പറഞ്ഞു .
അയാൾടെ മനസ്സിൽ കനപ്പെട്ടുവന്ന ഭയം ഇപ്പൊ പൊട്ടിത്തകരും എന്ന അവസ്ഥയിലാണ് .അത് പുറത്തു കാണാതിരിക്കാൻ തിരിഞ്ഞു നോക്കാത്തതാണ് നല്ലതെന്നു അയാൾക്ക് നല്ലപോലെ അറിയാമായിരുന്നു .
രണ്ടു വശങ്ങളിലും ഇടതൂർന്നു തിങ്ങി നിറഞ്ഞ കാടിന് നാടുവിലൂടെയാണ് ഞങ്ങൾ നടക്കുന്നത്. അതി കഠിനമായ ഇരുട്ടിനാണെങ്കിൽ പതിവിലും കൂടുതൽ രൗദ്ര ഭാവം .
ദൈവമേ.. ഇനി മുത്തശ്ശി പറഞ്ഞ കഥകളിലെ കാട്ടുവാസികൾ തന്നെ ആയിരിക്കുമോ ഇത് .
കയ്യും കാലും തളരുന്നു .
പിന്നെയും ആരോ പിന്തുടരുന്ന പോലെ തോന്നാൻ തുടങ്ങി. ഞാൻ തീർച്ചപ്പെടുത്തി. ഇത് ഉറപ്പായും ഞങ്ങളെ പിടിക്കാൻ വരുന്ന അതേ കാട്ടു വാസികൾ തന്നെ.
കണ്ണിനു ചുറ്റും കറുത്ത മഷികൊണ്ട് വരച്ച്, കയ്യിൽ നീളൻ കുന്തവുമായി, മുഷിഞ്ഞ കൈലിയുമുടുത്ത്, കഴുത്തിൽ പുലിപ്പല്ലിന്റെ മാലയും ഒക്കെ ഇട്ടിട്ടുള്ള അതേ കാടന്മാര്.
എന്റെ നടത്തത്തിന്റെ വേഗത കൂടി. കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നപോലെ, എന്റെ നെഞ്ചിടിപ്പ് വെള്ളിടി പോലെ വെട്ടികൊണ്ടിരുന്നു, ശ്വാസോച്ഛാസം അതിന്റെ ഉച്ചസ്ഥായിലെത്തി. ഇല്ല ഇനി രക്ഷയില്ല, അവരുടെ കാലടി ശബ്ദം അടുത്തെത്തികൊണ്ടിരുന്നു, മുത്തശ്ശി പറഞ്ഞ കാടന്മാർ ഞങ്ങളെ പിടിച്ചത് തന്നെ, എത്ര വേഗത്തിൽ നടന്നിട്ടും ശരീരം നീങ്ങാത്തപോലെ. പെട്ടന്നാണ് ഒരു കൈ പുറകിലൂടെ വരുന്നതായി എനിക്ക് തോന്നിയത്.
ഈശ്വരാ.. ഏതു നേരത്താണാവോ അച്ഛന് എന്നെ ഇങ്ങോട്ടയക്കാൻ തോന്നിയത് .
ഞാൻ മനസ്സിൽ പിറു പിറുത്തു .
തിരിഞ്ഞു നോക്കാൻ ഭയം അനുവദിക്കുന്നില്ല. നീണ്ടു തടിച്ച ബലിഷ്ടമായ ആ കൈകൾക്ക് പിടികൊടുക്കാതെ നിലവിളിച്ചോണ്ട് ഞാനോടി. എന്റെ കരച്ചിൽ കേട്ടിട്ടാവണം രവിയേട്ടനും ഓടാൻ തുടങ്ങി .
എത്രദൂരം ഓടിയെന്നോ എങ്ങോട്ടോടിയെന്നോ ഒരു നിശ്ചയവുമില്ല. രവിയെട്ടനെ കാണുന്നില്ല, ഞാനും ഏട്ടനും വഴി പിരിഞ്ഞിരിക്കുന്നു.
പക്ഷെ അതൊന്നും തന്നെ എന്നെഒട്ടും അലട്ടുന്നതായിരുന്നില്ല. അവരുടെ പരദേവതകൾക്കു ബലികൊടുക്കാൻ കിട്ടിയ ഇരകളാണ് ഞങ്ങൾ. ഒരു കാരണവശാലും അവരുടെ കൈകളിൽ പെട്ടുപോകാൻ പാടില്ല. കാടന്മാർക്ക് പിടികൊടുക്കാതെ ജീവനും കൊണ്ട് ഓടിക്കൊണ്ടിരിക്കയാണ് ഞാൻ. മുന്നിലുള്ളത് ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല. ഓടി ഓടി അവസാനം ഒരു പാറയിൽ കാലൊടക്കി ഞാൻ ദൂരേക്ക് തെറിച്ചു വീണു. തലയിൽ അതിശക്തമായ വേദന. ചുറ്റും കൂരാ കൂരിരുട്ട്. ഒന്നും തന്നെ കാണാൻ കഴിയുന്നില്ല, തലയാണെങ്കിൽ വേദനകൊണ്ടു പൊട്ടിപൊളിയുന്നു. കൈ കാലുകൾക്ക് ഒക്കെ ഒടിഞ്ഞു നുറുങ്ങുന്ന കലശലായ വേദന. എത്ര നേരത്തോളം ഞാനങ്ങനെ അവിടെ കിടന്നെന്ന് അറിയില്ല .
പതുക്കെ പതുക്കെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറാൻ തുടങ്ങി. വേദന പതുക്കെ പതുക്കെ ഇല്ലാതായി തുടങ്ങി, നെഞ്ചിന്റെ താളം പതിയെ കുറഞ്ഞു കുറഞ്ഞു വന്നു, കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ കിടന്നു ദേഹം മുഴുവൻ തണുപ്പ് പടർന്ന് കേറി, പതിയെ പതിയെ എന്റെ ശരീരം പൂള മരത്തിൽ നിന്നും പൊട്ടി പറക്കുന്ന പഞ്ഞി കണക്കെ ആകാശത്തേക്ക് പറന്ന് പറന്നു പോയി .
വീടിന്റെ ഉമ്മറത്തു വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുകയാണ് എന്നെ .
അച്ഛനും കുഞ്ഞച്ചനും അബുക്കയും മേമയും സരളമ്മായിയും ഉൾപ്പടെ എല്ലാ ബന്ധുക്കളും ചുറ്റും നീന്നു കരയുന്നുണ്ട്. മുറ്റത്തു അങ്ങിങ്ങായി കൂടി നിക്കണ നാട്ടുകാര് എന്റെ വിധിയെ പഴിക്കുന്നത് തെല്ല് സങ്കടത്തോടെ ഞാൻ കേട്ടുകൊണ്ടിരുന്നു .
“ശങ്കരേട്ടാ ഇനീപ്പോ നമ്മൾ കാക്കണോ?”
“ആരേലും വരാനുണ്ടോ .? ഇല്ലെങ്കിൽ നമുക്ക് ചടങ്ങ് തൊടങ്ങാര്ന്നു”
നെഞ്ച് തകർന്ന് ഏങ്ങലടക്കാൻ കഴിയാതിരിക്കുന്ന എന്റെ അച്ഛൻ അതിനു മറുപടി പറയാതെ എന്റെ മുഖത്തു പതിയെ തലോടിക്കൊണ്ടിരുന്നു .
“എവിടെ എന്റെ കൂട്ടുകാർ.. അവരാരും വന്നില്ലല്ലോ .?”
അവസാനമായി എന്നെ ഒന്ന് കാണാൻ എന്റെ കണ്ണുകൾ ചുറ്റുപാടും അവർക്കു വേണ്ടി പരതി നോക്കി .
സ്കൂളിലെ കുട്ടികളെല്ലാം വരി വരിയായി വന്നുകൊണ്ടിരിക്കുന്നുണ്ട്. ടീച്ചർമാരും കുമാരേട്ടനും ഉൾപ്പടെ എല്ലാരും വന്നിട്ടുണ്ട് എന്നെ അവസാനമായി ഒന്ന് കാണാൻ. ഓരോരുത്തരായി എന്റെ അടുത്ത് വന്ന് വിതുമ്പുന്നുണ്ട് .
എവിടെ അവൾ .
എന്റെ കണ്ണുകൾ വീണ്ടും ചുറ്റും പരതാൻ തുടങ്ങി .
അവളെ മാത്രം കാണുന്നില്ലല്ലോ .
വരി വരിയായി വരുന്ന കുട്ടികൾക്കിടയിലെല്ലാം ഞാൻ രജനിയെ തിരഞ്ഞു കൊണ്ടിരുന്നു .
ഇനി എന്നെ കാണാനുള്ള മനഃശക്തിയില്ലാതെ വരാതിരുന്നതാണോ .
ഇല്ല ,അവസാനമായി അവൾക്കെന്നെ കാണാതിരിക്കാനാവില്ല. അവൾ വരുമായിരിക്കും. എന്റെ മനസ്സിൽ ആരോ മന്ത്രിച്ചു .
സന്തത സഹചാരികളായ ജാഫറും ബഷീറും കണ്ണനും രാജൂം എല്ലാം വരിവരിയായി വരുന്നുണ്ട്. എന്റെ അടുത്തെത്തിയതും അവർക്ക് സങ്കടം പിടിച്ചടക്കാനായില്ല, പ്രിയപ്പെട്ട കൂട്ടുകാരന്റെ അപ്രതീക്ഷിത വിയോഗം അവരെ വല്ലാതെ തളർത്തിയിരിക്കുന്നു .
ഇവർക്ക് ഇത്രേം സ്നേഹം എന്നോടുണ്ടായിരുന്നോ.?
ഉണ്ടായിരുന്നെന്ന് അപ്പോളാണ് ഞാൻ മനസ്സിലാക്കുന്നത് .
ബഷീർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഏങ്ങലടിച്ചു കരഞ്ഞു തളർന്നു നിൽക്കുന്ന അവനെ കണ്ണൻ അവന്റെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു.
അപ്പോഴാണ് വടക്കോർത്തെ ഇടവഴിയിലൂടെ രണ്ടു മൂന്നു പേര് നടന്നു വരുന്നത് കണ്ടത്.
ഈനാട്ടുകാരല്ല അവര് . ബന്ധുക്കളും അല്ല.
പിന്നാരാണാവോ .?
അപ്പോളാണ് കുഞ്ഞച്ചൻ അച്ഛനോട് പറേണത് കേട്ടത് ,
ചടങ്ങിനുള്ള ആളോള് വന്നൂന്ന് .
ശെരിയാണ്, എനിക്ക് പോകാനുള്ള സമയം ആയിരിക്കുന്നു .ഇനി ആരെ കാത്തിരിക്കാനാണ് .
ഇത്ര സമയമായിട്ടും എന്തെ എന്റെ പ്രണയിനി മാത്രം വരാഞ്ഞേ. എത്രയോ ചെമ്പകപ്പൂക്കൾ ഞാനവൾക്കുവേണ്ടി ഇറുത്ത് നൽകിയതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ എന്റെ ഹൃദയം തന്നെയല്ലേ ഞാനവൾക്ക് നൽകിയിരുന്നത്. എന്നിട്ടും എന്റെ കണ്ണുകളിലെ തീക്ഷ്ണത എന്തേ അവൾ കാണാതെ പോയത് .
ഒരു നെടുവീർപ്പോടെ കണ്ണൊന്നടച്ചു തുറന്നതും മുന്നിലതാ എന്റെ പ്രണയിനി. വരില്ലെന്ന് വിചാരിച് സങ്കടപ്പെട്ടതത്രയും വൃഥാവിലാക്കി അവൾ വന്നിരിക്കുന്നു .
പ്രിയപ്പെട്ടവന്റെ നിശ്ചലമായ ശരീരത്തിന് മുന്നിൽ നിർവികാരതയോടെ അവൾ നിന്നു. ഒന്നും ഉരിയാടാതെ ഒരു പ്രതിമ കണക്കെ അവൾ എന്നെ നോക്കികൊണ്ടിരുന്നു. അവസാനം, വാലിട്ട് കണ്ണെഴുതിക്കാണാൻ ഞാൻ കൊതിച്ച ആ മാൻപേട കണ്ണുകളിൽ നിന്നും അവളുടെ ഹൃദയ നൊമ്പരങ്ങൾ അശ്രു കണങ്ങളായി എന്റെ മുഖത്തേക്ക് ഇറ്റിറ്റു വീഴുമ്പോഴും ഒരു പിടി ചെമ്പകപ്പൂക്കൾ അവൾ അവളുടെ ഉള്ളം കൈകളിൽ മുറുകെപിടിച്ചിരുന്നു .
ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൾക്ക് എന്നോട് പറയാൻ സാധിക്കാതെ പോയത് ഇപ്പോഴെങ്കിലും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തിയിൽ കിടക്കുമ്പോഴാണ് ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നുന്നത്,
മോനെ .. മോനേ …
ആരാണത്,ഞാൻ മനസ്സിലോർക്കാൻ ശ്രമിച്ചു .
മോനേ …
വളരെ ദൂരേന്നു നേർത്തു നേര്ർത്താണ് ശബ്ദം കേൾക്കുന്നത് .
മോനേ …
ഞാൻ ഒന്നൂടെ കാതു കൂർപ്പിച്ചു .
അമ്മ , അമ്മയല്ലേ അത്
അതെ ,അത് അമ്മ തന്നെയാണ് .
എന്തേ ഇപ്പൊ ഇങ്ങനെ ഒരു വിളി ?
അമ്മ പോയി ഇത്ര വർഷമായിട്ടും ഇങ്ങനെ ഒരു വിളി ഇതുവരെ ഞാൻ കേട്ടിട്ടില്ലല്ലോ .
ആ.. ഞാൻ ജീവിച്ചിരിക്കുമ്പോൾ വിളിച്ചാൽ വരില്ലാന്നു അമ്മക്ക് നന്നായിട്ടറിയാം അതായിരിക്കും വിളിക്കാതിരുന്നത് .
ചിലപ്പോ എന്നെ കൊണ്ടോവാൻ വന്നതാവും അമ്മ .
അമ്മേടെ ലോകത്തേക്ക് .
ഏഴാം ആകാശത്തിനും അപ്പുറത്തു ദേവലോകത്തേക്ക് ..
അച്ഛനെയും ബന്ധുക്കളെയും രജനിയെയും കൂട്ടുകാരെയും ഒക്കെ വിട്ട് പോകാൻ സങ്കടമുണ്ടെകിലും പോകാതെ പറ്റില്ലല്ലോ. പിന്നെ പോകുന്നത് അമ്മേടെ അടുത്തേക്കല്ലേ എന്നൊരാശ്വാസം മാത്രം .
“മോനേ…”
അമ്മ വീണ്ടും വിളിച്ചു .
അമ്മയുടെ ശബ്ദം അടുത്തടുത്ത് വരുന്നപോലെ .
ശെരിയാണ്, ശബ്ദത്തിന്റെ കനം കൂടിയിട്ടുണ്ട്, അകലെന്നു കേട്ട ശബദം തൊട്ടടുത്ത് കേൾക്കാൻ തുടങ്ങി.
കുറേ നാള് കൂടിയിട്ടാണെങ്കിലും എന്റെ അമ്മയുടെ സ്വരം ഒന്ന് കേൾക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് പെട്ടെന്നൊരു അലർച്ച കേട്ടത് .
“രമേശാ …….”
അമ്മ അലറി .
ആ അലർച്ച കേട്ട ഞാൻ ഞെട്ടി എണീറ്റു .
“ഡാ .. രമേശാ എന്താടാ ഇത്, എന്തൊരു ഒറക്കാടാ”
“നട്ടുച്ചമുതൽ കെടന്ന് ഒറങ്ങാൻ തുടങ്ങീതല്ലടാ നീ. നേരം ഇപ്പൊ എത്രായീച്ചാ.. വെളക്ക് വെക്കണ നേരത്താ അവന്റെ ഒരു ഒറക്കം!”
ഞെട്ടി എണീറ്റ ഞാൻ ഒരു അമ്പരപ്പോടെ ചുറ്റും നോക്കി. അടുക്കളയിലെ ജോലിക്കിടയിൽ കറിക്കത്തിയുമായി ഓടി വന്ന് ഹാലിളകി മുന്നിൽ നിൽക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത് .
“എണീറ്റു വരുന്നുണ്ടോ? അവന്റെ ഒരു ഒറക്കം, നീ ഓടിപ്പോയി അബ്ദുക്കാന്റെ പീടിയേൽന്നു കൊറച്ചു വെളിച്ചെണ്ണ വാങ്ങീട്ടു വാ..”
അമ്മ വീണ്ടും അലറി .
എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ കിടക്കപ്പായയിൽ തന്നെ കുറച്ചു സമയം കുത്തിയിരുന്നു, അനുഭവിച്ചെതെല്ലാം വെറും പകൽ കിനാവുകളാണെന്നു തിരിച്ചറിയാൻ എനിക്ക് വല്യ താമസമൊന്നും വേണ്ടി വന്നില്ല .
പടിഞ്ഞാറ്റേൽക്ക് മലർക്കെ തുറന്ന് വെച്ച ചില്ല് ജാലകങ്ങൾക്കിടയിലൂടെ അസ്തമയ സൂര്യന്റെ ആകാശ ശോഭയിൽ എവിടെയോ ആ മുഖം ഞാൻ തിരയുകയായിരുന്നു, ചെമ്പകപ്പൂവിന്റെ നൈർമല്യമുള്ള അതേ മുഖം .
ഏതാനും കുറച്ചു സമയം കൊണ്ട് മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്ന് വന്ന ഓരോ സംഭവ വികാസങ്ങളും ഒരു മിന്നായം പോലെ കണ്മുന്നിലൂടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു.
ഏറെ ഭയപ്പെടുത്തുന്നതും സങ്കടപെടുത്തുന്നതുമായ മുഹൂർത്തങ്ങളിലൂടെയെല്ലാം കടന്നു പോയ ഒരു ദിവസമായിരുന്നെങ്കിലും, എന്നെന്നും ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന മധുരമൂറുന്ന ഓർമകളും, പച്ചയായ മനുഷ്യജീവിതങ്ങളും, കണ്ണിനു കുളിർമ്മയേകുന്ന നാട്ടിൻപുറ കാഴ്ചകളും മനസ്സിൽ വീണ്ടും വീണ്ടും ഓടി എത്തുമ്പോഴും വിജനമായ മരുതൂർ കാടിന്റെ കൂരാ കൂരിരുട്ടിലൂടെ രവിയേട്ടൻ അപ്പോഴും എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു .!