മുഖപുസ്തകത്താളിൽ, എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ
കണ്ണിൽപെട്ടതും
മരിച്ചുപോയതാകുമോ എന്ന നടുക്കം മായുംമുമ്പ്
ചുവട്ടിലെഴുതിയത് കാണുന്നു:
പിറന്നാളുമ്മകൾ!
കല്യാണഫോട്ടോ ആണ്
കുഞ്ഞായിരുന്നപ്പോളെടുത്തതാണ്
താരത്തോടൊത്തുള്ളതാണ്
സമ്മാനം വാങ്ങിക്കുന്നതാണ്
കവിത ചൊല്ലുന്നതാണ്
ജാഥയ്ക്ക് മുന്നിൽ നിന്നതാണ്
ഷാപ്പുകറി തൊട്ടുകൂട്ടുന്നതാണ്
ഇണയോടൊപ്പം കടൽ കാണുന്നതാണ്
പിരിഞ്ഞതിൻ്റെ ആഘോഷമാണ്
കണ്ണടച്ചു പാടുന്നതാണ്
ഒറ്റയ്ക്ക് ദൂരയാത്ര കഴിഞ്ഞ് മടങ്ങുന്നതാണ്…
മരണം കണ്ടുപിടിക്കും മുമ്പത്തെ
മനുഷ്യൻ്റെ
കൂസലില്ലായ്മയിൽ
തിളങ്ങിയിരുന്നു മുഖമോരോന്നും,
മരിക്കാത്ത കാമനകളുടെ ത്രസിപ്പിൽ
തുടുത്തിരുന്നു.
ഇപ്പോൾ
അവരുടെയെല്ലാം ഫോട്ടോ മുഖപുസ്തകത്തിൽ കാണുമ്പോൾ
പിറന്നാൾ ,
വിവാഹ വാർഷികം
എന്നെല്ലാം വിചാരിച്ച്
‘ഇനിയുമീവിധം സുഖമായിരുന്നാലും’ എന്ന്
മനസാ ആശംസിച്ചു തീരുംമുമ്പ്
ചുവടെ കാണുന്നു:
ആദരാഞ്ജലികൾ!
വിശ്വാസം വരാതെ പല പല ഫോട്ടോയിലുടെ
വിരൽ
നീങ്ങി നീങ്ങിപ്പോകുമ്പോൾ എല്ലാറ്റിലും തെളിയുന്നത്:
ഈ ചിരി ഇനിയില്ല
ആ വെളിച്ചവും പൊലിഞ്ഞു
പ്രണാമം
വിട!
അതിലൊന്നിന്
സ്വന്തം ഛായ കാണാനിടവന്ന പേക്കിനാവിൽ
ഞെട്ടിയുണർന്ന്
വിറയലോടെ
അടച്ചു വയ്ക്കുന്നു
മരണപുസ്തകം.