1
നിശബ്ദതയുടെ അകാല മരണത്തിൽ
ഞാൻ ഉള്ളു പൊട്ടി മരിക്കുന്നു
വിലാപ ഗീതം ആലപിക്കാൻ കെൽപ്പില്ലാത്ത
നഗര മധ്യത്തിലെ
കൽപ്രതിമയാണ് ഞാൻ.
നിശബ്ദതയുടെ ഗർഭപാത്രം
കൊതിച്ച എനിക്ക്
ഒടുക്കം ലഭിച്ചത്
ചീവീടുകളുടെ ചിലപ്പ്!
ചില്ലു വീടുകളുടെ കൂട്ടങ്ങളും
ആരവങ്ങളുടെ രാത്രികളും
എന്നെ വിടാതെ പിന്തുടർന്നു
കിതപ്പിന് പോലും ചീവീടിന്റെ താളം!
മരണമാണ്!
നിശബ്ദതയുടെ കുഴിമാടത്തിൽ
എനിക്ക് മൂളിപാട്ടു പാടണം!
ഒരു വരി മാത്രമുള്ള മൂളിപ്പാട്ട്.
എന്നിട്ട്,
കുഴിമാടത്തിലെ മിച്ചമുള്ള ഇടത്തിൽ
എനിക്ക് ചുരുണ്ടു കൂടണം,
എന്നന്നേക്കുമായി.
2
വിഷാദം ജന്മം കൊടുത്ത
കവിതകൾക്ക് മരണമില്ലത്രെ!
ആത്മഹത്യയുടെ ഉപ്പുരസം നുകർന്ന്
അത് ജീവനില്ലേക്ക് നീന്തി കയറും
ഒരേ സമയം അത്
ശവപ്പറമ്പിന്റെ കാവൽക്കാരനും
നിത്യ സന്തർശകനുമാകും.
മരണമണിയുടെ താളത്തിൽ
അത് താരാട്ടു പാടും
ഒടുക്കം അത്
ജീവനറ്റ കോടി മനുഷ്യരുടെ
ആത്മാവാകും