കണ്ടുകണ്ടോരോ
മരം കണ്ടുകണ്ടുഞാൻ…
കണ്ടതേയില്ലയ
ക്കാടു തെല്ലും…!
തുള്ളികൾ തുള്ളിക
ളത്രേ! നനഞ്ഞു ഞാൻ
കൊണ്ടതേയില്ലാ
മഴയൊരൽപം…!
ഓരോ തിരകളാ
യെണ്ണിയിരിക്കെ ഞാ
നോമനിച്ചീലാ
കടൽ സുഗന്ധം…!
രാവിലെ താരങ്ങൾ
നോക്കിയിരിക്കയാൽ…
യാമിനിച്ചന്തം
നുകുർന്നതില്ല…!
ഭിന്ന സുമഗന്ധ
സമ്മിശ്ര വായുവിൽ
വല്ലാതെയാലസ്യ
മാണ്ടുപോകെ…
തെല്ലറിഞ്ഞീല ഞാൻ
നല്ലിളം കാറ്റുവ
ന്നെന്നെത്തലോടിയ
തൊട്ടുനേരം….!
കുന്നുകയറുമ്പോൾ…
മുള്ളുകൾ പൂവുകൾ
തള്ളിക്കയറി
വഴി തടുക്കെ…
കണ്ടില്ല മാമല
തൻ ഗൗരവാഢ്യമാം
വല്ലാത്ത നിൽപും
തലയെടുപ്പും…!
പൂത്തമരച്ചോട്ടി
ലോർത്തു ഞാനായിരം
വാർത്തകളെച്ചേർത്തു
നിൽക്കയാലേ…
പൂമഴയേറ്റു കുതിർന്നതേ
യില്ല ഞാൻ…
പൂമണമൽപം
നുണഞ്ഞതില്ല…!
കെട്ടിച്ചുമന്നു
നടന്ന പാഥേയത്തി
ന്നുപ്പു നോക്കീലാ
തിരക്കു മൂലം…!
നാളുകൾ തൻ ചവർ
പ്പൂറ്റിക്കുടിക്കവേ…
മോന്തീല ജീവിത
-പ്പാനപാത്രം….!