മരം

മാറുമ്പോൾ മരമായാൽ
മതിയെങ്കിൽ
വേരുകളെ ആഴത്തിലാഴ്ത്തുക.
പിന്നെ കാറ്റിനോടിടഞ്ഞ് ചില്ലകളെ വരുതിയിലാക്കാനും,
വെയിലിൽ തിളങ്ങാനും,
മഴയിൽ തളിർക്കാനും,
ശൈത്യത്തിൽ കുളിരാനും,
ഗ്രീഷ്മത്തിൽ പൊഴിയാനും,
താനേ പഠിക്കും.

പൂക്കളും പഴങ്ങളും വിരുന്നെത്തുന്നവർക്കും
ഇലകളല്ലാം മണ്ണിനും
വീതിച്ചു നല്കുക.

ചില്ലകളിൽ ഊഞ്ഞാലാടാനും,
തണലുതേടിയും കുഞ്ഞുങ്ങൾ വരും.
അരുമയോടവർക്ക് കാവലാകുക.

കുറേക്കഴിയുമ്പോൾ
തായ്ത്തടി മുറിച്ചുമാറ്റാൻ
മനുഷ്യർ വരും.
പുതുക്കിപണിഞ്ഞ് ,
കട്ടിലോ മേശയോ
കഴുക്കോലോ വാതിലോ കസേരയോ,
തരം പോലെയാകാം.
എങ്കിലും സാരമില്ല
കുറേനാൾക്കൂടി ജീവനില്ലെങ്കിലും ജീവിക്കാമല്ലോ.

മനുഷ്യനായിരുന്നെങ്കിൽ
മണ്ണിനടിയിലും ചീഞ്ഞുനാറും.
അതെ,
മാറുന്നെങ്കിൽ മരമാകുന്നതു തന്നെയാണ് നല്ലത്.

ആലപ്പുഴ സെൻറ് മേരീസ് ആർ. സി. സ്ക്കൂളിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകളും പുസ്തകക്കുറിപ്പുകളും എഴുതാറുണ്ട്