മനുഷ്യനെ മനുഷ്യനോട്‌ ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ

“എന്റെ പേര് മനുഷ്യൻ” എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് “രണ്ട് നീലമത്സ്യങ്ങൾ” എന്ന് പറയാം. നിരവധിയായ വിഷയങ്ങളെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ, നീലമത്‍സ്യങ്ങളുടെ സൗന്ദര്യാവിഷ്കാരമായി നമുക്കുമുന്നിലേക്ക് ഒഴുക്കിവിടുകയാണ് ശ്രീ. ഷാബു കിളിത്തട്ടിൽ.

പ്രണയവും വിരഹവും തീവ്രവാദവും ഭരണകൂട ഭീകരതയും ഉൾപ്പെടെയുള്ള ആവർത്തനങ്ങളുടെ ചങ്ങലക്കെട്ടുകളിൽ തളച്ചിടാതെ, ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിലൂടെ വായനക്കാരെ കൊണ്ടുപോകുന്നതിൽ ഈ നോവൽ വിജയിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ വായനക്കാരോട് വരികളിൽ നിന്നും ഇറങ്ങിവന്ന് സംവദിക്കുന്നുണ്ട്. മാത്രമല്ല, കഥയേയും കഥാപാത്രങ്ങളേയും വ്യത്യസ്ത കോണുകളിൽ നിന്ന് വീക്ഷിക്കുവാനുള്ള അവസരമൊരുക്കി നൽകുന്ന കാലികമായ ഉത്തരവാദിത്തം കൂടി നിറവേറ്റുന്ന ഒരു നോവലായി “രണ്ടു നീലമത്‍സ്യങ്ങൾ’ രൂപാന്തരം പ്രാപിക്കുന്നു.

നിരന്തരമായ കടുത്ത ജീവിത സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന അൻവർ, അയാളുടെ ജീവിതപങ്കാളി, നീലിമ, ഇവരുടെ ജീവിതജത്തിനിടയിലേക്ക് എവിടെ നിന്നോ കടന്നെത്തി, ദുരന്തനിമിഷങ്ങളിൽ താങ്ങായി മാറുന്ന മുനിയമ്മ എന്ന മുനീസ എന്നിവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മൂന്നുപേരും അതികഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് വൈകാരികത ഒട്ടും ചോരാതെ അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. മൂന്നുപേർക്കും അവരുടെ ഇടം (identity) കൃത്യമായി നോവലിൽ ലഭിക്കുന്നുമുണ്ട്.

അൻവർ എന്ന കഥാപാത്രം ജന്മംകൊണ്ടുതന്നെ സംശയത്തോടെ നിരീക്ഷിക്കപ്പെടാൻ ബാധ്യതയുള്ളവനാണ് എന്ന പൊതുബോധത്തിനുള്ളളിൽ അല്ലെങ്കിൽ പോതുബോധനിർമ്മിതിക്കിടയിൽ ജീവിക്കുന്ന സാധാരണ വായനക്കാരെ അഡ്രസ് ചെയ്യുന്നതരത്തിലാണ് ഈ നോവലിന്റെ കെട്ടും മട്ടും എന്ന് തോന്നാമെങ്കിലും മാറിയ കാലത്ത് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞുവയ്ക്കുന്നിടത്ത്, വലിയൊരു ക്യാൻവാസിലേക്ക് ഈ നോവലിനെ പറിച്ചുനടുവാനുള്ള ശ്രമമുണ്ട്. അത്‌ മുനിയമ്മയുടെ കദനകഥയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടുള്ള നീലിമയുടെ അതിജീവനത്തിലും മകനിലൂടെ അൻവറിന്റെ തുടർച്ചയിലും തെളിഞ്ഞുകാണാൻ സാധിക്കും. ഈ നോവൽ എന്താണോ പറയാൻ ആഗ്രഹിക്കുന്നത്, നോവലിന്റെ അവസാനഭാഗത്ത് ഒരൊറ്റ സംഭാഷണത്തിലൂടെ അൻവറിന്റെയും നീലിമയുടെയും മകൻ അത്‌ പറഞ്ഞുവയ്ക്കുന്നു.

ജന്മംകൊണ്ട്, ഒരാളെ സമൂഹം എങ്ങനെ തീവ്രവാദി അല്ലെങ്കിൽ ദേശദ്രോഹി എന്ന് ചാപ്പകുത്തുന്നുവെന്നതിന് സമൂഹത്തിൽ നമുക്ക് ഒരുപാട് ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിക്കും. ഭരണകൂടത്തിന്റെ സർവ്വാധികാര നിരീക്ഷണക്കുഴലുകളും പൊതുസമൂഹത്തിന്റെ ഭൂതക്കണ്ണാടികളും എങ്ങനെ ഒരാളെ വേട്ടയാടുന്നുവെന്നത് അൻവറിന്റെ ജീവിതത്തിലൂടെ വായിച്ചെടുക്കാൻ സാധിക്കും. ഈ നോവൽ വായിച്ചുതീരുമ്പോൾ, അൻവറിനെപ്പോലെ ജീവിച്ചുമരിച്ച എത്രയോ മനുഷ്യർ നമ്മുടെ ഓർമകളിലൂടെ കടന്നുപോയിട്ടുണ്ടാകും, തീർച്ച!

പതിനാറ് അധ്യായങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് അവസാനത്തെ അധ്യായത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അതിൽ കാണിച്ച അവധാനത വരികൾക്കിടയിലൂടെയുള്ള വായനയിൽ തിരിച്ചറിയാൻ സാധിക്കും. ഖാബീലും ഹാബീലും ചേർന്നുള്ള ഏറ്റുമുട്ടലുകളിലൂടെ നോവൽ അതിന്റെ ജൈവീകമായ കടമ നിർവഹിക്കുമ്പോഴും മറ്റൊരാധ്യായത്തിലേക്കുകൂടി കഥയെ കൊണ്ടുപോകുന്നത്, വായനക്കാരെ തെല്ലൊന്ന് അമ്പരപ്പിച്ചേക്കാം. നോവൽ, അതുവരെ കൈകാര്യംചെയ്ത വലിയ വിഷയത്തിൽ നിന്നും ഒരു പരിധിവരെ നോവലിൽ അപ്രധാനമെന്ന് കരുതാൻ സാധിക്കുന്ന മറ്റൊരു വിഷയത്തെയാണ് ആ അദ്ധ്യായത്തിലൂടെ ചർച്ചയ്ക്ക് വിധേയമാക്കുന്നത്.

ഈ നോവലിലെ ശക്തമായ ഒരു കഥാപാത്രമാണ് മുനിയമ്മ. അവരുടെ ജീവിതകഥ പറയുമ്പോൾ, ചെറുപ്രായത്തിൽ നഷ്ടപ്പെട്ട മകളുടെ വേദന വായനക്കാരുടെ കണ്ണ് നനയിക്കും. ആ വേദനയെന്നത്, സമൂഹത്തിന്റെ ആകെ വേദനയാണെന്ന എഴുത്തുകാരന്റെ നിരീക്ഷണമാണ് അവസാനത്തെ അധ്യായത്തിലൂടെ നമ്മോട് സംവദിക്കുന്നത് എന്ന് കാണാം.

നമ്മുടെ സമൂഹം എങ്ങനെയാണു ഭിന്നശേഷിക്കാരായ കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്ന വലിയൊരു ചോദ്യം ഈ അദ്ധ്യായത്തിലൂടെ തുറന്നുവിടുന്നുണ്ട് ശ്രീ ഷാബു കിളിത്തട്ടിൽ. ദാഹം, വിശപ്പ്, വിസർജനം പോലുള്ള കേവലമായ ജൈവിക ആവശ്യതകൾക്കപ്പുറം, ലൈംഗികത ഉൾപ്പെടെയുള്ള സ്വാഭാവിക ജൈവ പ്രക്രിയകളെ പഠിക്കുവാൻ നമ്മുടെ സമൂഹം എത്രകണ്ട് വളർന്നിട്ടുണ്ട് എന്നതാണത്.

മുനിയമ്മയുടെ അസ്തിത്വത്തെ വഴിയിലൂപേക്ഷിക്കാതെ, നീലിമയുടെ അതിജീവനത്തിന്റെ ചിത്രം വരച്ചുവച്ച്, അൻവറിന്റെ മകനിലൂടെ നോവലിന്റെ അസ്തിത്വം പ്രകടമാക്കിക്കൊണ്ട്, തന്റെ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കാനുള്ള ഉയർന്നബോധം നോവലിസ്റ്റ് ഇവിടെ പ്രകടമാക്കുന്നുണ്ട്. ഭരണകൂടഭീകരതയും ഭീകര(തീവ്ര)വാദവും ഒരുപോലെ മുന്നോട്ടുവയ്ക്കുമ്പോഴും ഭിന്നശേഷിക്കാരെ, കാലത്തിന്നുസരിച്ച് പഠിക്കുകയും പരിഗണിക്കുകയും ചെയേണ്ടതിന്റെ ആവശ്യകത പറഞ്ഞുവയ്ക്കുന്ന ഒരു നോവൽകൂടിയായി “രണ്ടു നീലമത്‍സ്യങ്ങൾ” ചിറകുകൾ വിടർത്തി നീന്തിത്തുടിക്കുന്നുണ്ട്.

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.