മന’പ്പാടം’

മനസ്സൊരു പാടമാകുന്നു..
അവിടം കൊയ്തെടുക്കുന്നതോ
വികാരങ്ങളാം നെന്മണികളും..

ചിലനേരം ആഹ്ലാദത്തിൻ
സുവർണ്ണരശ്മികൾ-
നിറം വിതിർക്കും
സുവർണ്ണമണികൾ..
മറ്റുചിലപ്പോൾ ക്രോധത്തിൻ
വരണ്ട തരികൾ..

കനത്ത ചവർപ്പിൽ
കാർക്കിച്ചു തുപ്പാനാവാതെ
ചവച്ചിറക്കിയ സങ്കടക്കതിരുകൾ,
ഉള്ളുപൊള്ളിക്കും കാഠിന്യത്താൽ-
തൊണ്ട തൊടാതെ
വിഴുങ്ങേണ്ടിവന്ന മറ്റുചിലത്
നനുത്ത തെന്നൽ പോലുളളം
കുളിർപ്പിച്ച വേറെ പലത്

കടിച്ചാൽ പൊട്ടാത്ത
കടങ്കഥ പോൽ ജീവിതം
ത്രിശങ്കുവേറ്റുന്നൊരു കൂട്ടം..
എല്ലാം വിളവെടുക്കുന്നത്
അതേ പാടത്തിൽ..

ജീവിതമാകുന്ന
ആകാശത്തിൻകീഴേ
മറ്റാരെല്ലാമോ വളമിടുന്നു,
മഴ പെയ്യിക്കുന്നതും
അവർ തന്നെ..
അശ്രാന്തമായൊഴുകും
പുഴയുടെ കരയിൽ
പാടം പല നിറങ്ങളിൽ
പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു..

കവി, അധ്യാപകൻ. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. നിരവധി കവിത പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.