മധു പറഞ്ഞത്..
നെഞ്ചകം പൊട്ടിയൊലിച്ചൂ
ചെരാതിലെ ഇത്തിരി വെട്ടത്തിൽ
സൂര്യന്റെ കയ്യൊന്നു പൊള്ളീ
മേലാകെ കത്തിപ്പടരും വിശപ്പിന്റെ
ഭ്രാന്തൻച്ചുഴിയിൽ
പടർന്നലറിയിടനെഞ്ചിൽ
ബലാതിബല മന്ത്രം മരിച്ചൂ *
ഇതാ
മാടി മാടി വിളിക്കുന്നു
കാലസൂത്രം**
കണ്ണിലന്ധകൂപം***
ചുടലപ്പറമ്പിലേക്കിഴഞ്ഞു
നീങ്ങാമിനി ഞാനും
എന്റെ രേതസ്സുമാത്മപ്രകാശവും
എല്ലാം പൊറുക്കണേ തമ്പ്രാക്കളെ …
മധുവിനോട്…
കൊന്നു തള്ളാമിനി
കാവിലെ വിളക്കൂതിക്കെടുത്താം
വെട്ടിത്തിരുത്താം നിന്റെ തലക്കുറി
കൈകേയിമാരല്ലൊ ഞങ്ങൾ
മധുവൂറും ജന്മങ്ങൾ വേണ്ടിവിടം
ഞങ്ങടെ രാമരാജ്യം വരുന്നൂ
നാടിൻ വിളക്കുമായ്
മന്ഥര മുന്നിൽ
അവളുടെ കണ്ണിൽ ചെങ്കോൽ
വാക്കിൽ
വെള്ളി കെട്ടി എണ്ണ തേച്ചു
മിനുക്കിയെടുത്തൊരു
വള്ളിച്ചൂരൽ
മേലാകെ ധാർഷ്ട്യത്തിൻ ഭാരം
ഭാരതവർഷത്തിൻ സ്വപ്നം…
ഞങ്ങടെ ഊഴം തെളിഞ്ഞുവല്ലോ
നാടുവാഴാമിനി ഞങ്ങൾ
ചാത്തൻ സേവ തുടങ്ങാം
പാദുകമില്ലാതെ, വൈദേഹിയില്ലാതെ
നീയൊടുങ്ങട്ടെയീ കാട്ടിൽ!
കുറിപ്പ് – അവൻ മധു. വിശന്നപ്പോൾ ഭക്ഷണം തിരഞ്ഞു വന്ന അവനെ ഞങ്ങൾ അടിച്ചു കൊന്നു. ഞാൻ, ഞാൻ മാത്രം മതി ഇവിടെ.
*ബല, അതിബല ഇവ വിശപ്പറിയാതെയിരിക്കാൻ രാമന് വിശ്വാമിത്ര മഹർഷി ഉപദേശിച്ചത്
**കാലസൂത്രം, പിതൃക്കളെയും ബ്രഹ്മജ്ഞാനം ഉള്ളവരെയും ധിക്കരിച്ചാൽ പോകുന്ന നരകം. വിശപ്പും ദാഹവും സഹിച്ചു കിഴുക്കാംതൂക്കായി കിടക്കണം. താഴെ അഗ്നി. പാപം തീരുന്നതു വരെയോ മരണം വരെയോ ശിക്ഷ അനുഭവിക്കണം.
*** അന്ധകൂപം, മറ്റൊരു നരകം. പാപികൾക്ക് ശ്വാസം മുട്ടി മരിക്കുവാനുള്ള കിണർ.