ഒഴുകിനടക്കുന്ന ഒരാൽമരവും ഒപ്പമുള്ളൊരു വനകന്യകയും തീർക്കുന്ന കാല്പനികതയുടെ കന്യാവങ്ങളിലേക്കു വരൂ. കഥയും കവിതയും ചമയ്ക്കുന്ന, ആലാപനവും അവതരണവും അരങ്ങിലെത്തുന്ന സൗഹൃദങ്ങളുടെ സാഹോദര്യത്തിലേക്ക് കുട്ടികൾക്ക് ഒത്തുചേരാൻ ഇനി നമുക്കുണ്ട് മധുരം ഗായതി. തസറാക്.കോം ആരംഭിച്ച കുട്ടികളുടെ കൂട്ടായ്മയാണ് മധുരം ഗായതി. പ്ലസ് ടു വരെയുള്ള കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ തസറാക്.കോം ൽ മധുരം ഗായതി എന്ന വെബ് പേജ് ആരംഭിച്ചിട്ടുമുണ്ട്.
റാക്ക് തമാം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എസ്. ഗോപാലകൃഷ്ണൻ മധുരം ഗായതി ഉദ്ഘാടനം ചെയ്തു. ഗലേറിയ മേധാവിയും തസറാക്.കോം മാനേജിംഗ് എഡിറ്ററുമായ മനോജ് കളമ്പൂര് അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി റോയ് നെല്ലികോട് മധുരംഗായതി എങ്ങനെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താം എങ്ങനെ പ്രവർത്തിക്കും എന്നീ കാര്യങ്ങൾ വിശദമാക്കി. സ്വന്തം മലയാളക്കരയിൽ നിന്ന് അകന്ന് കഴിയുന്ന നമ്മുടെ കുട്ടികൾക്ക് എഴുത്തിലും വായനയിലും താല്പര്യം വളർത്തുക എന്നതിനാണ് മധുരം ഗായതി എന്ന പേരിൽ തസറാക്.കോം ഇങ്ങനെയൊരു പുതിയ സംരംഭം കൂടി തുടങ്ങുന്നതിന്റെ ലക്ഷ്യം.
വായനയും എഴുത്തും മാത്രമല്ല നമ്മുടെ കുട്ടികളിൽ മറ്റനവധി കഴിവുകൾ കൂടി അന്തർലീനമായിട്ടുണ്ട്. ചിത്രം വരയ്ക്കാൻ, കവിതചൊല്ലാനും പാട്ടുപാടാനും നൃത്തം ചെയ്യാനും കഴിവുള്ളവർ അനവധിയാണ്. പരിപാടികൾ സംഘടിപ്പിക്കാനും നടപ്പിലാക്കാനും നേതൃപാടവം ഉള്ള കുട്ടികളും സാമൂഹിക സേവനത്തിൽ തല്പരരായവരും ഉണ്ട്. ഭാവിൽ ആരാകണം എന്ന മുൻനിശ്ചയ പ്രകാരം അത് ലക്ഷ്യം വച്ച് പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്ന കുട്ടികളും ഉണ്ട്.
ഇത്തരക്കാർക്കെല്ലാം അവരവരുടെ കഴിവുകളും ലക്ഷ്യം നേടാനുള്ള പരിശ്രമങ്ങളും കൂടുതൽ മികച്ചതാകാൻ ഒരു വേദിയാണ് തസറാക് മധുരം ഗായതി. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓരോ കുട്ടിയും വളർന്നു വലുതായി ആഗ്രഹത്തിനൊത്ത ഒരു ജീവിതം സ്വന്തമാക്കുമ്പോൾ മധുരമുള്ള ഒരോർമ്മയായി തീരും വിധമാകും തസറാക് മധുരം ഗായതി പ്രവർത്തിക്കുക.
മധുരം ഗായതിയുടെ റാസല്‍ഖൈമ രക്ഷാധികാരിയായി രഘുനന്ദനന് മാഷിനെയും യൂണിറ്റ് സാരഥികളായി അനുശ്രീ, നസ്രാന നസീര്‍, നോയല്‍ ടി ഷിബു, സൗരവ് ശിവപ്രസാദ്, ശ്രീനന്ദന്. കെ എന്നിവരെയും തിരഞ്ഞെടുത്തു.
അജ്മാൻ ഹാബിറ്റാറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജീവ് കുമാര്‍, കവി രാജേഷ് ചിത്തിര, റാക്ക് ഐ ആര് സി സെക്രട്ടറി അഡ്വ. നജുമുദീന്, കഥാകൃത്ത് സി.പി.അനിൽ കുമാർ, മധുരം ഗായതി യു.എ.ഇ. കോര്‍ഡിനേറ്റര്‍ സര്‍ഗ്ഗ റോയ്, തസറാക്. കോം ബിസിനസ് ഹെഡ് ബിനു ബാലന് എന്നിവര്‍ പ്രസംഗിച്ചു. രശ്മി രവീന്ദ്രന് അവതാരകയായിരുന്നു.
തസറാക് സാഹിത്യോത്സവത്തോടനുബന്ധിച്ചു കുട്ടികള്‍ക്കായി നടത്തിയ സാഹിത്യ കളരിയില്‍ കഥ, കവിത വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായവരെ മുരളി മാഷ് പ്രഖ്യാപിച്ചു. അവര്‍ക്കുള്ള പുരസ്ക്കാരങ്ങളും സമ്മാനിച്ചു.
യുഎഇ യിലെ എല്ലാ എമിറേറ്റുകളിലും അൽ ഐനിലും തസറാക് മധുരം ഗായതി കൂട്ടായ്മകൾ നിലവിൽ വരും. ഓരോ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കൂട്ടായ്മയാണ് രൂപം കൊള്ളുന്നത്. ആശയവിനിമയത്തിന്റെ സൗകര്യത്തിനായി അംഗങ്ങളായ ഓരോകുട്ടികളും ക്രമം അനുസരിച്ച് കൺവീനർമാരായി പ്രവർത്തിക്കും. അതിൽ മികവ് പുലർത്തുന്നവരെ ഉൾപ്പെടുത്തി യുഎഇ തലത്തിലുള്ള കുട്ടികളുടെ നേതൃസംഘവും ഉണ്ടാകും. അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഒരു കൂട്ടമായിരിക്കും അദ്ധ്യാപകർക്കും കുട്ടികൾക്കുമിടയിലെ കണ്ണിയായി പ്രവർത്തിക്കുക.
കുട്ടികളിൽ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കത്തോടൊപ്പം അവരുടെ നല്ല രചനകൾ തസറാക് മധുരം ഗായതി വെബ് പേജിൽ പ്രസിദ്ധീകരിക്കും. editor@thasrak.com എന്ന ഇ മെയിലിലേക്ക് രചനകൾ അയക്കാം. ഫോട്ടോയും പേരും സ്കൂളിന്റെ പേരും ക്ലാസും സ്വദേശവും രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും ഒപ്പം ഉണ്ടായിരിക്കണം.
നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിൽ മേഖലകളിൽ താല്പര്യമുള്ള കുട്ടികൾക്ക് പൊതുവേദിയിൽ പരിപാടി അവതരിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതാണ്. വ്യക്തിത്വ വികസനം, നേതൃത്തപാടവം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും നൽകും. പ്രമുഖ സാഹിത്യകാരൻമാർ, സിവിൽ സർവീസ് മേധാവികൾ അടക്കമുള്ളവരാണ് ഇവയ്ക്കെല്ലാം നേതൃത്ത്വം നൽകുക.
വിദ്യാരംഭ ദിവസമാണ് തസറാക് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആറു മാസത്തിനുള്ളിൽ ഒരുദിവസം നീണ്ടു നിൽക്കുന്ന തസറാക് സാഹിത്യോത്സവം അരങ്ങേറി. അടുത്ത മൂന്നു മാസം തികയും മുൻപേ തസറാക് മധുരം ഗായതിയും. പ്രസിദ്ധീകരിച്ച കഥകളും കവിതകളും കേൾക്കാൻ സൗകര്യമുള്ള തസറാക് ഓഡിയോ ബുക്കും തസറാക് ഇ മാഗസിനും പ്രതേകതകളാണ്.
ദിനംപ്രതി നാൽപ്പത്തിനായിരത്തിൽ അധികം സ്ഥിരം വായനക്കാരാണ് തസറാക്.കോം ന് ഉള്ളത്. നേരിട്ട് വെബ്സൈറ്റിലും തസറാക്കിന്റെ ഫേസ്ബുക്ക് പേജുവഴിയും വാട്സ്ആപ് ഗ്രൂപ് വഴിയും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും കൂടുതൽ വായനക്കാരിലേക്ക് എത്തിയ ആദ്യ ഓൺലൈൻ പ്രസിദ്ധീകരണമാണ് തസറാക്.കോം.