
ഒരുകാലത്തഖണ്ഡഭാരതത്തിൽ നമ്മൾ
ഒരുമതൻ പെരുമയിൽ കഴിഞ്ഞതല്ലേ?
ഒടുവിലായവരെത്തി ഭരിച്ചുനമ്മേ
ഒരുമയെത്തകർത്തു മതവിഷംചുരത്തി
പരശതം വർഷങ്ങൾ ജന്മദേശത്തിൽ
പാരതന്ത്ര്യ കയ്പ്പുനീരു കുടിച്ചടിമകളായ്
പരമസ്വാതന്ത്ര്യത്തിനായിപ്പോരടിച്ചു നാം
പകരമോ ലഭിച്ചഖണ്ഡത വിണ്ടുകീറിപ്പോയ്
വിശ്വമാകെയുദ്ധഭേരി മുഴങ്ങിടുന്നിതാ
വിശ്വശാന്തിക്കായിറങ്ങാൻ സമയമൊട്ടില്ല
വിടരുംമുൻപനവധി ശിശുക്കൾ നിത്യം
വീണുമണ്ണിൽ പിടയിന്നു വിചിത്രം തന്നെ.
വെറുപ്പിന്റെ കരിമ്പടം പുതച്ചൂ മതം
നിറതോക്കിൻകുഴലുമായടുത്തെത്തുന്നൂ
നെറുകയിൽ വെടിയുണ്ട തറച്ചീടുമ്പോൾ
പറയുന്നു മതം വീണ്ടും വിജയിച്ചെന്ന്
കളത്രത്തിൻ കരംപിടിച്ചരുമയോടെ
കമനീയസ്ഥലം കണ്ടുരസിക്കുന്നേരം
കലിതുള്ളിയടുക്കുന്നു നരാധമന്മാർ
കരൾ പറിച്ചെറിയുന്നു കനിവില്ലാതെ
മദംപൊട്ടിക്കരിവീരനലറുംപോലേ
മതംചോദിച്ചടുക്കുന്നു നികൃഷ്ടജന്മം
മതിഭ്രമം, തുടൽ പൊട്ടിച്ചടുക്കുന്നവർ
മനസാക്ഷി മരവിച്ച മതഭ്രാന്തന്മാർ
അടിവസ്ത്രമഴിച്ചവരതിന്മേൽനോക്കി
അടയാളംകാണാതെ വെടിയുതിർത്തു
അമൂല്യമാം മതഗ്രന്ഥപ്പൊരുൾ ചൊല്ലുവാൻ
അറിയാത്തവർ തലപൊട്ടിച്ചിതറിവീണു.
മതം പെറ്റ വിദ്വേഷം വളർന്നീടുന്നൂ
മതംകണ്ണിൽ തിമിരാന്ധതപടർത്തീടുന്നൂ
മനുഷ്യാ നീ മതങ്ങളെ സൃഷ്ടിച്ചെങ്കിൽ
മതം നിന്നെത്തകർത്തീടുമതുനിശ്ചയം
ഉറക്കംവിട്ടുണരുവാൻ സമയമായി
ഉണർത്തുപാട്ടതിൽ സ്നേഹം നിറഞ്ഞീടട്ടെ
ഉന്മാദം മനസ്സിൽനിന്നകന്നീടട്ടെ
ഉലകത്തിൽ സ്നേഹപ്പൂ വിരിഞ്ഞീടട്ടെ
