മണം

പട്ടരുടെ ഷാപ്പിലേ പട്ടച്ചാരായത്തിൻ്റെ
കറക്കുന്ന
വെറുക്കുന്ന
മണമായിരുന്നു മാമന്.

മാമിയുടെ മാറിലും
മടിപ്പാടിലും
മാമൻ്റെ കാൽപ്പാടിലെ
മണ്ണിൻ്റെ മണമായിരുന്നു.

രാത്രി,
ഏറെ വൈകിയെത്തുന്ന മാമൻ്റെ
പുളിക്കുന്ന തെറിമണം കേട്ടുണരാത്ത
ഒരു രാത്രി പോലുമുണ്ടായിരുന്നില്ല,
മാമൻ്റെ മണമുള്ള
മൂന്ന് പെൺകുഞ്ഞുങ്ങൾക്കും.

എങ്കിലും,
മാമനെപ്പോഴും അവരിലെ മണം
ചായക്കടക്കാരൻ കുട്ടൻ കൊച്ചാട്ടന്റെയും,
മുട്ടക്കച്ചവടക്കാരൻ അവറാച്ചായന്റെയും,
മീങ്കാരൻ ഉസ്മാൻ കാക്കാൻറേതുമെന്ന്
മണത്തറിഞ്ഞത്രേ.

കണ്ണുനീരിൻ മണംകുതിർന്ന
നാലുവരി പച്ചമൺകട്ടയും
മുകളിലൊരോല മറയും
തീർത്തൊരൊറ്റ മുറിപ്പുരയുടെ
മൂലക്കലെന്നും
മൂന്ന് പെൺകുഞ്ഞുങ്ങൾ
മണമില്ലാതെ മറയില്ലാതെ
പരസ്പരം പുതപ്പായ്
വിശപ്പ് മണത്തുറങ്ങിപ്പോയി.

കടിച്ച് തിന്നശേഷം
വലിച്ചെറിഞ്ഞോരുടൽ
തോല് പോലെ മാമിയപ്പോഴും
ചാണകത്തറയിലെ
മാമൻ്റെ ശുക്ലത്തിൽ
മലർന്നു കിടന്നിരുന്നു.
മണവും മറയുമില്ലാതെ.

പുരയ്ക്കൊത്ത നടുക്കായ്
കമിഴ്ന്നു കിടന്നിരുന്ന
മാമൻ്റെ കൂടൽ
പുറത്തേക്ക് തള്ളി.
ഷാപ്പിലെ നെമ്മീൻകറിയും,
വേവിച്ചചീനിയും,
പട്ടച്ചാരായവും.
മാമിയുടെ ആർത്തവച്ചോരയും
കുഴഞ്ഞൊരാ ഛർദ്ദിൽ മണം
കുടൽ കത്തുന്നൊരെൻ
മണത്തെപ്പുണർന്നു.

ചവിട്ടു പാടിൽ നിന്നെഴുന്നേൽക്കാനാകാതെ
പുരക്ക് മൂലയിൽ
ചോരമണത്തിലൊട്ടിക്കിടന്ന്
മാമിതൻ ചുണ്ടൊന്നനങ്ങി.

മാമനുലച്ചിട്ട ഛർദ്ദിലൊന്നെടുത്തെറിഞ്ഞേക്കുക
പുറത്തിരുൾ മരണത്തിലേക്ക്.
ശേഷം, നീയെടുത്തോളുക
തുടുത്ത നെമ്മീനിൻ തലയും വാലും.

മരിച്ച കണ്ണിനാൽ തുറിച്ചുനോക്കുന്ന
മുഴുത്ത നെമ്മീനിൻ കറിക്ക്തൊണ്ടയിൽ
കുരുത്ത മോഹവും
കരിഞ്ഞ പള്ളതൻ
കറുത്ത വേവലിൻ
തിടുക്കമോടെ ഞാൻ
ഇരുകരങ്ങളാൽ കോരിയെടുത്തുടൽ കറക്കുമീ മണം
കുഴഞ്ഞൊരാ ഛർദ്ദിൽ.

ഇടയ്ക്കതാ കിടക്കുന്നു
നെമ്മീനിൻ നടുത്തുണ്ടം.
ചിറകും പണ്ടവുമില്ലാതെ !
വാലും തലയും വേർപെട്ടോരുടലിലപ്പോഴും
മണക്കുന്നുണ്ട് മരണത്തിൻ മണം !!

കാലമേറെ കഴുകിക്കളഞ്ഞെങ്കിലും ഇന്നും
എൻ കൈകളിൽ മണക്കുന്നുണ്ട്
ആ മണം !!

നിർമ്മാണമേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. കഥയും കവിതയും എഴുതാറുണ്ട്. "വെളിച്ചപ്പാടിൻ്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും" "കോന്ദ്ര" എന്നീ രണ്ട് കഥാസമാഹാരങ്ങൾ പുറത്തിറക്കി.