തൃപ്തമാം മാനസമൊട്ടുമില്ലാതെ
തപ്തശരീരമശേഷമില്ലാതെ
സന്നാഭ സന്നിഭ ജന്മമുപേക്ഷിച്ച്
സന്താപമോടെ മടക്കം നിനയ്ക്കുന്നു.
നിർവൃതി പുൽകും പുലരികളില്ലാ
നിത്യസ്മൃതി നിദാനങ്ങളില്ല
ചഞ്ചലമാനസ ചിന്താകുലങ്ങളാൽ
അഞ്ചെഴും വാസരാന്തങ്ങളില്ലാതെയായ്.
ചിത്തം നിറയുന്ന നിർവ്വികാരേച്ഛകൾ
ചിന്തകളിലില്ലാതെ കാലം കൊഴിയുന്നു
മദ്ധ്യാഹ്നമായെന്നുറക്കെയുണർത്തുന്നു
മത്സരിച്ചെത്തും ജരാനരകൾ.
കെട്ടുപോയെന്നിലെ ആത്മവിശ്വാസങ്ങൾ
കെട്ടണച്ചു ബാല്യകാല സ്മൃതികളാൽ
ഭൂതിമത്തായൊരു ജീവിതമേറുവാൻ
ബാല്യമെനിക്കിനി ബാക്കിയില്ലവനിയിൽ.
എത്തുമിനിയുമൊരിക്കലീയവനിയിൽ
എത്താത്തനുഭവപ്പെയ്ത്തിൽ നനഞ്ഞിടും
ധീരമായ് നേരിനെ നോക്കി നടന്നിടും
ധരണിക്കൊരു ചോലമരമായി മാറിടും.