ഇന്ത്യന്‍ സാഹിത്യത്തില്‍ ഒട്ടനവധി നല്ല വര്‍ക്കുകളുണ്ട് എങ്കിലും അവയെല്ലാം മലയാളിക്ക് വായിക്കുവാന്‍ ഉള്ള ഭാഗ്യം ലഭ്യമായിട്ടില്ല. ചുരുക്കം ചിലരുടെ പ്രയത്നഫലമായി വളരെ കുറച്ചു മാത്രമാണു ലഭ്യം. ഭാരതീയ സാഹിത്യത്തില്‍ പ്രധാനമായി അറിയപ്പെടുന്നത് മലയാളം, തമിഴ്, ഒറിയ, ബംഗള, ഹിന്ദി ഭാഷകളിലെ എഴുത്തുകള്‍ ആണ് . അവ തന്നെ വളരെ കുറവാണെങ്കിലും. ഭാഷയുടെ പ്രത്യേകതകള്‍ കൊണ്ടും അവ അറിവുള്ളവരുടെ , പ്രത്യേകിച്ചും അവയെ വിവര്‍ത്തനം ചെയ്യാന്‍ തക്ക കഴിവുള്ളവരുടെ എണ്ണം കുറവായതിനാലും അത് വളരെ കുറഞ്ഞു തന്നെ നില്ക്കുന്നു . ആധുനിക സാഹിത്യരംഗത്ത് പ്രത്യേകിച്ചും മലയാള സാഹിത്യകാരന്മാരില് ഇന്നങ്ങനെ ഒരു ത്വരയോ ശ്രമമോ ഇല്ലാതെപോകുന്നുണ്ട് . സ്വന്തം രചനകളെ കൂടുതല്‍ പേരില്‍ എത്തിക്കുക , കഴിയുന്നിടത്തോളം സ്വന്തം കൃതികള്‍ വരിക , വരുന്നവയ്ക്ക് എത്ര എഡിഷന് ഉണ്ടാക്കാന്‍ കഴിയുമോ അത്രയും എഡിഷന് ഉണ്ടാക്കുക അവയ്ക്കൊക്കെ പ്രകാശനം സംഘടിപ്പിക്കുക എന്നിങ്ങനെ ഉള്ള വ്യായാമങ്ങളില്‍ ആണല്ലോ അവരില്‍ പലരും. ഇതിനിടയ്ക്ക് മലയാളത്തിലെ പോലും ഒരു കൃതി മറ്റൊരാളിന്റെ വായിക്കാന്‍ അവര്‍ക്ക് സമയം ഉണ്ടാകാറില്ല. അടുത്ത കൂട്ടുകാരോ , പ്രശസ്തരായ എഴുത്തുകാരോ ഉണ്ടെങ്കില്‍ അവരുടെ പ്രീതിക്ക് വേണ്ടി അവരുടെ പുസ്തകം എടുത്തു ഒരു ഓടിച്ചു വായന നടത്തിയോ നെറ്റില്‍ നിന്നും കിട്ടുന്ന ആസ്വാദനങ്ങള്‍ നോക്കി ഒരു കുറിപ്പും ഒരു പുസ്തക പുറംചട്ട കാണുന്ന വിധത്തില്‍ വായിക്കുന്ന ഒരു സെല്‍ഫിയുമൊക്കെയായി തങ്ങളുടെ ധൈഷണികത പ്രകടിപ്പിക്കുകയാണ് പലരുമെന്ന് കാണുന്നുണ്ട് . എന്തിനേറെപ്പറയുന്നു സ്വന്തം പുസ്തകത്തിലെ എന്തെങ്കിലും ഒരു സംശയം എഴുത്തുകാരനോടു ചോദിച്ചാല്‍ അത് ഞാന്‍ എഴുതിയത് തന്നെയോ എന്നതിശയം കൂറുന്ന വിധത്തില്‍ നവ സാഹിത്യം വികസിച്ചിരിക്കുകയാണല്ലോ. പഴയകാല മലയാള സാഹിത്യം വളരെ പ്രധാനമായും വായനയുടെ വസന്തത്തെ പ്രോജ്വലിപ്പിച്ച കാലമായിരുന്നു . പ്രധാനപ്പെട്ട പല പ്രസാധകരും അന്നൊക്കെ അന്യഭാഷാ രചനകളെ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുവാന്‍ വളരെ വലിയ താത്പര്യം കാട്ടിയിരുന്നു എന്നു കാണാം . അതുകൊണ്ടു തന്നെ തുറന്ന വായനയും ചര്‍ച്ചയും സാഹിത്യഇടപെടലുകളുടെ ഊഷ്മളമായ ഒരു അന്തരീക്ഷവും ഇവിടെ നിലനിന്നിരുന്നു .
ഒഡിയ ഭാഷയിലെ ചുരുക്കം പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് ഉപേന്ദ്രകിശോര്‍ ദാസ്. അദ്ദേഹത്തിന്റെ ഒരു ചെറുനോവല്‍ ആണ് മങ്ങിയ നിലാവെളിച്ചം. ഈ പുസ്തകം വി ഡി കൃഷ്ണന് നമ്പ്യാര്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുകയുണ്ടായിട്ടുണ്ട് . 1928 ലെഴുതിയ ഈ നോവലിന്റെ ഉള്ളടക്കത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അന്നത്തെ ഒറീസ്സയുടെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലം കൂടി വെളിപ്പെടുകയാണ് ഇതില്‍ . പന്ത്രണ്ടു വയസ്സായ ഒരു പെണ്‍കുട്ടി. അവള് ഒരു ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചവള്‍ ആണ് . അവളുടെ വിവാഹവും തുടര്‍ന്നുള്ള ജീവിതത്തിന്റെയും പ്രശ്നങ്ങളെ ആണ് ഈ നോവലില്‍ വിവരിക്കുന്നത് . വിവാഹം എന്തെന്നറിയാത്ത പ്രായത്തില്‍ അച്ഛനോളം പ്രായമുള്ള വിഭാര്യനായ ഒരു മനുഷ്യന്റെ ഭാര്യയാകുക .. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തിന് ശേഷം പതിവ് ചടങ്ങുകള്‍ പോലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന അവളെ കാത്തിരിക്കുന്നത് ഭര്‍ത്താവിന്റെ പ്രേയസിയായ വേലക്കാരിയുടെ സ്വാര്‍ഥതയായിരുന്നു . വിവാഹബന്ധം എന്തെന്നറിയാത്ത ആ കുട്ടിക്ക് ആദ്യരാത്രിയെന്നത് തികച്ചും അപരിചിതമായിരുന്നതിനാൽത്തന്നെ അയാളുടെ ലൈംഗികമോഹങ്ങള്‍ക്ക് ഒരിയ്ക്കലും പൂര്‍ണ്ണത കിട്ടിയില്ല . ഒടുവിൽ, തിരക്കേറിയ ഒരു ക്ഷേത്രവളപ്പില്‍ കൌശലപൂര്‍വ്വം അവളെ ഉപേക്ഷിച്ചു അയാളും കാമുകിയും തിരിച്ചുപോകുന്നു . തന്റെ ഗ്രാമത്തിലെ , അയല്‍ക്കാരനായ യുവാവ് ആ സമയം അവളെ തിരഞ്ഞു അവിടെ എത്തിയതിനാല്‍ അവള്‍ക്ക് മറ്റപകടങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല . അയാള്‍ അവളുടെ കൂട്ടുകാരിയുടെ ചേട്ടനും അവളെ അഗാധമായ് സ്നേഹിക്കുന്ന ആളുമാണ് . അവിടെ നിന്നും അവളെ തിരികെ ഭർതൃഗൃഹത്തിൽ എത്തിക്കുന്നുവെങ്കിലും ഭര്‍ത്താവ് അവളെ അധിക്ഷേപിച്ച് തിരിച്ചയക്കുന്നു . അവിടെ നിന്നും അവളെ ആ യുവാവ് കട്ടക്കിലേക്ക് കൊണ്ട് പോകുന്നു . അവളുടെ അച്ഛനുമമ്മയും കോളറ മൂലം മരിച്ചു പോയിരുന്നു അതിനാല്‍ തന്നെ അയാൾക്കൊപ്പം അവള് തിരികെ നാട്ടിലേക്കു ചെന്നിട്ടും അയാളുടെ കൂടെ താമസിക്കേണ്ടി വരുന്നു . പക്ഷേ ഗ്രാമമാകെ അവളെ ഊരുവിലക്ക് നടത്തി ഒറ്റപ്പെടുത്തുമ്പോൾ, അവൾക്കൊപ്പം അയാളും സമൂഹത്തില്‍ നിന്നും ജാതിയില്‍ നിന്നും ഭ്രഷ്ടനാവും എന്നു കണ്ട ആ പെണ്‍കുട്ടി ഒറ്റയ്ക്ക് മരണത്തിലേക്ക് നടന്നു പോകുന്നതാണ് കഥ. ശൈശവ വിവാഹം , സമൂഹത്തിന്റെ സദാചാര കണ്ണുകള്‍ , ആര്‍ത്തിയും കാമവും, നിഷ്കാമ പ്രണയവും, ബന്ധങ്ങളുടെ ശൈഥില്യങ്ങള് തുടങ്ങിയവയ്ക്കൊപ്പം തന്നെ കോളറ , വസൂരി തുടങ്ങിയ മഹാ മാരികളുടെ വിവരണങ്ങളും കാലഘട്ടത്തിന്റെ ഓര്‍മ്മയും സംഭവങ്ങളുടെ സാക്ഷ്യവും ആകുന്നുണ്ട് . മികച്ച ഒരു നോവലായി ഇന്ന് ഇതിനെ കാണാന്‍ കഴിയില്ല എങ്കിലും ആ കാലഘട്ടത്തില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു നോവലാണിത് . വിവര്ത്തകന് തന്റേതായ കുറച്ചു കലാപരമായ ഇടപെടലുകള്‍ , കാഴ്ചപ്പാടുകള്‍ എന്നിവ ഇതില്‍ കടത്തിവിട്ടിട്ടുണ്ട് എന്നത് തോന്നിപ്പിക്കുന്നത് ഒരുപക്ഷേ വിവര്‍ത്തകന്റെ ശ്രമത്തിലെ ഒരു പോരായ്മയായി ഥോന്നിയേക്കാം. പക്ഷേ നോവലിന്റെ ഘടനയ്ക്കൊ ഇതിവൃത്തത്തിനോ അത് ഒരു പ്രശ്നമല്ല . മലയാളീകരണം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാം എന്നു സൂചിപ്പിച്ചു എന്നേയുള്ളൂ. ലളിതമായ ഭാഷ , വിവര്‍ത്തനം എന്നു തോന്നാത്ത വണ്ണം അതിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞു .
മങ്ങിയ നിലാവെളിച്ചം (നോവല്‍ )
ഉപേന്ദ്രകിശോര്‍ ദാസ്
വിവര്‍ത്തനം വി ഡി കൃഷ്ണന് നമ്പ്യാര്‍
നാഷണല്‍ ബുക്ക് ട്രസ്റ്റ്
വില : ₹ 27.00