പുറത്തെ ജാലക ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ക്കൊപ്പം ഉള്ളിലേക്കരിച്ചിറങ്ങുന്ന ഓര്‍മ്മകള്‍… അതുവരെ അവിടമാകെ നിറഞ്ഞുനിന്ന ആശുപത്രി ഗന്ധം പോലുമകന്ന് മെല്ലെ ഞാനും ഓര്‍മ്മകളിലേയ്ക്കൂളിയിട്ടു.
“ഓഹ് ഇനീപ്പോ ആ കറി ഒന്നിനും കൊള്ളില്ല്യ…. അച്ഛനിപ്പോ വരൂലോ ന്റെ ഈശ്വരാ… എന്നോടാവും മെക്കിട്ട് കേറാ….”
എന്താ പുകിലെന്നോര്‍ത്ത് തിരിഞ്ഞ് നോക്കുമ്പോള്‍ ചറപറാ ഓരോന്ന് പറഞ്ഞ് കൈകുടഞ്ഞ് പിറകില്‍
തന്നേണ്ട്… ‘അമ്മ’
എന്താ കാര്യം ന്ന് മനസ്സിലാവാതെ പതിഞ്ഞ ശബ്ദത്തില്‍ കഴിവതും വിനയം കലര്‍ത്തി ചോദിച്ചൂ….
“ന്താ ണ്ടായേ…”
“നിന്നോടാരാ ആ കറീലിപ്പോ അരപ്പൊഴിക്കാന്‍ പറഞ്ഞത്… ഇനിയാ കഷ്ണം വേവോ…”
“അതു വെന്തു… ഞാന്‍ നോക്കീട്ടാ. ഒഴിച്ചത്…” ഒന്നൂടി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞൊപ്പിച്ചു.
“ഉവ്വ്… ഞാനിപ്പോ നോക്കീട്ടല്ലേ പോയത്… അത് വെന്തേര്‍ന്നില്ല… പിന്നെ ഇതിങ്ങനെയൊന്നല്ല ഇവിടെ വയ്ക്കാ…”
“എങ്ങന്യാ വയ്ക്കണ്ടേന്ന് ചോദിച്ചപ്പോ അമ്മയല്ലെ പറഞ്ഞത് എന്റോടത്ത് വയ്ക്കണോണം വച്ചാ മതീന്ന്….” ഒച്ച പൊന്താതെ.. ഉടുപ്പില്‍ പറ്റിയ അരപ്പ് തട്ടിക്കളഞ്ഞ് പതിയെ പറഞ്ഞു.
പിന്നേയും എന്തൊക്കെയോ മുറുമുറുത്ത് അമ്മ പുറത്തേക്കു പോയി…
കടുകുപൊട്ടുന്നതിനൊപ്പം ആധിയും പെരുകി വന്നു… പുത്തനച്ചിയായി കയറി വന്നിട്ട് ആഴ്ച ഒന്നായിട്ടില്ല… “ഇനി എന്തൊക്കെയാ ഭഗവാനേ….!” എന്നു മനസ്സുകടഞ്ഞ് ‘കടുവറ’ കറിയിലേക്ക് പാകര്‍ന്നപ്പഴേക്കും അച്ഛന്റെ മുരടനക്കം കേട്ടു മുറ്റത്ത്.
തിക്കിതിരക്കി അമ്മ വന്ന് കടന്നലു കുത്തിയ ഭാവത്തോടെ ചോറും കറികളും വിളമ്പി ഉണ്ണാനിരുന്ന അച്ഛനുമുന്നില്‍ നിരത്തി. അമ്മയ്ക്കും വിളമ്പി, അച്ഛനരികെ പോയിരുന്നു.
ഭയം കൊണ്ട് അമ്മ വിളമ്പി വച്ചിരുന്ന പാത്രവുമെടുത്ത് അടുക്കള മൂലയിലെ അരിപ്പെട്ടിയിലേക്കമര്‍ന്നു. മിടിക്കുന്ന നെഞ്ചിലെ പടപടാ ശബ്ദത്തിനിടയിലും അപ്പുറത്തെന്തെങ്കിലും പൊട്ടിത്തെറിക്കുമോന്ന് ഭയന്ന് കാതു കൂര്‍പ്പിച്ചിരുന്നു.
കുറേ നേരത്തേക്ക് ഒന്നും കേട്ടില്ല….
സ്റ്റൂളുകള്‍ നിരങ്ങുന്ന ഒച്ചക്കിടയില്‍ അമ്മ പറയുന്ന കേട്ടു.
“ഇന്നവളാ കറികളൊക്കെ ഉണ്ടാക്കീതേ… ഞാന്‍ വന്ന് കാണണേന് മുന്നേ അരപ്പൊഴിച്ചാര്‍ന്നു….”
“കുഴപ്പോല്ല്യല്ലോ…”
അച്ഛന്റെ മറുപടിയില്‍ തരിച്ചിരിക്കുമ്പോ… കൈകഴുകി വെള്ളം കുടിക്കാനായി അച്ഛന്‍ അടുക്കളയിലേക്ക് കടന്നുവന്നു.
“എന്തേ ഇവിടെരിക്കണേ… ആ മേശപ്പുറത്തു വച്ചു കഴിച്ചൂടേ….”
അച്ഛന്റെ ചിരിക്കുന്ന മുഖവും ചോദ്യവും കേട്ടപ്പോള്‍ ഉള്ളൊന്നു തണുത്തു.
പാത്രം കഴുകണോടത്ത് തട്ടിപ്പിടഞ്ഞു വീഴണ പാത്രങ്ങളുടെ കലമ്പലീന്നൂഹിച്ചു അമ്മയും കേട്ടിരിയ്ക്കണൂ.
എന്തെങ്കിലും പറഞ്ഞുള്ള പതം പറച്ചില്‍ പിന്നീടങ്ങോട്ട് പതിവായി.
‘അരപ്പു പോരാ… പാല് തിളച്ചു തൂവി… തുടച്ചത് ശര്യായില്ല… എല്ലാറ്റിനുമൊടുവില്‍ ‘അച്ഛന്‍ വന്നാ എന്നോടാ ചോദിക്ക്യാ’ ന്നൊരു കൂട്ടി ചേര്‍ക്കലും…
പക്ഷെ അതു മാത്രം ഒരിക്കലുമുണ്ടായില്ല… അച്ഛനൊരിയ്ക്കലും ഒന്നും പറഞ്ഞ് അമ്മയെ കുറ്റപ്പെടുത്തിയില്ല.
ഓരോന്ന് പിറുപിറുത്ത് അമ്മ പിറകെ കൂടുമ്പോള്‍ ദോശയെ കൂടുതല്‍ പൊള്ളിച്ചും, കലക്കി വച്ച മാവ് ഒറ്റ നില്‍പ്പില്‍ ചുട്ടു തീര്‍ത്തും, അലക്കുകല്ലില്‍ ഓരോ തുണിയും ആവശ്യത്തിലധികം കൊട്ടിത്തീര്‍ത്തും, തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ ചവിട്ടിയില്‍ പലവട്ടം ചവിട്ടി തൂത്തും പ്രതികരിച്ചു. ഘോരഘോരം പ്രതിഷേധിച്ചു…, ഒറ്റയക്ഷരം പുറത്ത് വരാതെ.
എന്നിട്ടും തീരാതെ പലതും ഉള്ളില്‍ നുരഞ്ഞു പൊന്തുമ്പോഴൊക്കെ അടുക്കള മൂലയിലെ കൂജയില്‍ നിന്നൊരു കവിള്‍ തണുത്ത വെള്ളം…. ഇറക്കാതെ കവിള്‍കൊണ്ടങ്ങിനെ….
…………………………….
ഒരു നേരത്തും പണികളൊഴിഞ്ഞൊരു നേരണ്ടായില്ല. തനിച്ചെല്ലാം കാലാക്കി വച്ചാലും അമ്മ വന്നു വിളമ്പാതാരും ഉണ്ടില്ല. അതാണലിഖിത നിയമം…!
രാവിലെ പലഹാരങ്ങളെത്ര ചുട്ടുനിരത്തിയാലും എനിക്കു കഴിക്കാന്‍ നേരാവുമ്പഴേക്കും ഒഴിഞ്ഞ പാത്രങ്ങളാവും മുന്നില്‍…! രാവിലെ മുതലുള്ള പൊരിച്ചലൊന്നടങ്ങാതെ ഒരു ദിവസം മടിച്ച് മടിച്ച് കുറച്ചു ചോറുകൂടി ചോദിച്ചതിനുടന്‍ വന്നു മറുപടി…
“നീയ്യാ ഈ വീട്ടില്‍ ഏറ്റവുമധികം ചോറുണ്ണുന്നത്…”
അതോടെ നിറഞ്ഞു…!
അളവിനും അളവുകോലുകള്‍ക്കും പുറത്താണ് ചില ജീവിതങ്ങളെന്ന് മനസ്സില്‍ കുറിച്ചിട്ടു.
പിന്നെ പിന്നെ എത്ര വിശന്നാലും പിറുപിറുപ്പുകള്‍ അധികമാവുന്ന ചില ദിവസങ്ങളില്‍ ഉണ്ണാറാകുമ്പഴേക്കും പറയും…
“വല്ലാണ്ടെ തല വേദനിക്കുണൂ… ഊണ് വേണ്ട…”
ഉച്ചക്ക് അടുക്കളയിലെ പണിയൊന്നൊതുക്കി പൂമുഖത്തേക്ക് ചെല്ലുമ്പഴേക്കും ഏട്ടന്റനിയത്തീടെ ഇളയക്കുട്ടിയുമായി അമ്മ ഇറയത്തെ ചാരു ബെഞ്ചിലുണ്ടാകും…. അവരെക്കടന്ന് മുറിയിലേക്കെത്താന്‍ അനിഷ്ടത്തോടെയുള്ള ആ നോട്ടത്തേയും മറികടക്കണം. മുറിയിലേക്ക് കടന്നൊന്നു നടു നീര്‍ത്താന്‍ തുനിയുമ്പോഴേക്കും അടുത്ത പണിക്കുള്ള സൈറന്‍ മുഴങ്ങുന്നത് കേള്‍ക്കാം.
“മോനേ കുട്ടാ… മോന്റമ്മ വരാന്‍ നേരായീലോ… പാപ്പണ്ടാക്കണ്ടേ… കാപ്പീണ്ടാക്കണ്ടേ….”
“ഉവ്വ് എല്ലാം ഉണ്ടാക്കണം…” ന്ന് മനസ്സില്‍ പിറുപിറുത്ത് തട്ടിപ്പിണഞ്ഞെഴുന്നേറ്റ് വീണ്ടും അടുക്കളയിലേക്ക്.
‘മോന്റമ്മാന്ന് വച്ചാല്‍… പ്രൈമറി സ്കൂള്‍ അദ്ധ്യാപികയാണ്, അടുത്തൊരു സ്കൂളില്‍. രണ്ടു കുട്ടികള്‍, ഇളയതിനെ ഇവിടെ ആക്കീട്ടാ പൂവാ. വൈകീട്ട് പൂവുമ്പോ ഇതിലേ വരും കുട്ടിയേ കൂട്ടാന്‍.
‘ഏതായാലും വരാല്ലേ… രാവിലത്തെ പ്രാതല്‍… ഉച്ചലത്തേക്ക് പൊതിച്ചോറ്… വൈകീട്ടത്തെ കാപ്പി – പലഹാരം… പിന്നെ രാത്രീലേക്കാച്ചാല്‍ കറികളും… അവിടെ ചെന്നിട്ടവള്‍ക്കെവിട്യാ ഇതിനൊക്കെ നേരം… രണ്ടു കുട്ട്യോളെ നോക്കണം… പ്രായള്ള അച്ഛനുമമ്മയ്ക്കും ചോറു കാലാക്കണം… ഇവിടന്ന് കൊണ്ടോണ കൂട്ടാനുള്ളോണ്ട് അതീന്നൊഴിഞ്ഞു… അത്രതന്നെ…’
‘പിന്നെന്താ… വരുമ്പോ കുട്ട്യോളെ ഞാന്‍ തന്നെ കുളിപ്പിച്ച്, എല്ലാം കെട്ടിപ്പെറുക്കി കൊടുക്കും… പിന്നെ പൂവായ്… അത്രന്നേ…’
“ഇവിടുള്ളോള്‍ക്കാണ്ച്ചാല്‍ ഉദ്യോഗല്ല്യ, കുട്ട്യോളും. നേരാണേല്‍ വേണ്ടുവോളം ണ്ടേനും… പിന്നെ ഇതൊക്കേപ്പോ ചെയ്തൂച്ചിട്ടെന്താ നാളെ ജീവിക്കാന്‍ പഠിക്ക്യേ….”
ഉമ്മറത്ത് ആരെങ്കിലും വരുമ്പോള്‍ ഇത്തരം വിവരണങ്ങളിലെ ദ്രുതതാളങ്ങള്‍ അടുക്കളയിലേക്കുമെത്തും. അതു കേട്ടാല്‍ പിന്നെ ഉമ്മറത്തേക്കേ പൂവാണ്ട് കഴിക്കും.
ആരോ ഒരിക്കല്‍ വീട്ടിലേക്ക് വന്നപ്പോ കട്ടന്‍ കാപ്പി കുടിക്കണ എന്നെ കണ്ട വന്നവരിലൊരാള്‍ അത്ഭുതത്തോടെ തിരക്കി…
“ഇക്കുട്ടി മാത്രം ന്താ കട്ടന്‍കാപ്പി… പാലില്ലേ ഓപ്പോളേ….”
“ഉവ്വ്… അവള്‍ക്കതാ ഇഷ്ടം… ല്ലേ ഇന്ദോ…?”
“ഉവ്വ്… എനിക്കു കട്ടന്‍ കാപ്പിയാ കൂടുതല്‍ ഇഷ്ടം…”
തറപ്പിച്ചൊരു നോട്ടത്തില്‍ വന്നു പതറിയൊരുത്തരം…!
പിറ്റേന്ന് വൈകീട്ടത്തെ കാപ്പിക്ക് പാത്രത്തിലേക്ക് പാലളന്നൊഴിക്കുമ്പോള്‍ വന്നു കല്‍പ്പന.
“നിനക്ക് കട്ടന്‍ കാപ്പി ല്ലേ ഇഷ്ടം… മഞ്ജൂട്ടിക്ക് ‘നല്ലോണം പാലില്ലാണ്ടെ ബൂസ്റ്റിട്ടാല്‍ ഒരു രസോല്ല്യാ അമ്മേന്ന്’ പറയണൂ… കുറച്ചീസായിട്ട് പാലാണ് ച്ചാല്‍ ഒരു തുടം കുറവാ കിട്ടണേ… മീനാക്ഷീടോടത്തെ ഒരു പശൂന് കറവ വറ്റീത്രേ… നിനക്ക് വിരോധല്ല്യാച്ചാല്‍ ആ പാലും കൂടി ചേര്‍ത്ത് കാപ്പിയെടുത്തോളൂ….”
“ഞാന്‍ കട്ടന്‍ കാപ്പി കുടിച്ചോളാം….”
ഉം… അങ്ങനെ അതും തീരുമാനായി…!
മകളും കുട്ട്യോളും വന്ന് അടുക്കളേന്ന് ‘സ്വയംഭൂവായ’ കാപ്പീം പലഹാരോം പലതരം കലപിലകളും കഴിച്ചെഴുന്നേറ്റു പോകുന്നത്രയും നേരത്തേക്ക് അടുക്കളയെന്നതപ്രത്യക്ഷമാകും.
വിശപ്പു ദാഹവുമറിയാത്ത അപൂര്‍വ്വ ജീവിയായി ഒരാളും അടുക്കളയോടൊപ്പം അപ്രത്യക്ഷമായിട്ടുണ്ടാകും…
“എപ്പഴാച്ചാ എടുത്തു കഴിക്കാലോ…” എന്ന വിശദീകരമാണ് പലപ്പോഴും ആഹാരം…!
………………………….
രാത്രീലേക്കുള്ള പണി ഒതുങ്ങുമ്പളേക്കും ഉമ്മറത്ത് സീരിയലുകള്‍ പലതും തുടങ്ങേം ഒടുങ്ങേം ചെയ്തു കാണും. ഒക്കെ കഴിഞ്ഞ് ഡൈനിംഗ് ടേബിളിലെ പലഹാര ഭരണിക്കു മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇത്തിരി മിക്സ്ചറോ ഒരു കഷണം റസ്കോ കഴിക്കാനൊരു കൊതിയുണരും. ഒരിക്കല്‍ അതിലൊന്ന് തൊടാനാഞ്ഞപ്പഴേക്കും വന്നു അശരീരി…
“അതേയ് കുഞ്ഞൂട്ടിക്ക് സ്നാക്സ് കൊണ്ടോവാനുള്ളതാ….”
“ഓഹ് ആയിക്കോട്ടെ…” അതും ആത്മഗതം…!
കൈയ്യില്‍ പൈസയില്ലാതെ കടകളിലെ കൊതിപ്പിക്കുന്ന പലഹാര ഭരണികള്‍ക്കു മുന്നിലൂടെ വിരലും നുണഞ്ഞ് കടന്നുപോകുന്ന കുട്ടിയാകും ഞാനപ്പോള്‍…
…………………………..
അങ്ങനെ കാലങ്ങള്‍ പലതുകൊഴിഞ്ഞു. ഒട്ടും സഹിയാഞ്ഞ് ഭര്‍ത്താവിനൊടൊന്ന് ഉള്ളു തുറന്നപ്പോള്‍ ദയനീയമായ മുഖത്തോടെ മറുപടി വന്നു.
“ഞാന്‍ കാണണുണ്ട് പലതും… ന്താ ഇതിനൊക്കെ പറയാ… നെനക്കറിയാലോ എന്റെ ശമ്പളം ഒന്നിനും തികയില്ല… അച്ഛന്റെ ചെലവിലാ കാര്യങ്ങള്‍ പോണത്…. പിന്നെ ഞാനെങ്ങിന്യാ അവരോടെന്തെങ്കിലും….”
അന്ന് രാവു മുഴുവന്‍ അമ്മയുടെ ഓരോ ചെയ്തികള്‍ക്കുമുള്ള പ്രതികരണങ്ങളൊന്നൊന്നായി തെയ്യക്കോലങ്ങളായ് കണ്ണിനു മുന്നില്‍ ഉറഞ്ഞു തുള്ളി… വെളുക്കാറായ നേരത്ത് തോളില്‍ തട്ടി ഏട്ടന്‍ പറഞ്ഞു…
“അവിടെ അമ്മ എഴുന്നേറ്റൂന്ന് തോന്നണൂ… നീയ്യ് എഴുന്നേക്കണില്ലേ…. ഇനീപ്പോ അതു മതി…”
അത് കേട്ടപ്പോഴാണ് തുറന്ന കണ്ണിലെ കോലങ്ങളൊഴിഞ്ഞ് പരിസരബോധം വീണത്… വേച്ച് വേച്ച് കൈയ്യും മുഖവും കഴുകി
അടുക്കളയിലേക്ക്…
ഉറക്കമില്ലാത്ത എത്ര രാത്രികള്‍…! എപ്പോഴും തലയിലൊരു മൂളക്കം മാത്രം…
എല്ലാം കൈവിട്ടു പോണൂന്ന് തോന്നീപ്പോള്‍ ഒന്ന് വീട്ടിലോക്കോടി…
പോണേന് മുന്നേ ചോദിക്കാന്‍ ചെല്ലുമ്പോ… മുഖം കനപ്പിച്ചൊരു നോട്ടണ്ടാകും… അന്നേരം മാത്രം ഏട്ടന്‍ രക്ഷക്കെത്തി…
“അവിടമ്മയ്ക്ക് സുഖല്ല്യാന്ന് കേട്ടു..”
“ഉം… ഇനി എപ്ലാ ഇങ്ങട്ട്… നാളെ വരണം… നാളെ നിക്കൊന്നമ്പലത്തീ പോണം…”
“ഉവ്വ്…നാളെ തന്നെ പുറപ്പെടാം..”
……………………………..
അങ്ങനെ അഞ്ച് കൊല്ലം…!
കുട്ടികളുണ്ടാവാത്തതില്‍ ഓരോ മാസമുറക്കാലത്തും സ്വയം വിങ്ങിപ്പൊട്ടി… ഒരുപാടു നേര്‍ച്ചകള്‍… വഴിപാടുകള്‍… മരുന്ന്, മന്ത്രം.
അങ്ങനെ ഒടുക്കം മാസക്കുളി തെറ്റി… കുറച്ചൂസം കാത്തു… പിന്നെ ഒരു ഡോക്ടറെ കണ്ടു… ടെസ്റ്റ് ചെയ്തു… പോസിറ്റീവ്…! സന്തോഷം കൊണ്ട് ഉള്ളു നിറഞ്ഞു.
വീടെത്തീതും അമ്മയ്ക്കരികിലേക്കാണോടിയത്…
“ഉം ന്താ…?”
“ഞാന്‍…. അമ്മേ… ഉണ്ണീണ്ടാവാന്‍ പോണൂ…”
നിശബ്ദത…
കണ്ണു നിറയാന്‍ തുടങ്ങുമ്പോള്‍ കേട്ടു…
“ഉം… ഇതിപ്പോ ആരോടും പറയാന്‍ നിക്കണ്ട… ആര്‍ക്കറിയാം അതന്നെയാണോന്ന്… രണ്ടു മൂന്ന് മാസം കഴിയട്ടെ… എവിടേങ്കിലും കൊണ്ടോയി ടെസ്റ്റ് ചെയ്യിക്കൂ… അപ്പോ അറിയാം വയറ്റില് ശരിക്കും ന്താന്ന്…”
ഉള്ളിലെന്തോ തകര്‍ന്നുടഞ്ഞു… കണ്ണുനിറഞ്ഞ് കണ്ണില്‍ ഇരുട്ടുകയറി… കുറച്ചു നേരത്തേക്കൊന്നും പിന്നെ കണ്ടില്ല… കേട്ടൂല്ല്യ…!
നാലു മാസം കഴിഞ്ഞൊരു വീഴ്ചയില്‍ അഞ്ചു വര്‍ഷത്ത പ്രാര്‍ത്ഥനയുടെ ഫലം പൊട്ടിയൊലിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍, അമ്മ വന്നു… മകളും കുഞ്ഞുങ്ങളുമായി.
എല്ലാം നഷ്ടപ്പെട്ട വേദനയില്‍ പിടഞ്ഞുരുളുമ്പോഴും കൊച്ചു മോളുടെ സ്കൂളിലെ വികൃതി പറഞ്ഞ് ചിരിക്കുന്ന അമ്മയുടെ അട്ടഹാസം, ചുട്ടുപഴുത്ത ചട്ടുകം പോലാണന്ന് കാതില്‍ പതിച്ചത്.
പിന്നീട് …. പലപ്പോഴും ആ നഷ്ടം ഇടനെഞ്ചിലൊതുങ്ങാതെ ഇടക്കിടെ വിങ്ങിപ്പൊട്ടി…
……………….
അതും കഴിഞ്ഞെത്ര നാള്‍…
കുറച്ചു ഭേദപ്പെട്ടൊരു ജോലി കിട്ടി ഏട്ടന് ദൂരേക്ക് സ്ഥലം മാറ്റമായപ്പോള്‍, ഒരു വീടെടുത്തു… അങ്ങോട്ട് മാറി.
കുറച്ചൊന്നു പച്ച പിടിക്കുമ്പൊഴേക്കും… ഒരു ദിവസം നാട്ടില്‍ നിന്നൊരു കോള്‍… അമ്മയ്ക്ക് നെഞ്ചുവേദന…! കേട്ട പാടെ പുറപ്പെട്ടു… പലതവണ ഹോസ്പിറ്റല്‍ വാസം… എല്ലാറ്റിനും കൂടെ നിന്നു… അമ്മയുടെ ‘മഞ്ജൂട്ടി’ക്കൊരിക്കലും ഒഴിവുണ്ടായില്ല…!
ചോദിച്ച പലരോടും അമ്മ നെടുവീര്‍പ്പിട്ടു…. “അവള്‍ക്കെവിടുന്നാ നേരം….!”
പിന്നീട് ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ അസുഖം സ്ഥിരീകരിച്ചു… ‘ഹൃദ്രോഗം’…! സര്‍ജറി വേണം… ഡേറ്റ് ഫിക്സ് ചെയ്ത് പോകാനൊരുങ്ങുമ്പോള്‍ യാത്രയാക്കാന്‍ മാത്രം ‘മഞ്ജൂട്ടി’ വന്നു…
…………………….
ഇന്നിപ്പോ ഇവിടെ വന്നിട്ട് രണ്ടു ദിവസം. ഇന്നാണ് സര്‍ജറി. വെളുപ്പിനേ അമ്മയെ തീയറ്ററില്‍ കയറ്റി. ഇപ്പോ ഇവിടെയീ കാത്തിരിപ്പു മുറിയില്‍. എല്ലാവരുമുണ്ട്… ഏട്ടനും, അച്ഛനും, ചെറിയമ്മയും. മകളും ഭര്‍ത്താവും എത്തീട്ടുണ്ട് അതിരാവിലത്തെ ട്രെയിനില്‍.
ഇവിടെ ഒരുപാടു രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നടുവില്‍, ദീര്‍ഘ നിശ്വാസങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും നടുവില്‍…
പുറത്ത് മഴ കനക്കുകയാണ്…
ഇടക്കിടെ “സര്‍ജറി കഴിഞ്ഞോ…” എന്നന്വേഷിച്ച് സര്‍ജറിയുള്ള രോഗികളുടെ ബന്ധുക്കള്‍… “കഴിഞ്ഞാല്‍ അറിയിക്കാം. പേരു വിളിക്കും…” എന്ന പതിവ് മറുപടിക്കു മുന്നില്‍ മുഖം കുനിച്ച് വീണ്ടും തണുത്തുറഞ്ഞ ഇരുമ്പു കസേരയിലേക്കും മരവിച്ച ഇരുപ്പിലേക്കും മടക്കം…
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടടുക്കുന്നു… ഒന്നുകൂടി ചോദിക്കാമെന്നോര്‍ത്ത് എഴുന്നേറ്റ് ചെല്ലുമ്പോള്‍… നഴ്സ് ICU വിന് പുറത്ത് തന്നെയുണ്ട്….
“സുഭദ്രാമ്മയുടെ….?”
“മകളാണ്…”
“കയറി വരൂ… മരുന്നുകള്‍ വാങ്ങാനുണ്ട്… പറഞ്ഞു തരാം…”
ICU വിന് തൊട്ടുമുന്നിലുള്ള ഇടുങ്ങിയ ശീതികരിച്ച മുറിയിലേക്ക് കടക്കുമ്പോള്‍ എങ്ങുനിന്നെന്നറിയാതെ വല്ലാത്തൊരു വിഷാദം വന്നു പൊതിഞ്ഞു…!
ബില്ലുകളില്‍ അച്ചടിച്ച മരുന്നുകള്‍ എവിടെയൊക്കെയാണ് ലഭ്യമാകുന്നതെന്ന് നഴ്സ് വിശദീകരിച്ചു തന്നു… ആകെ മരവിച്ച് നില്‍ക്കുമ്പോള്‍ അകത്തു നിന്ന് മറ്റൊരു ഡോര്‍ തുറന്ന് ആകെ പൊതിഞ്ഞുക്കെട്ടിയ പോലെ കോട്ടണിഞ്ഞൊരാള്‍ പുറത്തേക്ക് തലനീട്ടി…
“ആ സുഭദ്രാമ്മയുടെ ആരെയെങ്കിലും വിളിക്കൂ… കാണിക്കാം… അവര്‍ക്ക് ബോധം വന്നിട്ടുണ്ട്…”
നഴ്സ് പറഞ്ഞു…
“എങ്കില്‍ അകത്തേക്ക് പോയിട്ട് വരൂ… ബാക്കി വന്നിട്ട് പറഞ്ഞു തരാം….”
“ഇല്ല… ഞാന്‍ പോയി മകളെ വിളിച്ചിട്ട് വരാം…”
“ഇയാളും മകളല്ലേ… കാണണ്ടേ അമ്മയേ..”
“ഞാന്‍… ഞാന്‍…അത് പിന്നെ…”
“ചെന്നോളൂ… ഈ കോട്ടിട്ടോളൂ… മാസ്കും…”
പറയാതെ തന്നെ അവരതെല്ലാം അണിയാനും സഹായിച്ചു…
ഭാരിച്ച ചുവടുകളുമായി അകത്തേക്ക് ചെന്നു….
മനസ്സാകെ ഉരഞ്ഞ് നീറും പോലെ… ഉള്ളിലിരുന്നാരോ പറഞ്ഞു…
“നിന്നെ കാണാനവര്‍ക്ക് ഒട്ടും താത്പര്യം കാണില്ല്യ…”
“ഇല്ല… അറിയാം…”
ധൈര്യം സംഭരിച്ച് മുഖമുയര്‍ത്തുമ്പോള്‍ മുന്നില്‍, മൂക്കിലും വായിലും കുഴലുകള്‍ ഘടിപ്പിച്ച്… നെഞ്ചിലൊക്കെ എന്തൊക്കെയോ ചുറ്റി വരിഞ്ഞ്, നീരു വച്ചു വീര്‍ത്ത മുഖവുമായി കിടക്കുന്നു ‘അമ്മ’…!
ഒന്നേ കണ്ടുള്ളൂ… കണ്ണിലൂറിയ നനവു പിന്നീടുള്ള കാഴ്ചയെ മറച്ചു… ആരോ തോളില്‍ തട്ടി പുറത്തേക്കുള്ള വാതില്‍ തുറന്ന് തരുമ്പോള്‍ ബോധം മറയുന്ന പോലെ… ഇരുട്ട്…!
പുറത്ത് അപ്പഴേക്കും അച്ഛനും മകളും എത്തി കഴിഞ്ഞിരുന്നു… മകളെ അമ്മയെ കാണിക്കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടപ്പോള്‍…
“ഇന്ന് ഒരാളമ്മയെ കണ്ടില്ലേ… ഇനി നാളെ… രാവിലെ എട്ടരയ്ക്ക് പോന്നോളൂ..”
ആ മറുപടിക്കു മുന്നില്‍ മുഖത്തെ അവസാന തുള്ളി രക്തവും വാര്‍ന്ന് വിളറി ഞാന്‍ നിന്നു…
അച്ഛന്റെ തോളിലേക്ക് ചാഞ്ഞ് മകള്‍ കരച്ചിലും തുടങ്ങി…
“ഇത്രടം വരെ വന്നിട്ട്… ഒന്നു കാണാന്‍ പറ്റാണ്ടെ…”
ആ വാക്കുകള്‍ ചാട്ടുളി പോലെ എനിക്കു നേരെ നീണ്ടു… കണ്ണില്‍ നിന്നിറ്റു വീഴുന്ന കണ്ണുനീര്‍ പോലും തുടയ്ക്കാനാവാതെ ഞാന്‍ മിഴിച്ചു നിന്നു…
“അമ്മയെ കാണാന്‍ ഇവള്‍ നാളെ വെളുപ്പിനേ വരും… അതിലും മുന്നേ ഇനി നീ കേറാന്‍ നിക്കണ്ട…”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി…
അപ്പോഴേക്കും നഴ്സ് വന്നു… മരുന്നിനുള്ള ബില്ലുകള്‍ കൈയ്യില്‍ തിരുകി… എന്തൊക്കെയോ നിര്‍ദ്ദേശങ്ങളും തന്നു… പാതിയും കേള്‍ക്കാതെ, ആരോടും മിണ്ടാതെ കോണിയിറങ്ങി താഴെ വരുമ്പോഴേക്കും മഴ തോര്‍ന്നിരുന്നു.
അഭിമുഖമായി ചുട്ടുപൊള്ളിക്കുന്ന വെയിലുമായി സൂര്യന്‍…!