ഭ്രാന്തൻ കുന്നിലെ നിലവിളികൾ

ഒരിക്കൽ മാത്രം
എനിക്ക് എന്നിലേക്ക് മടങ്ങണം.
മടുപ്പില്ലാതെ എഴുതാൻ
മുടക്കങ്ങളില്ലാതെ വായിക്കാൻ
വിശപ്പടങ്ങാതെ ഉണ്ണാൻ..
വിലാസമില്ലാത്തവർക്ക് എഴുതാൻ !
അങ്ങനെ അവസാനിച്ചും
അവസാനിക്കാത്ത എന്നിലേക്ക്
ഒരിക്കൽ മാത്രം മടങ്ങണം.
ദൂരെ ഇരുട്ടിന്റെ വായ്ത്തലയിൽ
ഏതോ പൂതം
എന്റെ അമ്മയോർമ്മകളെ
മാടിവിളിക്കുന്നുണ്ട്.
അതുകൊണ്ടാവാം ആ വരണ്ട വേനൽ
ഈ കെടുതി പെരുമഴയത്തും
ആർത്ത് പെയ്യുന്നത്.
ചീവീട് കഥപറയുന്ന രാത്രികൾ
മുറ്റത്തിറങ്ങി നടക്കുമ്പോൾ..
ഇരുട്ടിലൊരാത്മാവ് കല്പനകൊള്ളുന്നു.
ചെയ്തുകൂട്ടുന്നതൊക്കയും
സുകൃതക്ഷയമാണെന്ന് ഓർമ്മിപ്പിച്ച്.
അച്ഛമ്മ പറഞ്ഞിരുന്ന മടിശീലകളിലെ
മിത്തുകൾക്ക്,
ഭ്രാന്തൻ കുന്നിലെ നിലവിളികളോളം
പഴക്കമുണ്ട്..
എന്നിട്ടും അവസാനിക്കാത്ത തോന്നലുകൾക്ക്
കാവൽനിൽക്കാൻ രൂപമില്ലാത്തൊരു
കറുത്ത നിഴലിനെ
ആരോ അയച്ചിരിക്കുന്നു.!

പാലക്കാട്‌ ജില്ലയിലെ നെല്ലായ സ്വദേശി, പരസ്യചിത്ര സംവിധായകൻ, കൂടാതെ മലയാള ചലച്ചിത്ര മേഖലയിൽ സഹസംവിധായകൻ ആയും ജോലി ചെയ്യുന്നു. 2013 മുതൽ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ എഴുതിവരുന്നു