ഭ്രാന്ത്‌

1
ഇരുൾമൂടിയ ആ മുറികൾക്കോരോന്നിനും  
വ്യത്യസ്ത ഭാവങ്ങളായിരുന്നു.
നവരസങ്ങൾക്കപ്പുറം മറ്റെന്തൊക്കെയോ…!
അവിടുത്തെ ചിന്തകൾക്ക്
‘അവ്യക്തമായ’ വ്യക്തത ഉണ്ടായിരുന്നു…!
ഇരുളറയ്ക്കിപ്പുറം നിന്ന്
‘പ്രബുദ്ധലോകം’ അതിനെ
ഭ്രാന്താലയം എന്നു വിളിച്ചു.

2

തള്ളിക്കയറ്റിയ കല്ലുകൾ
മലമുകളിൽ നിന്ന്
അവൻ താഴേക്ക് തള്ളിയിട്ടു.
ഇടതുകാലിലെ മന്ത് ഇനി വലതുകാലിനാവട്ടെ എന്ന്
വരം ചോദിച്ചു വാങ്ങി.
അവന്റെ ചെയ്തികളിലെ നാക്ക്‌
ആരും കണ്ടില്ല,
വാക്ക് ആരും കേട്ടില്ല.

ഒടുക്കം നാട്ടാരും വീട്ടാരും
അവനെ നാറാണത്തു ഭ്രാന്തനെന്നു വിളിച്ചു. 

കണ്ണൂർ ജില്ലയിലെ തൊടീക്കളം, കണ്ണവം സ്വദേശി. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക. കഥകളും കവിതകളും എഴുതുന്നു.