ഭ്രാന്ത്

അയമോദക ഗുളികയും
കറ കളയുന്ന മരുന്നും
സേഫ്റ്റി പിന്നും
പാൽക്കായവും
ബസ് സ്റ്റാൻഡിൽ വിൽക്കുന്നയാളെ
കണ്ടപ്പോൾ
ഗൌരി ഓപ്പോളെ ഓർമ്മിച്ചു.
വിൽപ്പനക്കാരന്റെ വസ്തുക്കൾക്ക്
പരസ്പരബന്ധമില്ലാത്തതുപോലെ
ആയിരുന്നു, അസുഖം തുടങ്ങിയപ്പോൾ
ഓപ്പോളും.
അവ൪ പരസ്പരബന്ധമില്ലാത്തതുപോലെ
സംസാരിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ
സുകുമാരൻ ഡോക്ടർ
മരുന്നുകൾ മാറ്റി മാറ്റിക്കൊടുത്തു
ചികിത്സിച്ചിട്ടും
ഭേദമായില്ല.
അപ്പോഴേക്കും ഓപ്പോൾ
വായുവിൽ എഴുതുകയും
തനിയെ സംസാരിക്കുകയും
ബഹളം വക്കുകയും
ചെയ്തു തുടങ്ങി.

പിന്നീട് കണ്ടപ്പോൾ
സുകുമാരൻ ഡോക്ടർ
ഓപ്പോളെ നഗരത്തിലെ സൈകൃാട്റിസ്റ്റിന്
റഫർ ചെയ്തു.

പരസ്പര ബന്ധമില്ലാത്ത
സാധനങ്ങൾ വിറ്റ്
കച്ചവടക്കാരൻ ജീവിക്കുന്നു.
ജീവിതത്തിലെ
സംത്രാസങ്ങളെക്കുറിച്ച്
ചിന്തിച്ച് ഓപ്പോൾ
ഇന്നും പരസ്പരബന്ധമില്ലാതെ
സംസാരിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ അത്താണിയിൽ താമസം. ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്റ്. സാഹിത്യത്തിലും സജീവം. കവിത, കഥ, നോവൽ, ചികിത്സാനുഭവം എന്നീ മേഖലകളിൽ ഒമ്പതു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്