ഭ്രാന്തുള്ളവരെ ഒരുമിച്ചിരിക്കാന്‍ അനുവദിക്കരുത്

തലക്ക് വെളിവില്ലാത്ത രണ്ടുപേരെ
ഒരുമിച്ചിരിക്കാന്‍ അനുവദിക്കരുത്.
അത് അപകടമാണ്.
അവര്‍ ഒരുപാട് ചേര്‍ന്നിരിക്കും.
കണ്ണോട് കണ്ണ് നോക്കിയിരിക്കും,
പൊട്ടിച്ചിരിക്കും, പൊട്ടിക്കരയും,
നെറുകയില്‍ തലോടും,
ചുണ്ടുകള്‍ കൊണ്ട് ചുംബിക്കും,
മറകളില്ലാതെ, കാപട്യങ്ങളില്ലാതെ,
വെളിവിന്റെ കെട്ടുവട്ടങ്ങളൊന്നുമില്ലാതെ,
പരസ്പരം വെളിപ്പെട്ടു നില്‍ക്കും.
വല്ലാതെ അടുത്തുപോകും.
അവര്‍ അഗാധമായി പ്രണയിക്കും
ആശങ്കകളില്ലാതെ, ബാധ്യതകളില്ലാതെ,
മനംകുളിര്‍ക്കെ പ്രണയിക്കും.
നമുക്ക് മുന്‍പില്‍, വിടവുകളില്ലാതെ,
ഉടലുകള്‍ ഒട്ടി പുണര്‍ന്നു നില്‍ക്കും.
ഒരു നാണവുമില്ലാതെ, പുലരുവോളം
ഇണചേര്‍ന്നുകൊണ്ടേയിരിക്കും.

ക്രമേണ അവരില്‍ വേരുകള്‍ പൊട്ടിമുളക്കും
ഒന്നുചേര്‍ന്നു പിണഞ്ഞൊരു വടവൃക്ഷമായ്‌
ആകാശം മുട്ടേ പടര്‍ന്നു പന്തലിക്കും.
അത് പൂത്തുലഞ്ഞു നില്‍ക്കും.
അതുകണ്ട് വെളിവില്ലാത്ത കുറേപ്പേര്‍
ആ തണലില്‍ ഒത്തുചേരും.
അന്നത് വെളിവുള്ള നമ്മള്‍ക്കൊരു
വിനയായി ഭവിക്കും.
പ്രണയത്തിന്റെ യാഗാശ്വങ്ങളെ അവര്‍
നാലുപാടും തുറന്നുവിടും.
വെളിവിന്റെ കാരാഗൃഹങ്ങളില്‍
സ്വാതന്ത്ര്യ കാഹളം മുഴക്കും.
പ്രണയത്തിന്റെ കുറ്റവാളികളെ
അവര്‍ തുറന്നു വിടും.
പിന്നെ വഴിനീളെ മുഴുത്ത ഭ്രാന്തിന്‍
വിത്തുകള്‍ പാകും.
അതുകൊണ്ട് ശ്രദ്ധിക്കുക
തലയ്ക്കു വെളിവില്ലാത്തവരെ, നാമൊരിക്കലും
ഒരുമിച്ചിരിക്കാന്‍ അനുവദിച്ചുകൂടാ.

ചേർത്തല ശ്രീ നാരായണ കോളേജിൽ ഫിസിക്സ് അധ്യാപകനാണ്. സ്വന്തം ദേശം പാലക്കാട്. കഥകളും കവിതകളും എഴുതാറുണ്ട് .