
വാക്കിനാൽ പാതി മുറിഞ്ഞവൾ,
ഉടൽ പകുത്ത പ്രണയം
ഉലയിലെരിച്ച് വെന്തപ്പാതിയിൽ ജീവിതം തിരയുമ്പോൾ,
ഭ്രാന്തിലേക്ക് അരനാഴിക ദൂരമളക്കുന്നു.
പ്രതീക്ഷയറ്റ ജീവിതപാതയിൽ
ഭ്രാന്തിനൊപ്പം തിമിർത്ത്
അകത്തളങ്ങളിൽ തണുവായി നിറയുന്നു.
തെരുവ്, പാകി വളർത്തിയ അനാഥത്വങ്ങളിൽ,
വയറൊട്ടി തേഞ്ഞ എല്ലിൻക്കഷ്ണങ്ങളിൽ,
വിശപ്പ്,
മാനത്തിന്റെ വിലയറിഞ്ഞ രാവിൻ പകുതി,
ഭ്രാന്തിലേക്ക് ഒരു ഘടികാരസൂചി
തിരിച്ചു വയ്ക്കുന്നു.
പിഞ്ചിളം ചുണ്ടിന്റെ ചോരക്കറകളിൽ,
മരവിച്ച വിഗ്രഹം കണ്ണുപൊത്തുമ്പോൾ,
കറുത്ത തുണികളിൽ സത്യം മറയുമ്പോൾ,
വെളുപ്പ് ഭ്രാന്തമായാർത്തലയ്ക്കുന്നു.
സുകൃതാക്ഷരങ്ങളെ
വഴിയിലുപേക്ഷിച്ച ചിന്താശകലങ്ങൾ,
ഭ്രാന്തിൻ രസം ചേർത്ത്,
നാവിന്റെ തുമ്പത്ത് തൂങ്ങി മരിക്കുന്നു.
സ്വത്വം കഥകളിയാടുന്ന മേനിയിൽ,
ദ്വയലിംഗ നിഗൂഢപദങ്ങളിൽ
കരുതലന്യമായ് പോയ ഇരുട്ടറകളിൽ
ഭ്രാന്ത് കാലത്തിനൊപ്പം ചവർപ്പു നുണയുന്നു.
മാംസക്കഷ്ണങ്ങൾ ചിതറിത്തെറിച്ച,
ചോരവറ്റിപ്പോയ മണ്ണാഴങ്ങളിൽ,
വിഷപ്പുക തീണ്ടിയ ആകാശങ്ങളിൽ,
ഭ്രാന്തിന് കനിവില്ലാക്കാലം സാക്ഷിയാകുന്നു.
വറുതിയുടെ ആമാശയങ്ങളിൽ
ലാഭം കൊയ്തെടുത്ത,
കച്ചവടഭ്രാന്തൻ
കാരിരുമ്പിന്റെ തട്ടകങ്ങളിൽ,
ആരും കാണാതെയൊളിച്ചിരിക്കുന്നു.
വാക്കിന്റെയാഴത്തിൽ മരവിച്ച മൗനം,
ഭ്രാന്തിന്റെ നെറുകയിൽ കൂട്ടിരിക്കുന്നു.
രാസത്വരിതങ്ങൾ നിറം ചേർത്ത
കൗമാരയാനങ്ങൾ,
ഭ്രമത്തിന്റെ ചില്ലയിൽ
യുഗങ്ങൾ താണ്ടുന്നു.
ആകസ്മികതയുടെ വർഷമേഘങ്ങളിൽ,
വേനൽപ്പടിയിലെ ഭ്രമ നിമിഷങ്ങളിൽ
ഭ്രാന്തിലേക്കുള്ള ദൂരം കുറയുന്നു.
കാലം ഭ്രാന്തമായി പെയ്തുതോരുന്നു.








