ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം

ചുമരിലേക്ക് ആണിയടിച്ചു കയറ്റുന്ന പോലെയാണ് സുമയ്ക്ക് തോന്നീത്. അവൾ കൈക്കൊണ്ട് മുടിയൊതുക്കി. തലയ്ക്കു മീതെ തെളിഞ്ഞു കത്തുന്ന ബൾബിലേക്കും പിന്നെ ഫാനിലേക്കും നോക്കി. ഇത്തവണ കറൻ്റ് ബില്ല് വരാൻ സമയമായെന്നോർത്ത് ഉഷ്ണിച്ചു. മേൽക്കൂരയിലെ കണ്ണാടി ചതുരത്തിലൂടെ കാണുന്ന ഇത്തിരി കുഞ്ഞൻ നഷത്രങ്ങൾ തൻ്റെ ജീവിതത്തിൽ നിന്ന് എത്രയകലെയാണെന്നോർത്ത് പരിഭവപ്പെട്ടു.

നാളെ വിണ്ടുകര കനാലിലാണ് പണി. ഇനി 14 പണികൾ കൂടെ ചെയ്താൽ തൊഴിലുറപ്പ് തീർന്നു. നാളെ ത്രേസ്യ ചേച്ചീടെ മോളെ കാണാൻ ഒരു കൂട്ടര് വര്ന്ന്ണ്ട്. അതോണ്ട് മേഴ്സീടെ വീട് വരെ തനിയെ പോണം. കിച്ചൂന് നാളെ മുതൽ പരീക്ഷ തുടങ്ങുകയാണ്. ഇന്ന് വൈകുന്നേരം പിടിച്ചിരുത്തി പഠിപ്പിച്ചതൊക്കെ പരീക്ഷാപേപ്പറിൽ കണ്ടാ മതിയാരുന്നു. സിനിമോൾക്ക് പനീടെ മരുന്ന് ഒരു ഡോസ് കൂടി കൊടുക്കണം. സുമ ഇത്രേം ചിന്തിച്ചെത്തിയ നിമിഷത്തിലാണ് അടിച്ചു കയറ്റിയ ആണി ഊരിത്തെറിക്കുന്ന ലാഘവത്തോടെ പവനൻ അവളിൽ നിന്ന് വേർപ്പെട്ട് മാറീത്.

സുമ പിടഞ്ഞെണീറ്റ് ലൈറ്റും ഓഫാക്കി കൊച്ചുങ്ങടെ മുറീലെത്തി.ഉറങ്ങിപ്പോയ സിനിമോളെ ഉണർത്തി മരുന്ന് കുടിപ്പിച്ചു. നെറ്റിയിൽ ഒരു കഷ്ണം തുണി കൂടി നനച്ചിട്ടു. അപ്പുറത്തൊരു കട്ടിലിൽ കിടന്നുറങ്ങുന്ന കിച്ചൂൻ്റെയരികിൽ ഒരു പുതപ്പെടുത്തുവെച്ചു. സീറോ ബൾബിട്ട് സുമ സിനിമോൾക്കരികിലേക്ക് ചാഞ്ഞു. പലചരക്കുകടയിലെ പറ്റു തീർക്കാൻ പവനോട് പറയണം. അയൽക്കൂട്ടത്തിൽ നിന്ന് ഈയാഴ്ച ലോൺ പാസാകുമായിരിക്കും. അടുത്ത ദിവസം തന്നെ തയ്യൽ മെഷീൻ വാങ്ങണം. അലോചിച്ചാലോചിച്ച് സുമയെപ്പോഴോ മയങ്ങിപ്പോയി.

രാവിലെ മുറ്റമടിച്ച് ദോശേം ചട്നീം ചോറും ഉണ്ടാക്കി മേൽക്കഴുകി വന്നപ്പോ പിള്ളേര് രണ്ടും അടുക്കളയിലിരുപ്പുണ്ട്. ബെല്ലമിട്ട കാപ്പി കൊടുത്തു രണ്ടാൾക്കും.

“അച്ഛൻ വന്നോ അമ്മേ ഇന്നലെ?” കിച്ചു സുമയെ നോക്കി.

“ഹ് മം” പപ്പടം വറുക്കാനായി സുമ ഒരു ചീനച്ചട്ടി ഗ്യാസിലേക്ക് വെച്ചു എണ്ണയൊഴിച്ചു.

“ഇന്നുതന്നെ പോകുമാരിക്കും അല്ലേ? പോണേന് മുമ്പെ എനിക്കൊരു ബാഗ് വാങ്ങിത്തരണംന്ന് പറയണം” കിച്ചു ശുപാർശ ചെയ്തു.

“നീ തന്നെ പറഞ്ഞോ. അവിടെ കിടന്നുറങ്ങുന്നുണ്ട് നിൻ്റെ അച്ഛൻ. ഇന്നാ ഈ കാപ്പി കൂടെ കൊണ്ടുപോയിക്കൊടുക്ക് ” ഗ്യാസിൻ്റെ തീ കുറച്ച് സുമ ഒരു ഗ്ളാസിലേക്ക് കാപ്പി പകർന്നു.

“ഓ അമ്മ തന്നെ പറഞ്ഞാ മതി ബാഗിൻ്റെ കാര്യം. എന്നേ കൊണ്ടൊന്നും പറ്റില്ല കാപ്പീം കൊണ്ടുപോകാനൊന്നും ” കിച്ചു കാപ്പി ഗ്ലാസ് പാതകത്തിൽ വെച്ച് അടുക്കള കാലിയാക്കി.

” അമ്മ എൻ്റേലോട്ടും തരണ്ട ട്ടാ. ഞാനും കൊണ്ടോവൂല ” സിനിയും മുൻകൂർ ജാമ്യമെടുത്തു.

കിച്ചുവിനെ സ്കൂളിലേക്കയച്ച് സിനിയെ ഒരുക്കുമ്പോഴാണ് പവനൻ എണീറ്റു വന്നത്. ചുരുട്ടി പിടിച്ച രണ്ടഞ്ഞൂറിൻ്റെ നോട്ടുകൾ “ഇന്നാ ഇതു വെച്ചോ “ന്നും പറഞ്ഞ് നീട്ടി. പറ്റുകാര്യം പറഞ്ഞപ്പോൾ തൽക്കാലം ഇതീന്നെടുത്ത് കൊടുക്കാമ്പറഞ്ഞ് അയാൾ മുറ്റത്തേക്കിറങ്ങി മുഖം കഴുകി.ആ തക്കത്തിൽ സുമ അലമാരേലിരുന്ന സിനീടെ കുഞ്ഞിക്കമ്മലും അരിപ്പാട്ടയിലെ കുഞ്ഞു സമ്പാദ്യവും പേഴ്സിലേക്ക് മാറ്റി. സിനി മോളെ അമ്മേടടുത്ത് ആക്കുമ്പോ ഇതും കൂടി കൊടുക്കാമെന്ന് മനസിലോർത്തു. കാപ്പിയുമെടുത്ത് ഇറയത്തെത്തിയ അവൾ അത് പവനന് നീട്ടി.

“ഞാനിറങ്ങുവാ.വിണ്ടുകരയിലാ ഇന്നു പണി. നിങ്ങളിന്ന് തന്നെ പോകുവോ അതോ കാണുവോ ” സുമ നൈറ്റിയൊന്ന് കുടഞ്ഞ് കണ്ണാടീല് നോക്കി പൊട്ടുകുത്തി.

” കാണും” പവനൻ ഒരു ബീഡിയെടുത്ത് കത്തിച്ചു.

“വാ” സുമ ചോറ്റുപാത്രോം സിനിയുടെ മരുന്നും ഒരു സഞ്ചിയിലേക്കിട്ട് മുറ്റത്തേക്കിറങ്ങി.

പോകുംവഴി ത്രേസ്യേടെ വീടിനു മുന്നിലെത്തി ചേച്ചിയേ എന്നു വിളിച്ചു. രണ്ടുമൂന്നുതവണ വിളിച്ചതിനുശേഷമാണ് ത്രേസ്യ പുറത്തേക്ക് വന്നത്.

“ഞാനിത്തിരി വട്ടയപ്പമുണ്ടാക്കുവാരുന്നെടി. ബേക്കറി മാത്രായിട്ട് എങ്ങനാ അവർക്ക് കൊടുക്കുന്നേ ” ത്രേസ്യ ചുമലിലിട്ടിരുന്ന തോർത്തെടുത്ത് മുഖോം കഴുത്തും തുടച്ചു.

“റേച്ചലെ ഒരു പാത്രത്തിച്ചിരി ഉണ്ണിയപ്പമിങ്ങെടുത്തോ” അവർ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. റേച്ചൽ കൊണ്ടുവന്ന ഉണ്ണിയപ്പം നിന്നുകൊണ്ടുതന്നെ സ്വാദ് നോക്കി അമ്മേം മോളും.” നല്ല പതമുള്ള ഉണ്ണിയപ്പാ ചേച്ചി ” സുമ അഭിപ്രായം പറഞ്ഞു.

ബാക്കിയുള്ള ഉണ്ണിയപ്പം ആ പാത്രത്തോടെ അടച്ച് ” ഇത് നീ മേഴ്സിക്ക് കൊടുത്തേരെ എന്നും പറഞ്ഞ് സുമയെ ഏൽപ്പിച്ചു ത്രേസ്യ.

“എന്നാ പോട്ടെ ചേച്ചീ, വൈന്നേരം പറ്റ്യാ കേറാം. ഇവളെയിനി അമ്മേടെയടുത്താക്കീട്ട് വേണ്ടേ പോകാൻ ” സുമ യാത്ര പറഞ്ഞു.

മേഴ്സീടോടെയെത്തുമ്പോൾ അവൾ റോഡിലിറങ്ങി നിൽപ്പുണ്ടായിരുന്നു.

“നീയെന്നാടീ ഇത്രേം വൈക്യേ? നിന്നുനിന്ന് എൻ്റെ വേരെറങ്ങി “

“ഇന്നാ ത്രേസ്യ ചേച്ചി തന്നതാ ” സുമ ചോദ്യത്തിന് മറുപടി പറയാതെ സഞ്ചിയിൽ നിന്ന് പൊതിയെടുത്ത് നീട്ടി.

“ഓ ഇതാരുന്നോ വൈകിയേ” മേഴ്സി ഒരു ഉണ്ണിയപ്പമെടുത്ത് കടിക്കുകയും ഒരെണ്ണം സുമയ്ക്ക് നീട്ടുകേം ചെയ്തു.

“എന്നാടീ നിനക്കൊരു ക്ഷീണം. ഒറങ്ങീലേ ഇന്നലെ നീ? “പണി സ്ഥലത്തേക്ക് നടക്കുന്നതിനിടെ മേഴ്സി സുമയെ ചുഴിഞ്ഞു നോക്കി.

“അയാൾ വന്നിട്ടൊണ്ട്” സുമ അലക്ഷ്യമായി പറഞ്ഞു.

“എന്നിട്ട് ” ? മേഴ്സി ജാഗരൂക യായി. ” അടിച്ചോ നിന്നെ “?

“അടിച്ചൊന്നുമില്ല. കഴിഞ്ഞേൻ്റെ മുമ്പത്തെ തവണ ഞാൻ വെട്ടുകത്തിയെടുത്തേ പിന്നെ അടിയൊന്നുമില്ല. കൊറച്ചു നേരം ചുമ്മായങ്ങ് കെടന്നു കൊടുക്കണം. ഏതാണ്ടിത്തിരി കാശും തരുന്നൊണ്ട്. വേറെ കൊഴപ്പമൊന്നൂല “

“ഇതറിഞ്ഞാരുന്നേ നിനക്കാ വെട്ടുകത്തി കൊറച്ചു മുമ്പേ എട്ക്കാര്ന്ന്.”

“ശര്യാ. കൊറേക്കാലം പ്രാണനും കൈയ്യേ പിടിച്ച് ജീവിച്ചു. പിള്ളേരേ ഓർത്തിട്ടാ.. പറഞ്ഞിട്ടെന്താ എല്ലാത്തിനും അതിൻ്റേതായ സമയംണ്ട്ന്ന് കര്തി സമാധാനിക്കാ”

വാടിപ്പഴുത്തു പോകുന്ന വെയിലത്തായിരുന്നു അന്നു മുഴുവൻ പണി . ഉച്ച കഴിഞ്ഞപ്പഴേക്കും കണ്ണുകൾ ചുവന്നു വീങ്ങി.

പണി കഴിഞ്ഞ് മടങ്ങും വഴി സുമ അങ്ങാടിയിൽ കയറി. പറ്റ് പകുതി വീട്ടി. കൊറച്ച് തുണ്ടം മീൻ വാങ്ങിച്ചു.

“നീ അയാളെ സൽക്കരിക്കാനുള്ള പൊറപ്പാടാണല്ലോ” മേഴ്സി കളിയാക്കി.

“അയാക്കീ തുണ്ടം മീനൊക്കെ ജീവനാടി. ആരുമില്ലാണ്ടൊക്കെ വളർന്നതല്ലേ. വെച്ചൊണ്ടൊക്കി കൊടുക്കന്നതൊക്കെ വല്യ ഇഷ്ടാ”

സുമ പൈസ കൊടുത്ത് മീൻ പൊതി സഞ്ചിയേലിട്ട് തിരിഞ്ഞു. എന്നിട്ടു പതിയെ പറഞ്ഞു

“എന്നാലും അയാള് നാളെത്തന്നെ പോയാ മതിയാര്ന്ന്.”

വയനാട് മീനങ്ങാടി സ്വദേശി, മാധ്യമ പ്രവർത്തക, ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്