ഭൂതകാല പ്രണയം

പ്രഥമപ്രണയ പൂമുഖ വാതായനങ്ങൾ
നീയെന്നോ, യെന്മുന്നിൽ ചേർത്തടച്ചു
എങ്കിലുമെൻ പ്രണയിനീ… നീയിന്നുമെൻ
സ്മൃതി വാസര ഗൃഹത്തിൽ വിളങ്ങീടുന്നു
നീയറിയാതെ,നിന്നോർമ്മശ്ശരങ്ങൾ        
ഭ്രമണം ചെയ്കയാണിന്നുമെന്നെ

നീയുറങ്ങുമാശയ്യക്കു ചാരെ, നിർ –
ന്നിമേഷനാ,യത്ര അനുരാഗമോടെ
നിസ്സഹായനായ് നിന്നിരുന്നു ഞാൻ
നീ കീറിയെറിഞ്ഞോരെൻ മാനസം
നിന്നെയോർത്തിന്നും തുടിച്ചിടുന്നു
പ്രണയ നീതിയിൽ പരാജിതനെങ്കിലും
അധമ മനസ്സി,ന്നുടയവനല്ല ഞാൻ
സഫല മാനസമെൻ തോണിയേറി,
വിഫല സരസ്സിൽ തുഴയുന്നു ഞാനിന്നും.

തൃശൂർ ഒല്ലൂർ ഇടക്കുന്നി സ്വദേശി. ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈബർ ചിലന്തി, പ്രവാസകഥകൾ എന്നീ പുസ്തകങ്ങളൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ഛായാച്ചിത്രം" എന്ന കഥ "താതൻ "എന്നപേരിൽ ഹ്രസ്വചിത്രമായിട്ടുണ്ട്. ഇപ്പോൾ ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.