ഭീഷണികൾ

മുറ്റത്ത് ഓമനിച്ചു വളർത്തിയ
ഒരു ചെടി മണ്ണിൽ നിന്നും
വേരുകൾ ഇളക്കി ഇറങ്ങിപ്പോയി..
ഇന്നലെകളിൽ
സുന്ദരസൂനങ്ങളുടെ സൗരഭ്യത്തിൽ
മുറ്റത്ത് വർണ്ണങ്ങൾ നിറച്ച ആ ചെടി തന്നെ..

പെട്ടെന്നാണതിൽ കൂർത്ത മുള്ളുകൾ നിറഞ്ഞത്..
പൂക്കൾക്കപ്പോൾ ശവത്തിന്റെ മണമായിരുന്നു..
വഴികളിൽ
മുൾപ്പടർപ്പുകളിലവ പുനർജനിച്ചു…
സ്വന്തമെന്നോർത്തൊരിക്കൽ
നെഞ്ചോടു ചേർത്തതെന്നോർത്തപ്പോൾ
മുറിഞ്ഞത് മനസ്സായിരുന്നു..

ചുവടുകൾ മുന്നോട്ടു
ചലിച്ചപ്പോഴൊക്കെ
മുള്ളുകൾ തറച്ചു…
നിണമിറ്റു വീണു…

സമാന്തര പാതകൾ
തേടവേയറിഞ്ഞു…
പിൻകഴുത്തിലൊരു
തോക്കിൻ കുഴലിന്റെ
തണുപ്പ്…

കാഞ്ചി വലിക്കും…
വിരലിന്റെയോർമ്മയിൽ…
യാത്രയും യാന്ത്രികമായി..

പ്രതീക്ഷകളുടെ ചിതയിലപ്പോൾ
പണസഞ്ചികൾ
ആത്മഹത്യ ചെയ്തു…
നിർജ്ജീവമായൊരു
ജഡത്തിനപ്പോൾ മാന്യതയുടെ
പൊയ്‌മുഖം ഉണ്ടായിരുന്നു…

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.