ഭിക്ഷ

ഇന്നലെയായിരുന്നു
അവൾ രണ്ടാമതും മരിച്ചത്

പ്രണയം മടുത്ത്
നിർവാണത്തിന്റെ നിഷ്കാമ
ചീവരവുമുടുത്ത് അയാൾ
മഹായാനത്തിനിറങ്ങിയ
അന്നാണ് അവൾ ആദ്യം മരിച്ചത്.
വേനൽ വെന്ത തെരുവിൽ,
ജ്ഞാന കാമനകളുടെ ഊർജ്ജ പത്രങ്ങളെണ്ണി
അയാൾ നിർവാണത്തിന്റെ
വെളിപാടിനായി തപസ്സിരുന്ന
അതേബോധിവൃക്ഷത്തിന്റെ
നീലിച്ച വെയിലിലാണ്
പ്രാണനൊഴിഞ്ഞ് അവൾ കിടന്നത്.

വെളിപാടുകൾക്കൊടുവിൽ,
ബോധനങ്ങളുടെ ഊർജ്ജകണങ്ങളാൽ ഉത്തേജിതനായി
അയാൾ ശ്വാസമായിണ് നിറയുമെന്ന് നിനച്ച്
ഉടലൊരുക്കി അവൾകാത്തു

നിഷ്കാമങ്ങളുടെ മരയോടേന്തി
വെളുത്ത വെയിലിലേക്ക്
അയാൾ ഊരുതെണ്ടാനിറങ്ങിയനേരത്താണ്
അവളുടെ ചങ്ക് അനക്കമറ്റത്.
പ്രാണികൾ തീണ്ടാതെ
ചേതങ്ങളില്ലാതെ ഒരു ഉടൽ
മണ്ണിൽ പൂതലിച്ചുകിടന്നു.
മഴയിൽ തളിർക്കാതെ
വെയിലിൽ ഉരുകാതെ
പുഴുപോലും നുരയ്ക്കാതെ..
പ്രണയം മരിച്ച ഉടൽ
തെരുവിൽ തനിയെ….

അവന്റെ നിശ്വാസങ്ങളിലാണ്
മൃതദേഹം ജീവന്റെ സ്വപ്നം കണ്ടു തുടങ്ങിയത്
അവന്റെ കൺമുനയേറ്റാണ്
അത് പ്രണയമായി ഉയിർത്തത്
അവന്റെ ചുംബനങ്ങളിലാണ്
ഉയിർപ്പിന്റെ ഹൃദയം തുടിച്ചത്
വേനലിലുരുകിയും മഴയിൽ തളിർത്തും
വസന്തത്തിൽ പൂത്തും അത് പുനർജനിച്ചു .

അവളുടെ ഉടൽ ചന്തങ്ങളിൽ ഉമ്മവച്ച് മടുത്ത്
കർമ്മകാണ്ഡങ്ങളുടെ
ഭാണ്ഡവും പേറി
നിശ്വാസമായി അവൻ
ദേശാടനത്തിറങ്ങിയ നേരത്താണ്
രണ്ടാമതും അവൾമരിച്ചത്.

ബുദ്ധാ..
കാൽപ്പാടുകളാൽ മാർഗ്ഗമടയാളപ്പെടുത്തുക
കൽത്തുണ്ടുകളിൽ മോക്ഷമാർഗ്ഗത്തിന്റെ
ജാതകകഥകൾ പകർന്നു വയ്ക്കുക
ബാക്കിയായ ജ്ഞാനകണങ്ങളെ
നിറച്ച ബോധിപത്രങ്ങളിൽ
ഊർജ്ജമെരിക്കുക.
ആശയുടെ ഉടുപുടവകളഴിച്ച്
നിഷ്കാമത്തിന്റെ മരവുരിയിൽ
ഞാനും സ്വസ്ഥമാകട്ടെ….

വയ്യെനിക്കിനിയോരു പുനർജ്ജനി.

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്