ഭാവനയുടെ കൂട്ടിരിപ്പുകാർ

എല്ലാകഥകളും നിറമുള്ള നുണകളാണ്. കെട്ടുകഥയെന്നോ വ്യാജമെന്നോ അവകളെ വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി തരിമ്പും ഇല്ല. ജീവിതം പകര്‍ത്തിയാല്‍ കഥയാകുമെന്ന കുടിലചിന്ത ഇന്ത്യന്‍ കഥാകാരന്മാരുടെ പ്രപിതാമഹനായ വിഷ്ണുശര്‍മ്മനുപോലും ഉണ്ടായിരുന്നില്ലല്ലോ. കഥയുടെ പിത്രുക്കള്‍ എന്നും ഭാവനയുടെ കൂട്ടിരിപ്പുകാരും പ്രണയികളും തന്നെയായിരുന്നു. പലവര്‍ണ്ണങ്ങളില്‍ പലമട്ടില്‍ ഭാവന ആടിത്തിമര്‍ക്കുമ്പോള്‍ കഥ പിറക്കുന്നു. ജീവിതാനുഭവങ്ങളെ പകര്‍ത്തി കഥയാക്കി ആനന്ദിക്കുന്ന നിഷ്ക്കളങ്കരെ നമുക്ക് ആദരവോടെ ഓരങ്ങളിലേക്ക് മാറ്റാം. പൈങ്കിളികളും പള്‍പ്പുമില്ലാതെ എന്ത് എഴുത്ത് ലോകം!
കഥ പിറക്കുന്നത് ഒരിക്കലും ജീവിതാനുഭവങ്ങളില്‍ നിന്നുമല്ല. കഥയുടെ ഗര്‍ഭപാത്രം ഭാവനയല്ലാതെ മറ്റൊന്നുമല്ല. ഭാവനയെന്നത് ജീവിതമല്ലെങ്കിലും ഭാവനയ്ക്ക് ജീവിതവുമായി ബന്ധമുണ്ടെന്നത് സമ്മതിക്കാം. പക്ഷേ ജീവിതം എത്ര സത്യസന്ധമായി പകര്‍ത്തിയാലും അതൊരിക്കലും ഉന്നതമായ ഫിക്ഷന്‍റെ തലത്തിലേക്ക് ഉയരില്ല. ആ അര്‍ത്ഥത്തില്‍ ജീവിതത്തെ തേടിപ്പിടിച്ച് പകര്‍ത്തുന്നത് പത്രപ്രവര്‍ത്തകരാണ്. വേശ്യയുടെയും തസ്കരന്‍റെയുമൊക്കെ ആതമകഥകള്‍ സ്വന്തമായി എഴുതിയാലും ആളെവച്ച് എഴുതിച്ചാലും അവയൊന്നും സാഹിത്യകലയുടെ ഭാഗമാകുന്നില്ല. ജീവിതാനുഭവങ്ങളും കഥയുമായുള്ള ബന്ധം ക്രോമൊസോമുകളും മനുഷ്യജീവിയും തമ്മിലുള്ള ബന്ധം പോലെയാണ്. പട്ടുനൂല്‍ പോലുള്ള ഒരു പൊക്കിള്‍ക്കൊടി അവയ്ക്കിടയിലുണ്ട് പക്ഷേ ക്രോമൊസോമല്ലല്ലോ ഭൗമമാനവന്‍.
അദ്ധ്യാപകനായിരുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെ അദ്ധ്യാപക കഥകളെ ഉദാഹരിച്ചുകൊണ്ട് ജീവിതാനുഭവങ്ങള്‍ തന്നെയാണ് കഥയെന്ന് സമര്‍ത്ഥിക്കുന്നവരുണ്ട്. കാരൂരിന്‍റെ ചില കഥകളില്‍ അദ്ധ്യാപകരും വിദ്യാലയങ്ങളും കുട്ടികളും കടന്നുവരുന്നത് ആഖ്യാനത്തിന്‍റെ പശ്ചാത്തലമായിട്ടാണ്. പ്രമേയകേന്ദ്രം പൊതുപ്രസക്തിയുള്ള മാനവികമായ ഒന്നായിരിക്കും. കാരൂരിന്‍റെ ഭാവനയുടെ ലോഞ്ചിംഗ് പാഡായി ആ പശ്ചാത്തലം ഉരുവപ്പെടുന്നേയുള്ളു.
  വിദ്യാര്‍ത്ഥിയുടെ ഇച്ചഭക്ഷണം കവരുന്ന അദ്ധ്യാപകന്‍ വിശപ്പെന്ന അനുഭവത്തിന്‍റെ തീവ്രതയെയാണ് അടയാളം ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ തന്നെ ശ്രീമലയാളപ്പെരുമയുള്ള ‘മരപ്പാവകള്‍’എന്ന കഥയിലെ നായകകഥാപാത്രം, എന്യുമറേറ്ററായി എത്തുന്ന അദ്ധ്യാപകനിലൂടെ ജീവിതം, കല, സ്ത്രീവാദം എന്ന സംവാദത്തെയാണ് കാരൂര്‍ അതീവലാവണ്യത്തോടെ എഴുതുന്നത്. മലയാളത്തിലെ പുകള്‍പെറ്റ നിരവധി കഥകളെ ഈ വിധം ഉദാഹരിക്കാനാവും.
നൊബേല്‍ സമ്മാനിതനായ തുര്‍ക്കി എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അദ്ദേഹത്തിന്‍റെ ദി നെയ്‌വ് ആന്‍ഡ് ദി സെന്‍റിമെന്‍റല്‍ നോവലിസ്റ്റ് എന്ന പുസ്തകത്തില്‍ ഈ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ വലിയൊരു മൊസെയ്കിലെ കുഞ്ഞു ഡോട്ടുകള്‍ പോലെയാണെന്നാണ് പാമുകിന്‍റെ അഭിപ്രായം. കഥയും നോവലുകളുമെല്ലാം പൂര്‍ണ്ണമായും ഭാവനയാണെന്നും അതിനെ ആ്യാനം ചെയ്യുന്നതിനായി കണ്ടതും കേട്ടതും നേരിട്ട് അനുഭവിച്ചതും വായിച്ചറിഞ്ഞതുമായ കോടിക്കണക്കായ ഓര്‍മ്മത്തുണ്ടുകളില്‍ നിന്നും ചിലതിനെ എല്ലാ എഴുത്തുകാരും ഉപയോഗപ്പെടുത്തുണ്ടെന്നും എന്നാല്‍ അതൊരിക്കലും ആ നുറുങ്ങിന്‍റെപോലും പകര്‍പ്പല്ലെന്നും പാമുക് ഇവിടെ സ്പഷ്ടമായി നിരീക്ഷിക്കുന്നുണ്ട്. ഭാവനയുടെ അനന്യമായ സ്ഫടികത്തിലൂടെ കടന്നിറങ്ങിയ ആ ഓര്‍മ്മശകലം അതിന്‍റെ ഘടനയിലും വര്‍ണ്ണക്കൂട്ടിലും വ്യതിരിക്തത പുലര്‍ത്തുന്നതായിരിക്കും. എഴുത്തുകാരന്‍ പോലും പില്‍ക്കാലത്ത് അതിനെ തിരിച്ചറിഞ്ഞുവെന്ന് വരില്ല.
ഭാവന ചെയ്യുവാനുള്ള കഴിവാണ് എഴുത്തുകാരന്‍റെ ആസ്തി. അതില്ലാത്തിടത്തോളം ജീവിതാനുഭവങ്ങള്‍ കേവലം കടന്നുപോകലുകള്‍ മാത്രമായിരിക്കും. തനിക്ക് ചുറ്റുമുള്ള ലോകവുമായി രമ്യപ്പെടാത്ത വ്യക്തിപ്രതിഭ ഒരു പ്രതിലോകത്തെ ഉള്ളില്‍ രചിക്കുന്നു. ഈ പ്രതിലോകമാണ് യഥാര്‍ത്ഥത്തില്‍ എഴുത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സ്. എഴുത്തുകാരന്‍റെയുള്ളിലെ പ്രതിലോകവും ചുറ്റുമുള്ള യഥാര്‍ത്ഥലോകവും അവിരാമമായി പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അത് നിലയ്ക്കുമ്പോള്‍ അയാളുടെ പ്രതിഭ വരണ്ട് ക്രമേണ നിശ്ചലവും അപ്രസക്തവുമാകുന്നു. ഇതിന് കാലവിത്യാസമില്ല.
ഫിക്ഷന്‍ എന്ന് വ്യവഹരിക്കപ്പെടുന്ന കഥ, നോവല്‍ എന്നിവയുടെ വായനാനുഭവം പെയിന്‍റിംഗ്, സംഗീതം, കവിത, നാടകം, സിനിമ എന്നിവയുടെ ആസ്വാദനാനുഭവത്തില്‍ നിന്നും ഭിന്നമാകുന്നതിന്‍റെ കാരണം എഴുത്തുകാരന്‍റെ ഭാവനയും അയാളുടെയുള്ളിലെ പ്രതിലോകവുമായുള്ള വേഴ്ച എഴുത്തില്‍ ആധിപത്യം പുലര്‍ത്തി നില്‍ക്കുന്നതാണ്. എഴുത്ത് ജീവിതത്തിന്‍റെ പകര്‍പ്പല്ലാതിരിക്കുമ്പോള്‍ തന്നെ അത് ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും അഗാധവുമായ രേഖയായി നിലനില്‍ക്കുന്നു. വ്യക്തിപ്രതിഭ അതിസാന്ദ്രമായ ഏകാന്തതയില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തിയാണ് എഴുത്ത്. പരിമിതമെന്നറിഞ്ഞുകൊണ്ട് അപരിമിതമായതിലേക്കുള്ള കുതിപ്പാണത്. തികവുറ്റ അറിവ് ലഭ്യമല്ലെന്നും സാദ്ധ്യമല്ലെന്നും അറിയുന്നവന്‍റെ ലോകാവിഷ്ക്കാരമാണ് എഴുത്ത്. മനുഷ്യാവസ്ഥ തുച്ഛവും നിസ്സാരവുമെന്ന് വെളിവാകുമ്പോളും ഭാവനയുടെ അനന്തവിസ്തൃതിയെ കൂട്ടുപിടിച്ച് എഴുത്തിന്‍റെ ദുരിതരമണീയതയെ അയാള്‍/അവള്‍ ഒപ്പം കൂട്ടുന്നു. ഭാവനയുടെ അജയ്യത പൂത്തുലയുന്നു. എഴുത്ത് വിജയിക്കുന്നു.
ഫിക്ഷനോളം ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്ന മറ്റൊന്നിനും മനുഷ്യന്‍ ഇനിയും രൂപം കൊടുത്തിട്ടില്ല. അനശ്വരതയുടെ ഛായയും രൂപവും എഴുത്തിനുമേല്‍ അങ്കിതമാകുന്നതിന്‍റെ കാരണവും മറ്റൊരിടത്ത് തേടേണ്ടതില്ല.
സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുണ്ട്, പിതൃക്കളുടെ മുസോളിയം, വരുവിൻ നമുക്ക് പാപം ചെയാം തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. മികച്ച പ്രവാസ എഴുത്തുകാരനുള്ള ഗലേറിയ ഗാലന്റ് അവാർഡ് വരുവിൻ നമുക്ക് പാപം ചെയാം എന്ന പുസ്തകം നേടി. കൈരളി കഥാപുരസ്‌ക്കാരം, പൊൻകുന്നം വർക്കി അവാർഡ്, ദല കൊച്ചുവാവ പുരസ്ക്കാരം, ഓറ കഥ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും നേടി.