ഭാര്യ

താലിച്ചരടിൽ സ്വപ്നങ്ങളും താങ്ങി
ജീവിത പടികൾ കയറിയവൾ
വന്ന വഴികളെ തച്ചുടച്ചെനിക്കായി
നവപാതകൾ കെട്ടിപ്പെടുത്തിയവൾ

എൻ്റെ കണ്ണുകളിലൂടെ
ലോകം കാണുമ്പോഴും പരിഭവപെടാത്തവൾ
പരാതികളില്ലാതെ
എച്ചിൽ പാത്രങ്ങൾ കഴുകിയവൾ

എൻ്റെ സന്തോഷങ്ങളിൽ
വാചാലയായവൾ,
ദു:ഖങ്ങളിൽ മൗനിയും

എൻ്റെ  ബീജത്തെ
പത്തുമാസം ചുമന്നവൾ
കിനാവുകളെ ഇരുട്ടിലേക്കയച്ച്
എൻ്റെ ചിറകുകളെ പരിപാലിച്ചുവൾ

എൻ്റെ സ്വഭാവത്തിലെ
വേലിയേറ്റവുമിറക്കവും
അവളിൽ ആശങ്കളും ഭീതിയും
നിഴലിക്കുമെന്നു ഞാൻ മറന്നു

ഇന്നു ഈ ഉപ്പിട്ട ചായ
അറിയിക്കുന്നു,
യഥാർത്ഥ വികലാംഗൻ ഞാനെന്നും
അവളുടെ കരങ്ങളിൽ
ഞാനായിരുന്നു സുരക്ഷിതനെന്നും

അവളില്ലായിമ്മയിൽ
ശൂന്യതയുടെ കാരാഗ്രഹത്തിലേക്ക്  
വഴുതി വീഴുമ്പോൾ
ഞാൻ തിരയുന്നു,
എൻ ജീവിത പ്രകാശത്തെ.

കൊല്ലം ജില്ലയിൽ മുണ്ടക്കൽ സ്വദേശി. എഞ്ചിനീയർ ആയി വർക്ക്‌ ചെയുന്നു. ആദ്യ പുസ്തകം : യഥാർഥ്യത്തിന്റെ തീരങ്ങളിൽ (കവിതസമാഹാരം). ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.