ഭയം

കുട്ടിക്കുറുമ്പനാം കുട്ടനന്നൊരു ദിനം,
വേല കാണാൻ പോയ സന്ധ്യാനേരം.
കൗതുകക്കാഴ്ചകൾ കണ്ടു നടക്കുവാൻ
കൂട്ടിന്നൊരു പറ്റം സ്വന്തക്കാരും.

ആനപ്പുറത്തുണ്ട് ആളുകളങ്ങനെ
ആലവട്ടം വീശിവീശി നിൽപ്പൂ.
മേളം മുറുകിയ നേരമവനപ്പോൾ
തലയാട്ടി വിരൽ കൊണ്ടു താളമിട്ടു.

വരിയായി വഴി നീളെ തൂക്കിയിട്ട
കളിച്ചെണ്ട വേണമെന്നവനു വാശി.
പൂരപ്രഭയിൽ മുഴുകി നിൽക്കേ
അമ്മതൻ ശ്രദ്ധയുമൊന്നു പാളി.

കൈവിരൽത്തുമ്പു സ്വതന്ത്രമായി,
പിടിവിട്ടു കുട്ടൻ നടന്നകന്നു.
എൻകുഞ്ഞെവിടെയെന്നമ്മ ചൊല്ലി,
ആലിൻ ചുവടുമതേറ്റു ചൊല്ലി.

ആനപ്പുറത്തൊരു കുട്ടിയുണ്ടെന്നാരോ
ഉച്ചത്തിലാർത്തു വിളിച്ചു കൂവി.
പൊൻകണിച്ചന്തത്തിൽ നാവുകളൊക്കെയും,
ധീരനാം കുഞ്ഞവനെന്നു വാഴ്ത്തി.

ആനപ്പുറത്തൊന്നു കേറീടുവാൻ
മോഹമുണ്ടെന്നവൻ ചൊല്ലിയത്രേ.
ദൂരെ തൻവീട്ടിലെ കുഞ്ഞിൻ മനം
പാപ്പാനുമൊരു വേളയോർത്തു കാണും.

കാപട്യമില്ലാത്ത പൈതങ്ങളൊക്കെയും
ധൈര്യത്തിൻ നിറകുടമായിരിക്കും.
മൂത്തവർ പാകുന്ന വിത്തു ഭയം
അനുഭവം പകരുന്ന അറിവും ഭയം.

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി ഗവ.യു.പി.സ്ക്കൂൾ അധ്യാപികയാണ്. കവിതകളും കഥകളും വിവരണങ്ങളും എഴുതാറുണ്ട്. മൗനത്തിന്റെ നിഘണ്ടു എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.