ബൗണ്ടറിക്കപ്പുറത്തേയ്ക്ക്

അനക്കംവയ്ക്കാൻ വെമ്പുന്ന
വട്ടക്കണ്ണടക്കാലുകൾ
അടങ്ങാത്ത കൈത്തരിപ്പിൽ
ചാരിയിരിക്കുന്ന ഊന്നുവടി.

ഇനിയും സമയമായില്ലേ-
യെന്ന്, എത്തിനോക്കുന്ന
തൂക്കു ഘടികാരത്തിന്റെ ആന്ദോളനം

വിണ്ടുകീറിയ പരുത്തിവയലിന്റെ
ക്ഷാരരുചിയുള്ള ദുഃസ്വപ്നങ്ങളിൽ
ചുറ്റിപ്പിരിയുന്ന അഴലിൻ നൂലിഴകൾ

സത്യാന്വേഷണ പുസ്തകത്തിൽ
പേജുമാർക്കറായി തിരുകിവച്ച
ഉണങ്ങിയ ഉമ്മത്തിൻ തണ്ടിനുള്ളിലെ
ശൂന്യതയിൽ നിറയാൻ വെമ്പുന്ന
പുകയിലച്ചൊരുക്ക്

കരിഞ്ഞ പുൽകാടുകൾക്കിടയിൽ
അക്ഷമരായ കഴുതപ്പുലികളുടെ
കുറുകിയ ചിരികൾ !

പ്രാണഭയത്തിൻ അലയൊലികൾ
ദിശാസൂചകങ്ങളാവുമ്പോൾ
ഉതിരുന്ന രക്തവും മാംസവും തേടി
പതിഞ്ഞു സഞ്ചരിക്കുന്നവർ

കാലടിയിൽ പറ്റിപ്പിടിച്ച
മണ്ണുപോലും തൂത്തെറിഞ്ഞ്
ഒരു സിക്സറിൻ ആരവത്തോടെ
ബൗണ്ടറിക്കപ്പുറത്തേയ്ക്ക്
തൊടുത്തു വിടാൻ
അരൂപികളായെത്തുന്നവർ

“ഹേ .. റാം” എന്ന് ചങ്കിലുരയുന്ന
വാക്കുകളിൽ കിനിയുന്നൂ-
ഇരുമ്പു ചുവയ്ക്കുന്ന ഉപ്പുരസം

ചെറിയൊരു ആൾക്കൂട്ടം കാണുന്നു
ആകാശത്തേക്ക് പൊടിയുയരുന്നുമുണ്ട്
അതൊരു തെരുവുസർക്കസാണെന്ന്
ആശ്വസിയ്ക്കുക ,
വഴിമാറി പൊയ്ക്കൊള്ളുക !

മലപ്പുറം ജില്ലയിൽ എരമംഗലം എന്ന സ്ഥലത്ത് സ്ഥിരതാമസം. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.