ബാലസാഹിത്യശ്രേണിയില് 1877 ല്‍ ഇറങ്ങിയ ഒരു നോവല്‍ ആണ് ബ്ലാക് ബ്യൂട്ടി . മനുഷ്യരുടെ വികാര വിചാരങ്ങളെ ശരിയായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതെ പോകുന്ന എഴുത്തുകാരുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് അന്നാ സിവെൽൻ്റെ ബ്ലാക് ബ്യൂട്ടി എന്ന നോവല്‍ വായനക്കെടുക്കുന്നത്. വായിച്ചു പൂര്‍ത്തിയാക്കും വരേയ്ക്കും ഇതൊരു ബാലനോവല്‍ ആണ് എന്നത് തോന്നിയിട്ടേയില്ല. പക്ഷേ ഈ നോവല്‍ വായന തന്ന അത്ഭുതം അതൊന്നുമല്ലായിരുന്നു . ഒരു നോവല്‍ , ഒരു ആത്മകഥ തികച്ചും സന്തോഷകരമായ ഒരു ജീവിത കഥയുടെ ആവിഷ്കാരം ആയി വായിച്ചു പോകുന്ന ഈ നോവലിലെ പ്രധാന കഥാപാത്രം ബ്ലാക് ബ്യൂട്ടി എന്നു പേരുള്ള ഒരു കുതിരയാണ് എന്നത് വായനയില്‍ അതിശയമേകിയ സംഗതിയാണ് . ഒരു പണിക്കിറങ്ങിയാല്‍ അത് ഭംഗിയായി ചെയ്തുതീര്ക്കാന് കഴിഞ്ഞില്ലെങ്കില്‍ അതൊരിക്കലും നല്ലൊരു ഫലം നല്കില്ലല്ലോ . പൂര്‍ണ്ണമായും ഒരു കുതിരയുടെ ആത്മഭാഷണമായി തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ നോവല്‍ , വളരെയേറെ ആഴത്തില്‍ കുതിരകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത ഒരു കൃതിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമേയില്ല . ഒരു നല്ല നിരീക്ഷകന് മാത്രമേ ഒരു വ്യക്തിയേയോ വസ്തുവിനെയോ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയൂ. സൂക്ഷ്മമായ ശ്രദ്ധയോടെ കുതിരകളുടെ മനസ്സ് പഠിച്ച് എഴുതിയ ഈ നോവല്‍ എന്തുകൊണ്ടും മികവുറ്റതും അഭിനന്ദാര്‍ഹവുമായ ഒന്നാണ് . ഒരു കുതിരയുടെ യൗവ്വനവും മധ്യവയസ്സും വളരെ മനോഹരമായി ഈ നോവലില്‍ പറഞ്ഞു പോകുന്നു . അതിന്റെ കാഴ്ചയിലൂടെ തന്റെ കാലവും ചുറ്റുപാടും മനുഷ്യരും അവരുടെ ചിന്തകളും പ്രവര്‍ത്തികളും സഹജീവി സ്നേഹവും മൃഗങ്ങളോടുള്ള സമീപനവും കുടുംബജീവിതവും ബന്ധങ്ങളും ഒക്കെയും അവതരിപ്പിക്കുകയാണ് ഈ നോവലില്‍.
സുഖസമൃദ്ധമായ ഒരു ജീവിതം കിട്ടിയിരുന്ന കുടുംബത്തില്‍ നിന്നും വിധിയുടെ തിരക്കഥയില്‍ പെട്ട് പല പല സങ്കടങ്ങളില്‍ക്കൂടി കടന്നു പോയി ഒടുവില്‍ സമാധാനമായ ഒരു വാര്‍ധക്യം ലഭിക്കുന്ന ബ്ലാക്ക് ബ്യൂട്ടി വായനയില്‍ പലപ്പോഴും സങ്കടപ്പെടുത്തുന്നുണ്ട് . സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു കുതിര എന്തൊക്കെ പറയുമായിരുന്നു എന്നൊന്ന് ചിന്തിച്ച് നോക്കുക എന്നതാകണം എഴുത്തുകാരിയുടെ മനസ്സ് ചിന്തിച്ചിട്ടുണ്ടാകുക . ഒരാള്‍ മറ്റൊരാളായി മാറി നിന്നുകൊണ്ടു ആ ആളെ അവതരിപ്പിക്കണം എങ്കില്‍ അയാളുടെ ഭാഷയെങ്കിലും നമുക്ക് സ്വന്തമായിരിക്കണം എന്ന പൊതുബോധത്തെ അതിസമര്‍ത്ഥമായി ഈ എഴുത്തുകാരി അവഗണിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുന്നു . പതിനെട്ടാം നൂറ്റാണ്ടിന്റെ ജീവിതത്തെ , സാമൂഹ്യകാഴ്ചപ്പാടിനെ , രാഷ്ട്രീയത്തെ , മനുഷ്യബന്ധങ്ങളെ മതത്തെ ഒക്കെ വളരെ വ്യക്തമായും സത്യസന്ധമായും ഈ നോവലില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിരിക്കുന്നു . നമുക്കെല്ലാമറിയാവുന്നതാണ് ഒരു നൂറ്റാണ്ടിന് മുന്‍പ് നാമൊക്കെ യാത്രയ്ക്കുപയോഗിച്ചിരുന്നത് കാളകളെ ആയിരുന്നു എന്നു . ഇതേ കാലഘട്ടം യൂറോപ്പിന്റെ തെരുവുകള്‍ കേട്ടിരുന്നത് കുതിരക്കുളമ്പടിയായിരുന്നു എന്നതാണു വ്യത്യാസം . ഇന്നത്തെ മോട്ടോര്‍ വാഹനങ്ങളുടെ സ്ഥാനത്ത് മനുഷ്യരെയും സാധനസാമഗ്രികളെയും വഹിച്ചുകൊണ്ട് പോയിരുന്ന പ്രധാന ഗതാഗതമാര്‍ഗ്ഗം മൃഗങ്ങള്‍ ആയിരുന്നു . പ്രത്യേകിച്ചും കുതിരകള്‍. ഓരോ ദേശത്തിനും ഓരോ മൃഗങ്ങള്‍ . ചിലയിടങ്ങളില്‍ കഴുതകള്‍ ചിലയിടങ്ങളില്‍ കാളകള്‍ ചിലയിടങ്ങളില്‍ മനുഷ്യര്‍ അതങ്ങനെ ഓരോ ദേശമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാല്‍ അവയോട് അല്പമെങ്കിലും മനുഷ്യത്വപരമായി പെരുമാറുന്ന ഉടമസ്ഥര്‍ ഉണ്ടായിരുന്നിട്ടുണ്ടാകുമോ? വളരെ കുറവാകും അത്തരം മനുഷ്യര്‍ . ഒരു സംസാരശേഷിയില്ലാത്ത ജന്തു എന്നതിനപ്പുറം ഒരു മാനുഷിക പരിഗണനകളും ഇത്തരം മൃഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല അധികയിടങ്ങളിലും. അതിനാല്‍ത്തന്നെ ആ കാലഘട്ടത്തിന് ഒരു താക്കീതുപോലെ , ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ബ്ലാക്ക് ബ്യൂട്ടി എന്ന നോവല്‍ ചരിത്രത്തില്‍ ഇടം നേടുന്നു . ഒപ്പംതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ നോവല്‍ ആധുനിക സാഹിത്യകാര്‍ക്കും ഒരു വഴികാട്ടിയാണ് എന്നതാണു . എങ്ങനെയാണ് ഒരു വ്യക്തിയെ അവതരിപ്പിക്കേണ്ടത് എന്നതും എങ്ങനെയാണ് ഒരു ചരിത്രം നിര്‍മ്മിക്കപ്പെടേണ്ടത് എന്നും അവശ്യം മനസ്സിലാക്കാന്‍ ഈ നോവല്‍ സഹായിക്കുക തന്നെ ചെയ്യും. വിഷയങ്ങള്‍ ഇല്ലാതെ ഇരുട്ടില്‍ തപ്പിനടക്കുന്ന എഴുത്തുകാര്‍ക്ക് ഇതൊരുപക്ഷേ നല്ല ഒരു വഴികാട്ടി തന്നെയായിരിക്കും .
കുട്ടിക്കാലത്തു വായിച്ച ഒരു കഥ ഇത് പറയുമ്പോള്‍ ഓർമ്മ വരുന്നുണ്ട് . മഴയും വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ ഒരു വീടിന്റെ പുരപ്പുറത്ത് അവശേഷിച്ച നായയുടെ കഥ . ഒടുവില്‍ ഒരു മുതലയുടെ വായില്‍ അകപ്പെടും വരെ മരണത്തിന്റെ ചുഴിയില്‍ വീണു കിടന്നും തന്റെ വീടിനെ കാക്കാന്‍ ശ്രമിച്ച ഒരു നായയുടെ കഥ . അപ്പോള്‍ എഴുതാന്‍ അറിയുന്നവര്‍ക്ക് വിഷയങ്ങള്‍ ഉണ്ട് . അതിനെ ശരിയായായ രീതിയില്‍ ഒന്നെഴുതിപ്പിടിപ്പിക്കാന് ഉള്ള കഴിവ് മാത്രം മതിയാകും. നിര്‍ഭാഗ്യവശാല്‍ എങ്ങനെയും പത്തുപേര്‍ അറിയാന്‍ എന്താണ് വഴിയെന്ന് നോക്കി കുറുക്കു വഴിയിലൂടെ എന്തെങ്കിലും തപ്പിപ്പിടിക്കുക എന്നതാണു ഇന്ന് എഴുത്തുകാരുടെ രീതി . അതുകൊണ്ടൊക്കെത്തന്നെയാണ് നിരവധിപേര്‍ ചേര്‍ന്നെഴുതുന്ന ഒറ്റനോവലിന്റെ ഗതികേടുകളിലേക്ക് സാഹിത്യരംഗം ചെന്നു ചാടുന്നത് . ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ ചിന്തകളെയും ജീവിതത്തെയും കുറിച്ച് ഒരുകൂട്ടം ആള്ക്കാര് എഴുതുന്ന കഥകളെ ഒരാള്‍ എഡിറ്റ് ചെയ്ത് ഒരൊറ്റ നൂലില്‍ കെട്ടിയാല്‍ അത് നോവല്‍ ആയി എന്നൊരു ചിന്തയിൽ നിന്നൂർന്ന പരീക്ഷണം അടുത്തിടെ കാണുകയുണ്ടായി . ന്യായവാദങ്ങള്‍ ഒരുപാട് കേള്‍ക്കുകയും ഉണ്ടായിട്ടുണ്ട് അതിനെക്കുറിച്ച് . വായനക്കാരുടെ അഭിപ്രായങ്ങള്‍ ആണല്ലോ ആത്യന്തികമായ മൂല്യ നിര്‍ണ്ണയം . ആയതിനാല്‍ ആ വിഷയം അധികം പറയാന്‍ തോന്നുന്നില്ല . നല്ലൊരു എഴുത്തുകാരന് നല്ലൊരു വായനക്കാരന് കൂടിയാകണം അതിനാല്‍ത്തന്നെ എല്ലാ എഴുത്തുകാരും, വായിച്ചിട്ടില്ലാത്തവര്‍ വായിക്കണം എന്നു പറയാന്‍ , ചൂണ്ടിക്കാണിക്കാന്‍ ബ്ലാക്ക് ബ്യൂട്ടിയെ മുന്നോട്ട് വയ്ക്കുന്നു .
ബ്ലാക് ബ്യൂട്ടി (നോവല്‍)
അന്നാ സിവെൽ
ഡി സി ബുക്സ്
ഫ്രീ ഇ ബുക്ക്