ബ്രാസൻ കാള

കഷ്ടിച്ച് ഒരാൾക്ക് കിടക്കാം
ഇഷ്ടത്തോടെ ഉണ്ടാക്കിയ യന്ത്രമാണ്…
റപ്പായി അച്ചനെ നോക്കി…

യന്ത്രമോ?
പോൾ അച്ചൻ ആശ്ചര്യപ്പെട്ടു….
പിന്നില്ലാതെ…..
കേട്ടിട്ടുണ്ടോ….

പുണ്യ പുരാതന ഗ്രീസിലെ യന്ത്രം…..
ബ്രാസൻ കാള….

മനുഷ്യന്റെ ശബ്ദം
കാളയുടേതായി മാറുന്ന അത്ഭുതം….
ആർത്ത നാദം കേൾക്കാം
കാളകൂറ്റന്റെ അമറൽ പോലെ…
നേർത്തു നേർത്തു വായുവിൽ
അലിഞ്ഞു ചേരും….
ജീവൻ പിടയുന്നത് കാണേണ്ട….
എന്തൊരു രസം….
കേൾക്കാം പുതുയന്ത്രത്തിൻ ഒച്ച….
ഹാ… ഹാ…. മനോഹരം…. അത്ഭുതം….

പേരിലുസ് ചെമ്പിൽ വാർത്തെടുത്ത യന്ത്രം….
പേരിലുസ്നെ തന്നെ
യന്ത്രത്തിലിട്ടു പൊരിച്ചു രസിച്ച
ഫലറിസ് സ്വർഗ്ഗവനി പൂകിയതും
ഈ പുണ്യ പുരാതന രീതിയിലാണ്….

ഹാ…. ദിവ്യർ….
അവർ ദേവകൾ…..
റപ്പായി പിറുപിറത്തു….

എന്നിട്ട്?
പോൾ അച്ചൻറെ നെറ്റി ചുളിഞ്ഞു….

പിന്നെയും നാളുകൾ
കാളകൂറ്റൻ അലറി…..
പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം
സെന്റ് എസ്ടുസ്നെ കാള വിഴുങ്ങി….
അലറൽ കേട്ടു റോം ചിരിച്ചു…

ഹോ കഷ്ടം….
പോൾ അച്ചൻ പരിതാപിച്ചു….
എന്നിട്ടിപ്പോ ആ യന്ത്രമേവിടെ ചങ്ങായി…..

ഇവിടുണ്ട് അച്ചോ?
റപ്പായി പറഞ്ഞു….

ഇവിടെയോ?
അച്ചന്റെ ശബ്ദം പതറിയോ?

ഹാ….ഇവിടെ തന്നെ….
ആ കാള കൂറ്റന്റെ അമറൽ
എനിക്കിപ്പോഴും കേൾക്കാം അച്ചോ?

എവിടെ?

ഗ്രീസിൽ നിന്ന് ഓരോ നാടുകൾ കടന്ന്
ഇങ്ങ് ഭാരതത്തിൽ എത്തി അച്ചോ അത്….
അല്ല എത്തിച്ചു….
റപ്പായി ചിരിയോടെ പറഞ്ഞു….

ആര്?
പോൾ അച്ചൻ ഒന്ന് വിറച്ചു

അച്ചന്റെ പുതിയ ചാർച്ചക്കാരെ….
ഒത്തിരി കഷ്ടപെട്ടെങ്കിലും സാധനം ഇങ്ങേത്തി….
റപ്പായി കൈകൾ കൂട്ടിത്തിരുമ്മി….

ഫിലിപ്പും….. തിമോത്തിയും
അവന്റെ വയറ്റിൽ ആയിരുന്നില്ലേ അച്ചോ….
ആ കുഞ്ഞുമക്കളുടെ നിലവിളി
എനിക്ക് കേൾക്കാം അച്ചോ….

അല്ല… അച്ചൻ പൊയ്ക്കോ ഇന്ന് വിരുന്നല്ലേ….
കാള കാണാത്തില്ല അച്ചോ
അവർക്കത് തിന്നാൻ പാടില്ല…
അച്ചൻ ചെന്നാട്ടെ.

തിരുവനന്തപുരം സ്വദേശിയാണ്, ഇപ്പോൾ താമസം ഗുജറാത്തിലെ ബറോഡയിൽ. ഫുഡ്‌ കോര്പറേഷൻ ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോളർ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളിലും മറ്റും കവിതകൾ എഴുതാറുണ്ട്.