ബ്രാണ്ടി കുന്ന്

കുഞ്ഞാമൻ എന്നായിരുന്നു അയാളുടെ പേര്..
കുറെ…..കുറെ കാലം മുന്നേ…. സുനാമി എന്ന അടയാളതിര കേരളം നീളെ വരഞ്ഞു വയ്ക്കുന്നതിനൊക്കെ മുമ്പ്, നാട് വിട്ടു പോയ കുഞ്ഞാമൻ കുന്നിൻ കീഴെ ഗ്രാമത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.!

തിരിച്ചെത്തിയത്തിൻ്റെ രണ്ടാം നാൾ വൈകിട്ട് നഗരത്തിലേക്ക് ബസ് കയറിയതായിരുന്നു, കുന്നിൻ കീഴെ ഗ്രാമകാരനായ കുഞ്ഞാമൻ. പണ്ട് നാൽപ്പത്തിരണ്ടിൽ ഒരു നട്ട പാതിര നേരത്ത് മൂന്ന് കമ്യൂണിസ്ററ്കാരെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇറക്കി കൊണ്ട് വന്ന് വെടിവച്ചു കൊന്ന് തള്ളിയ ചോപ്പൻ കുന്ന് കയറുമ്പോൾ കെ പി ട്രാവൽസ് ബസ്സിൽ നിന്ന് കുഞ്ഞാമൻ തല പുറത്തോട്ടിട്ടു നോക്കി. റോഡ് നീളെ നീണ്ടു പോവുന്ന ഊക്കൻ ജാഥ !

ചോപ്പൻ കുന്നൊരു ഊക്കൻ കുന്ന് തന്നെയായിരുന്നു. അതിനു ചുറ്റും വട്ടം പിടിച്ചു നിൽപാണ് കുന്നും കീഴെയെന്ന കുഞ്ഞാമൻ്റെ ഗ്രാമം. നഗരത്തിൽ നിന്ന് കുന്നും കീഴെ ഗ്രാമത്തിലേക്ക്….. അല്ലെങ്കിൽ ചോപ്പൻകുന്നും കടന്ന് കുറച്ചകലെ കൊയ്യുമ്മൽ ടൗണിലേക്ക് പോവുന്ന വാഹനത്തിൽ ഇരിക്കുന്ന ഒരാള് കട്ടാമ്പള്ളി പാലം കടന്നാൽ അദ്യം കാണുക അങ്ങ് ദൂരെ ചോപ്പൻ കുന്നിൻ്റെ നെറുകയിൽ പാറുന്ന ഒരു ചുവന്ന കൊടിയായിരുന്നു.!

രക്ത സാക്ഷികളുടെ കൊടിയാണത്..!
അവരുടെ ചോര കൊണ്ട് ചുവന്നതാണ് ആ കൊടിയെന്ന് കുന്നിൻ കീഴെ ഗ്രാമത്തില് ജനിച്ചു വീണ ഓരോ മനുഷ്യനും വിശ്വസിച്ചിരുന്നു. അഥവാ അവരെ അങ്ങനെയൊക്കെ വിശ്വസിപ്പിച്ചിരുന്നു. കേരള ചരിത്രത്തിലെ ആദ്യത്തെ “പൊളിറ്റിക്കൽ എൻകൗണ്ടർ ” ആവും ചോപ്പൻ കുന്നിലെ ആ മൂന്ന് കൊലപാതകങ്ങൾ..!!

ദൂരെ നിന്ന് നോക്കുമ്പോൾ പോലും പേരിനെ അന്വാർത്ഥമാക്കുന്ന വിധം ചുവപ്പ് കാണുന്ന തരത്തിൽ ഏറ്റവും മുകളിൽ തന്നെ കടും ചുവപ്പ് ഇനാമൽ പെയിൻ്റ് അടിച്ച ചുവരുകളുള്ള ഒരു സ്മൃതി മണ്ഡപം വെടി വെയ്പ്പ് നടന്ന് കുറെ വർഷം കഴിഞ്ഞ ശേഷം കെട്ടി പൊക്കിയിട്ടുണ്ട്. അപ്പോഴേക്കും ചോപ്പൻകുന്നിൽ ജീവൻ വെടിഞ്ഞവരുടെ പ്രസ്ഥാനം നാടിൻ്റെ ഭരണം നേടിയിരുന്നു. കിഴക്ക് നിന്ന് സൂര്യൻ ഉദിക്കും നേരം മുതൽ വൈകിട്ട് കടലിൽ താഴും വരെ അതിൽ തട്ടി നേരിയ ചുവന്ന വെളിച്ചത്തിൻ്റെ പ്രതിഫലനം അവ്യക്തമെങ്കിലും കുന്നിൻ കീഴെ ഗ്രാമം മുഴുവൻ വീണു കിടക്കും. സ്മൃതി മണ്ഡപത്തിൻ്റെ ഒത്ത നടുവിൽ നിന്നൊരു കവുങ്ങിൻ വണ്ണമുള്ള ഇരുമ്പ് പൈപ്പ് നാട്ടിയിട്ടുണ്ട് .അതിൽ ഓരോ വർഷവും മെയ് മാസം ആയിരങ്ങളുടെ തൊണ്ട പൊട്ടുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ കയറി പോകുന്ന ചുവന്ന കൊടി അടുത്ത വർഷം അതേ ദിവസം വരെ ഗ്രാമത്തിൻ്റെ ഏത് ഭാഗത്ത് നിന്നും കാണും വിധം പാറി നില്കുന്നത് ഒന്നാം ക്ലാസിൽ പോയി തുടങ്ങുമ്പോൾ മുതൽ കുന്നരു ഗ്രാമത്തിലെ കുഞ്ഞുങ്ങൾ കണ്ടുവളർന്നു. മുതിർന്ന കുട്ടികൾ ആവേശം അനിയന്മർക്ക് പകർന്നു കിട്ടും വിധം ചോപ്പൻ കുന്നിൻ്റെ ഉച്ചിയിലെ ആ ചുവന്ന പൊട്ട് പോലെ കാണുന്ന കൊടിയുടെയുടെയും മണ്ഡപത്തിൻ്റെയും കഥ അവർക്ക് പറഞ്ഞു കൊടുത്തു. വെള്ളക്കാരനായ പോലീസ് മേധാവി കമ്യൂണിസ്റ് പാർട്ടി മൂർദാബാദ്‌ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ഇൻക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചതായുള്ള രോമാഞ്ചം കൂടി കൂട്ടി ചേർത്ത് തലമുറകൾ കൈമാറിവന്ന കഥ കേട്ട് വളർന്ന ആൺ കുട്ടികളൊക്കെ ചോപ്പൻ കുന്നിലെ ധീരൻമാരെ പോലെ ആവാനുള്ള കൊതി ജീനുകളിൽ കൊളുത്തി വച്ചു. പെൺകുട്ടികളാണെങ്കിൽ കല്യാണ പ്രായം ആവുമ്പോൾ ചോപ്പൻ കുന്നിലെ ഉശിരൻമാരെ പോലെ തോക്കിൻ മുൻപിൽ നെഞ്ച് വിരിച്ചു നൽകാൻ മാത്രം ഉൾകരുത്തുള്ള ഒരുത്തൻ വേണം തന്നെ കെട്ടാൻ വരേണ്ടത് എന്ന് കൊതിച്ചു. അതിൽ ചിലരെയെങ്കിലും തോക്കിനേ പേടിതീർന്ന പട്ടാളക്കാർ താലി കെട്ടി കൊണ്ട് പോയി. അങ്ങനെ പോയവര് എസ്‌കെ പൊറ്റെക്കാടിൻ്റെ അതിരാണിപാടത്തിലെ ബസ്ര കുഞ്ഞാപ്പുവിനേ കടത്തി വെട്ടുന്നത്ര പൊടിപ്പും തൊങ്ങലും ചാർത്തി യുദ്ധകഥകൾ ഭാര്യമാരോട് പറഞ്ഞു കൊടുക്കുന്നത് കൊണ്ട് പട്ടാളകാർ കെട്ടിയ കുന്നുംകീഴിലെ പെണ്ണുങ്ങൾ ചോപ്പൻ കുന്നിലെ കഥകൾ മറന്നു പോവുകയും ചെയ്തു. മറ്റ് കുറെ യുവതികൾ മുദ്രാവാക്യം വിളിയിൽ മാത്രം ധീരതയുള്ള ഏതേലും സഹകരണ സ്ഥാപനങ്ങളിലെ പാർട്ടി തൊഴിലാളികളുടെ ഭാര്യമാരായി. പക്ഷേ ഇവരെല്ലാം തന്നെ ചോപ്പൻ കുന്നിൻ്റെ ഇതിഹാസ തുല്യമായ അതിൻ്റെ ഇടം ഉള്ളിൽ നിലനിർത്തി. അടുത്ത തലമുറയിലേക്ക് അത് പകർന്നും കൊടുത്തു

വാലറ്റം കുന്നിൻ്റെ താഴെ വരെ നീളുന്ന ഒരു വമ്പൻ ജാഥയായിരുന്നു കുഞ്ഞാമൻ ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട് നോക്കുമ്പോൾ കണ്ടത്. ചോപ്പൻ കുന്നിലെ രക്തസാക്ഷികളെ കുറിച്ചും വർഷാവർഷം നടക്കുന്ന രക്തസാക്ഷിദിന പ്രകടനത്തെ പറ്റിയുമൊക്കെ അപ്പോഴാണ് കുഞ്ഞാമന് ഉള്ളിൽ കത്തിയത്…!

അയാളുടെ ജീനുകളിൽ കാലങ്ങളായി ഉറങ്ങി കിടന്ന ഒരാവേശം നുരയിട്ട് തുളുമ്പി. അപ്പോ തന്നെ കുഞ്ഞാമൻ ബസ്സിൽ നിന്ന് ചാടിയിറങ്ങി ജാഥയുടെ ഏറ്റവും പിറകിൽ അണി ചേർന്നു നിന്നു. രണ്ടു മുദ്രാവാക്യം വിളിക്കാൻ കൊതി വന്നു പോയി, കുഞ്ഞാമന്. മുഷ്ടി ചുരുട്ടി ആകാശങ്ങളെ വിറപ്പിക്കാൻ വീണ്ടും കൈകളു തുടിച്ചു പോയി… കുഞ്ഞാമന് …!

പക്ഷേ ,എന്ത് ചെയ്യാൻ.! കുന്ന് കയറി പോകുന്ന നീണ്ട നിരയുടെ അവസാന കണ്ണിയായി ചേർന്നപോഴാണ് അതൊരു മൗന ജാഥയായിരുന്നു എന്നത് കുഞ്ഞാമൻ തിരിച്ചറിയുന്നത് .. ശ്മശാനത്തിലേക്ക് നീങ്ങുന്നവരെ പോലെ നിശബ്ദമായ ഒരു ജാഥ .! ഇത്രമേൽ നിശബ്ദമായൊരു ജാഥ ഇന്നേ വരെ കണ്ടിരുന്നില്ല കുഞ്ഞാമൻ. അല്ലെങ്കിലും ഒരു പാട് കാലമായി ജാഥയും പാർട്ടിയും ഒന്നുമില്ലാത്ത ഒരിടത്തായിരുന്നല്ലോ, ഇത്ര കാലവുമയാൾ !!

വാട്സാപ്പ് കാലത്തെ ജാഥയ്ക്ക് മുദ്രാവാക്യം വിളിയും ഇല്ലാതെയാണല്ലോയെന്ന കൗതുകതോടെ മുന്നിൽ ഒരു ചുവന്ന കൊടിയെങ്കിലും കാണാനുണ്ടോ എന്നയാൾ വലത് ഭാഗത്തേക്ക് കഴുത്ത് നീട്ടിനോക്കി. കൊടി കണ്ടില്ല! അയാൾക്ക് പിറകിൽ സൂര്യൻ അസ്തമയ പോസ്റ്റർ എഴുതി ബാക്കി വന്ന ചുവപ്പ് കടലിൽ കലക്കി കഴിയുമ്പോഴേക്കും കൊടി കാണുമെന്ന് അയാള് പ്രതീക്ഷിച്ച മുൻ ഭാഗത്ത് ബിവറേജസ് ഷോപ്പിൻ്റെ ബോർഡിലെ എൽ ഇ ഡി സൂര്യന്മാർ ഉദിച്ചു വന്നുകഴിഞ്ഞിരുന്നു. കുഞ്ഞാമൻ്റെ പിറകിൽ ഓടി കിതച്ചെത്തിയ പയ്യൻ അപ്പോ വന്ന വോയ്സ് മെസേജിൽ വിരൽ തൊട്ടു:

“ഷെയർ രണ്ടാളും കൂടി ഉണ്ടെടാ മുത്തേ…… ….ഫുൾ ഒന്നു പോരാ .. രണ്ടു വാങ്ങിക്കോ…നാല് ബിയറും…”
കുഞ്ഞാമൻ അപ്പോഴേക്കും കൗണ്ടറിന് മുന്നിൽ എത്തി കഴിഞ്ഞിരുന്നു…!

“ഏതാ ബ്രാൻഡ്?” വിൽപ്പനക്കാരൻ തിരക്ക് പിടിച്ച് മുരണ്ടപ്പോഴേക്കും മറ്റൊരു ജാഥ ചോപ്പൻ കുന്നിൻ്റെ നെറുകയിൽ നിന്നും താഴോട്ട് ഇറങ്ങി തുടങ്ങിയിരുന്നു…! താഴോട്ട്….താഴോട്ട് പോവുന്ന ഒരു കൊടി അതിൻ്റെ മുന്നിൽ ഒരാള് പിടിച്ചിട്ടുണ്ടെന്നും കുഞ്ഞാമൻ കണ്ടു. കടലിൽ മുങ്ങി പോവുന്ന കപ്പലിൻ്റെ കൊടിയാവും അവസാനം വരെ കാണുക എന്നു പഴയ ഭൂമിശാസ്ത്രം കുഞ്ഞാമൻ തെറ്റായി തികട്ടി എടുത്തു. പക്ഷേ അങ്ങനെ പറഞ്ഞാലും ശാസ്ത്രം തെറ്റില്ലല്ലോ… എത് കപ്പലിനും ഒടുവിൽ മുങ്ങി പോവുന്നത് ഒരു കൊടി തന്നെയാവും….! തല വരെ മുങ്ങി കഴിഞ്ഞാലും അകാശങ്ങളിലേക്ക് ചുരുട്ടി പിടിച്ച ഒരാളുടെ മുഷ്ടി പോലെ അത് കരുത്ത് കാട്ടാൻ നോക്കും… എന്നിട്ട് അതു പോലും അറിയാതെ മുങ്ങി തീരും.!

ബ്രാൻ്റ് ചോദിച്ചയാൾക്ക് മുന്നിൽ നിന്ന് കുഞ്ഞാമൻ കൈ ചൂണ്ടി കുന്നും കീഴിലേക്ക് ഇറങ്ങി പോവുന്ന ജാഥ കാട്ടി കൊടുത്തു.

“അബദ്ധം പറ്റിയതാ ….ഞാൻ കേറിയ ജാഥ മാറി പോയി” .

താഴോട്ടുള്ള ജാഥയിലേക്ക് വീണ്ടും കുഞ്ഞാമൻ ഓടി കയറി….

താഴോട്ട്…താഴോട്ട് ഇറങ്ങി പോവുന്ന ആൾ കൂട്ടത്തിലെ അവസാനത്തെ ആളായി മാറി കൊണ്ട് അയാള് റോഡിന് എതിർ വശത്ത് നീളം കൂടി കൂടി വരുന്ന നിശബ്‌ദ ജാഥയുടെ അറ്റം കാണുമോയെന്നു നോക്കി. മുന്നിൽ നിന്നൊരു തളർന്ന മുദ്രാവാക്യത്തിൻ്റെ നേർത്ത ഈണം മാത്രം പിറകിലേക്ക് എത്തുന്നുണ്ടായിരുന്നു.

അതിൻ്റെ ഉശിരൻ വാചകങ്ങൾ ഉള്ളിൽ നിന്ന് മാന്തിയെടുക്കാൻ കുഞ്ഞാമൻ ചിക്കി ചികഞ്ഞു തുടങ്ങി .