ബോൺസായ്

വ്യാളിയുടെ മുഖമുള്ള
ഇടുങ്ങിപ്പരന്നൊരു
ചൈനീസ് ബോൺസായ് ചട്ടിയിൽ,
വരണ്ട ഒരു തുണ്ട് മണ്ണിൽ
പ്രണയത്തിന്റെ വിത്തുപാകി

നിശ്വാസത്തിന്റെ നെടുവീർപ്പുചാലിച്ച്
ഏകാന്തതയും
വിഷാദവും കൂട്ടിക്കുഴച്ച് വളമിട്ടു.

കണ്ണീർ തുള്ളിയുടെ നനവിൽ
സൂര്യൻ നീട്ടിയ
വിരൽ സ്പർശത്താൽ
സുഷുപ്തിയിൽ നിന്നുണർന്ന്
പ്രകാശ രേണുവിലേക്ക് നാമ്പിട്ടു

പുതുമണ്ണിൻ
ഗന്ധത്തിൽ
ആർത്തലച്ച് തളിർത്ത
ശിഖരങ്ങളൊക്കെയും മുറിച്ചു മാറ്റി

കുളിർമ്മയുടെ
ആഴങ്ങളിലേക്കാഴ്ന്ന
വേരുകളൊക്കെയും
പിഴുതെറിഞ്ഞു.

വെട്ടിയൊതുക്കി
ബാക്കി വെച്ച
രണ്ട് ശിഖരങ്ങളും ഉടലും
വളച്ചകമ്പിയിൽ
വരിഞ്ഞു കെട്ടി

നിന്ന നിൽപ്പിൽ
വാർദ്ധകൃത്തിന്റെ ചിതമ്പലുകൾ മുളച്ചു
ഉടൽ ചുരുങ്ങിച്ചുരുങ്ങി
ആകാശം തൊടാനാകാതെ
നിലാവിൽ ചുംബിക്കാനുള്ള മോഹങ്ങളടക്കി
മുരടിച്ച്
ബോൺസായ് വൃക്ഷമായ്

കമ്പിയുടെ വളവിന്
പാകമായ് വളയുന്ന
ശിഖരങ്ങളറ്റ, പൂക്കാലമറ്റ
ഋതുക്കൾ മറന്ന
അനുസരണയുള്ള ഉടൽ

ജലാംശം വറ്റിവരണ്ട
ഒരുപിടി മണ്ണിൽ ഇറ്റിക്കാൻ
കണ്ണുനീർത്തുള്ളി പോലുമില്ലാതെ
കരയാതെകരഞ്ഞ രാപ്പകലുകൾ
മഞ്ഞിൽ കണങ്ങൾ
മുറുകെ പുണർന്ന
നക്ഷത്ര രാവുകൾ

ഏതോ വിരൽ സ്പർശം
ഇളക്കിമാറ്റിയ നാൾ
ബോൺസായ്
അതിരുകൾ ഭേദിച്ച്
തളിരും പൂവും കായുമായ്
ആകാശത്ത് ഉമ്മ വെച്ചു.

സ്‌റ്റേറ്റ് ടാക്സ് ഓഫീസർ, ടാക്സ് ടവർ, കരമന, തിരുവനന്തപുരം. ഹയർ സെക്കന്ററി അധ്യാപിക ആയിരുന്നു. കവിതകൾ എഴുതാറുണ്ട്.