ബോൺസായികൾ

ചില മനുഷ്യർ
അങ്ങനെയാണ്
സ്നേഹത്തിന്റെ
ബലൂണുകളിൽ
പകയുടെ
സൂചിമുനകൾ
അമർത്തിവെക്കും
പ്രണയിക്കുന്നവരുടെ
ആകാശം നിറയെ
ദുരഭിമാനത്തിന്റെ
കറുത്ത വിഷപ്പുക
പടർത്തിവെക്കും.
നാം എന്ന ഭൂഖണ്ഡത്തെ
ഞാനും നീയുമെന്ന
രണ്ട് വൻകരകളായ്
വിവർത്തനം ചെയ്യും .

ചില മനുഷ്യർ
അങ്ങനെയാണ്.
മുരടിച്ചുപോയ
ബോൺസായ്‌
മരങ്ങൾ പോലെ
നന്മയുടെ നാമ്പ്
മുളക്കുമ്പോൾ തന്നെ
നുള്ളിയെടുക്കും.
സമാധാനത്തിന്റെ                      
സന്തോഷങ്ങളെയാകെ
ഊതിക്കെടുത്തും.
സ്നേഹത്തിന്റെ
ആഘോഷങ്ങളിൽ
കുടിപ്പകയുടെ
കുഴിബോംബുകൾ
അടക്കം ചെയ്തുവെക്കും .

ചില മനുഷ്യർ
അങ്ങിനെയാണ്.
നല്ല വാക്കുകളെ
നാവിൽ വെച്ച് തന്നെ
ആത്മഹത്യ ചെയ്യിക്കും.
വെറുപ്പിന്റെ
വിപണികളിൽ
ഓഹരികൾ
ഉയർത്തി വിൽക്കും .
അന്യരുടെ
മുറിവുകളിൽ
കടുത്ത വാക്കുകളുടെ
മുളക് പുരട്ടും..
സ്നേഹത്തിന്റെ
കടൽതീരങ്ങൾക്കപ്പുറം
വരണ്ട വിശ്വാസങ്ങളുടെ
ഇരുണ്ട മാളങ്ങളിൽ                  
ഉരഗജന്മം നയിക്കും..
ചിലമനുഷ്യർ അങ്ങനെയാണ്..

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.