ബുദ്ധൻ ശരണം ഗച്ഛാമി..

വഴിവിളക്കുകൾ അവസാനിക്കുന്ന മരുഭൂമിയുടെ പാതയോരത്തെ ഇരുട്ടിലേക്ക് കയറിയതും ചാമില വഴി തെറ്റിയല്ലോ എന്ന സംശയ ഭാവത്തിൽ എന്നെ നോക്കി. വണ്ടി മുന്നോട്ടു പോകുകയാണ് പെട്രോൾ ടാങ്കിന്റെ സൂചിക കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ശക്തിയായി മിടിക്കുന്നു. കൂടി പോയാൽ ഒരു കിലോമീറ്റർ അതിനുള്ളിൽ വാഹനം എവിടെയെങ്കിലും നിൽക്കും. അവിടെ തീരും ഞങ്ങളുടെ യാത്രയും. മരുഭൂമിയിലെ ഇരുട്ടിനു ഒരു വല്ലാത്ത പ്രത്യേകതയുണ്ട്, മാനത്തു നിലാവുള്ള രാത്രിയിൽ മരുഭൂമിക്ക് ചുവപ്പു നിറമാണ്. വത്ബയ്ക്കും അൽ ഖർജിനുമിടയിലുള്ള ഏതോ വിശാലമായ മരുഭൂമിയിലാണ് ചാമിലയും ഞാനുമിപ്പോൾ , വല്ലപ്പോഴും മാത്രം വാഹനങ്ങൾ പോകുന്ന ഒരിടറോഡിലേയ്ക്ക് ദിശ അറിയാതെ കയറിയതു കൊണ്ടു സംഭവിച്ചതാണിതെല്ലാം.

അൽപ പ്രാണിയും ദുർബലനുമായ എന്നെ ഭയം കീഴടക്കുമ്പോഴും ചാമില കൂടെയുണ്ടെന്നുള്ള ആശ്വാസമാണെനിക്ക്. അയാൾക്കു തരിമ്പും പേടിയില്ല. കടലോളം പരന്നു കിടക്കുന്ന മരുഭൂമിയാണത്. നേരം വെളുക്കാതെ ഒരു പ്രതീക്ഷയുമില്ല. ഞങ്ങൾ വാഹനം നിർത്തി പുറത്തേയ്ക്കിറങ്ങി.
നിലാവു പടർന്നു ചുമന്നു കിടന്ന മരുഭൂമിയിലെ മൊട്ട കുന്നിലേയ്ക്കു നടന്നു കയറുമ്പോൾ വിദൂരതയിലെവിടെയെങ്കിലും ഒരു വെളിച്ചമുണ്ടോ എന്നു തിരയുകയായിരുന്നു ഞങ്ങൾ. ചാമില ഈ വഴിയിലെ സ്ഥിരം യാത്രക്കാരനാണ് എന്നിട്ടുമയാൾക്കു വഴിതെറ്റിയിരിക്കുന്നു. ഇനിയും മുന്നോട്ടു നടക്കുന്നതപകടമാണെന്ന ചാമിലയുടെ മുന്നറിയിപ്പിനെ തുടർന്നെന്നോണം ഞങ്ങൾ അവിടെ നിലത്തിരുന്നു .


നിലാവിനു പുഴയെക്കാളേറെ മരുഭൂമിയോടാണ് പ്രണയം എന്നു തോന്നിപ്പിക്കും വിധം അതിന്റെ നിമ്നോന്നതികളിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്. മുകളിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ പഞ്ചാര മണലിൽ മുഖം നോക്കുന്ന സുന്ദരിയെപ്പോലെ നുണക്കുഴിക്കവിളിൽ പുഞ്ചിരി വിടർത്തി നിൽക്കുന്നു. പകലത്തെ ചൂടിൽ നിന്നും വിടുതൽ പ്രാപിച്ചു വരുന്ന മണൽ തരികളിൽ തല ചായ്ച്ചു കിടന്നതേ ചാമില ഉറക്കത്തിന്റെ ഒന്നാം യാമത്തിലേയ്ക്ക് വഴുതി വീണു. ഈ രാത്രിയൊന്നു കഴിഞ്ഞിരുന്നെങ്കിൽ… ഭയം എന്റെ ഹൃദയ തന്ത്രികളിൽ അപശബ്ദങ്ങൾ മുഴക്കാൻ തുടങ്ങിയിരിക്കുന്നു. 


കണ്ണടച്ചതും മുഖത്ത്‌ എന്തോ ഇഴയുന്നു. ഞാൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി മരുഭൂമിയിൽ സാധാരണവും എനിക്കസാധാരണവുമായ പല്ലിയെപ്പോലൊരു ജീവി ദൂരേയ്ക്ക് ഓടി മാറി. എന്റെ അലർച്ച കേട്ടു ചാമില ഉണർന്നിരിക്കുന്നു. ദേഹത്തു കയറിയ ജീവിയെപ്പറ്റി ഞാൻ അവനോടു പറഞ്ഞു. സിംഹളയിൽ എന്തോ പേര് പറഞ്ഞു അതു കാര്യമാക്കേണ്ടന്നു പറഞ്ഞു വീണ്ടും ഉറക്കത്തിലേയ്ക്ക് ചാഞ്ഞു.

ഇത്തവണ ആരോ അടുത്തു നിൽക്കുന്നത് വ്യക്തമായി കണ്ടിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. അയാൾക്കരികിൽ ഒരു കഴുതയുമുണ്ട് മരുഭൂമിയിൽ ജീവിക്കുന്ന ബദുക്കളെപ്പറ്റി കേട്ടിട്ടുണ്ട്. ഒരു പക്ഷെ ഇയാൾ ഒരു ബദു ആണെങ്കിലോ ?. ബദുക്കളാണ്  ശരിക്കും മരുഭൂമികളുടെ അവകാശികൾ. മനുഷ്യ ബന്ധമില്ലാതെ, ഒട്ടകത്തിനെയും പോറ്റി മരുഭൂമിയുടെ ഉള്ളറകളിൽ ജീവിക്കുന്ന ഇവർ അപകടകാരികളാണ്. പുറത്തു നിന്നും വരുന്നവരെ ഇവർ അക്രമിച്ചേക്കാം, ഒരു പക്ഷെ കൊന്നു ഭക്ഷണവും ആക്കിയേക്കാം. എന്റെ തൊണ്ട വറ്റി വരളുന്നു. വാക്കുകൾ തൊണ്ടയിൽ മുറിയുന്നു. ഭാവഭേദമില്ലാതെ അയാൾ കഴുതയുടെ കഴുത്തിലെ ചരടിൽ മുറുക്കി പിടിച്ചു നിവർന്നു നിൽക്കുകയാണ്. വലതുകരം ഉയർത്തി ഞാൻ ചാമിലയെ തോണ്ടി ഉറക്കച്ചടവിൽ അയാൾ തിരിഞ്ഞു കിടന്നു. ബദൂ ഭാവവ്യത്യാസമില്ലാതെ നിന്നനിൽപ്പിൽ നിന്നും ചലിക്കാതെ അവിടെ തന്നെ നിൽക്കുകയാണ്. എന്റെ ഹൃദയം പേടി കൊണ്ടു  നിലച്ചു പോയേക്കുമെന്നു എനിക്കു  തോന്നി. സർവ്വ ശക്തിയുമെടുത്തു ഞാൻ ചാമിലയെ കുലുക്കി വിളിച്ചു.

ഉണർന്നതും ചിരപരിചിതനെ മുന്നിൽ കണ്ട പോലെ ചാമില എഴുന്നേറ്റു ചെന്നു ബദുവിന്റെ കഴുതപ്പുറത്ത് കയറി ഇരുന്നു. ഇതെല്ലാം കണ്ടു അന്തംവിട്ടു നിന്ന എന്നെ ചാമില സിംഹളയിൽ ചീത്ത വിളിച്ചു കൊണ്ടു വേഗം ചെന്ന് അയാൾക്കു പിറകിലിരിക്കാൻ ആവശ്യപ്പെട്ടു. മനസില്ലാ മനസോടെ ഞാനും ആ അപരിചിതൻ കൊണ്ടു വന്ന കഴുതപ്പുറത്തു കയറി ഇരുന്നു. അനുസരണയുള്ള തൊഴിലാളിയെപ്പോലെ ബദൂവിനു പിന്നാലെ കഴുത നടന്നു തുടങ്ങി. അയാളൊരിക്കലും പിൻതിരിഞ്ഞു നോക്കിയില്ല. ചാമില ഉറക്കം തീരാത്തവനെപ്പോലെ കഴുതപ്പുറത്തേയ്‌ക്ക്‌ കമിഴ്ന്നു കിടന്നുറങ്ങി. ഇതെങ്ങോട്ടാണീ ബദു കഴുതയെയും ഞങ്ങളെയും കൊണ്ടു പോകുന്നതെന്നറിയാതെ ഞാൻ കഴുതപ്പുറത്തിരുന്നു വിയർത്തു വിവശനായി.

നീ ബുദ്ധനിൽ വിശ്വസിക്കുന്നുവോ…. ? ചാമിലയുടെ ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്.
ബുദ്ധനോ.. ? ഹേയ് ഇല്ല, അതൊരു യോഗി അല്ലായിരുന്നുവോ ?
ചാമില കണ്ണടച്ചു ചിരിച്ചു. ബുദ്ധൻ ഞങ്ങൾക്ക് ഭഗവാനാണ്, ഇന്നലെ ആ മരുഭൂമിയിൽ നമ്മൾ കണ്ട ബദു ആരായിരുന്നു എന്നാണ് നീ പറയുന്നത് ?
അപ്പോൾ അതെന്റെ മാത്രം സ്വപ്നമല്ലായിരുന്നോ ? ശരിക്കും നമ്മൾ ഇന്നലെ മരുഭൂമിയിൽ അകപ്പെട്ടു !
അതെ ബുദ്ധൻ !
വിഘ്‌നങ്ങളിൽ ദിശാബോധം നൽകുന്നവൻ ! ഇന്നലെ രാത്രി മുഴുവൻ നമ്മൾ ബുദ്ധന്റെ കൂടെയായിരുന്നു.
വിശ്വാസം വരാത്തവനെപ്പോലെ ഞാൻ ചാമിലയെ സൂക്ഷിച്ചു നോക്കി. അപ്പോഴേയ്ക്കും കാർ മല തുരന്നുണ്ടാക്കിയ ഒരു ചുരത്തിലേയ്ക്ക് കയറി. ചുരമിറങ്ങുന്നതു അതിർത്തി ഗ്രാമത്തിലേക്കാണ് ചെക്ക് പോസ്റ്റിനിപ്പുറം വണ്ടി നിർത്തിയതും പിന്നിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി, ഞാൻ അയാളെ സൂക്ഷിച്ചു നോക്കി ഇന്നലെ കഴുതപ്പുറത്തേറ്റി ഞങ്ങളെ നടത്തിയ അതേ ബദു. ചാമില പറഞ്ഞ രക്ഷകൻ ബുദ്ധൻ !

വണ്ടി നിറുത്തിയതും അയാൾ ധൃതിയിൽ എങ്ങോട്ടോ ഓടി മറഞ്ഞു. സംഭവിച്ചതൊന്നും ആകസ്മികമായിരുന്നില്ല. എല്ലാം ചാമിലയുടെ മുൻ പദ്ധതി പ്രകാരം. വിസ ഇല്ലാത്തവരെ അതിർത്തിക്കടുത്തെത്തിക്കാൻ വേണ്ടി മാത്രം ഉള്ള നാടകമായിരുന്നു. വഞ്ചിക്കപ്പെട്ടവനെപ്പോലെ ഞാൻ ചാമിലയെ നോക്കി. എന്റെ നോട്ടത്തെ ശമിപ്പിക്കുന്ന തീഷ്ണമായ പതിവു ചിരി ചിരിച്ചു കൊണ്ടയാൾ പതിഞ്ഞ ശബ്ദത്തിൽ പാടി…,

ബുദ്ധൻ ശരണം ഗച്ഛാമി… 

ആലപ്പുഴ ജില്ലയിലെ കറുകയിൽ സ്വദേശി . കഴിഞ്ഞ ഇരുപതു വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്നു. 2017 ലെ അക്ഷരതൂലികാ പുരസ്കാരം നേടിയിട്ടുണ്ട് .