ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങന്മാർ

മണ്ണിലുറച്ചുനിൽക്കുന്ന ഒറ്റക്കാലിനുപകരം
പാദങ്ങളും, നഖങ്ങളുമുള്ള‌ കാലുകൾ.
വ്യതിരിക്തതകളില്ലാതെ നീണ്ട കൈകൾ;
ഇരുട്ടിലേയ്ക്ക്‌ ചൂണ്ടാൻ വിരലുകളില്ലാത്തവ.
ഉണക്കവടിയുടലിടം
അകമേ നിർബാധമായ തുടിപ്പ്‌, സഞ്ചാരം.

അവിടെ നിർജ്ജീവമായ ശിരസ്സ്‌,
കണ്ണുകൾ, വായ, ചെവി.
കാഴ്ച, സംസാരം, ശ്രവണം അന്യം.
ഇവിടെ കാണേണ്ടത്‌ കാണാതെ,
പറയേണ്ടത്‌ മിണ്ടാതെ,
കേൾക്കേണ്ടത്‌ കേൾക്കാതെ.
തുല്യതയുടെ ജീവനുള്ള പൊള്ളത്തരം.
അവനവന്റെ വിളകൊയ്യാൻ വരുന്നവനുനേർക്കും
ഭീതിപ്പെടുത്തലിന്റെ നോട്ടമെറിയും.
പറമ്പിൽ നാട്ടിയവന്റെ
പകച്ചുപോകലുകളുടെ നിസ്സഹായത
നിശബ്ദമായൊരു ചിരിയുണർത്തും.

തോട്ടത്തിൽ പക്ഷികൾക്ക്‌, മൃഗങ്ങൾക്ക്‌
കണ്ണ് മൂടി,
വായ്‌ പൊത്തി,
ചെവി അടച്ചുള്ള
നിലനിൽപ്പ്‌. 

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.