ബുദ്ധനെത്തേടുന്ന കാറ്റ്

പൊഖ്റാനിൽനിന്ന് ദർശനത്തിനെത്തിയ കാറ്റിലെ ഇടിമുഴക്കങ്ങൾ ഭഗവത്കർണ്ണങ്ങളിൽ നൊമ്പരമായി പെയ്തിറങ്ങി.ബർമ്മയിൽനിന്ന് തീർത്ഥാടനത്തിനെത്തിയ കാറ്റിലെ രക്തഛവി ആ ചരണങ്ങളെ നനയിച്ചു. പേടിച്ചരണ്ട ആലിലയിളക്കങ്ങൾക്ക് കീഴെ കാരുണ്യത്തിന്റെ മന്ദഹാസമലരുകൾ വാടി. ഇളകിച്ചിതറിയ ബോധീവൃക്ഷത്തിന്റെ ഇലച്ചാർത്തുകളിലൂടെ പിന്നെ നിലവിളികളുടെ പ്രവാഹമായി.

സഹസ്രാബ്ദങ്ങൾനീണ്ട സമാധിയിൽനിന്നു തേജോരൂപം കണ്ണ് തുറന്നു. മിഴികളിൽ പ്രപഞ്ചത്തോളം കരുണ. കണ്ണിലെ കടലാഴങ്ങളിൽ സ്നേഹത്തിന്റെ ഉറവ…

ആലിലകളുടെ പിൻവിളിക്ക് കാതോർക്കാതെ വെളിച്ചത്തിന്റെ ആൾരൂപം ഇന്ത്യൻ ഗ്രാമപാതകളിലേക്ക് ഇറങ്ങി നടന്നു. ഓരോ കാൽവെയ്പിലും വല്ലാത്ത കരുതൽ, പുൽകൊടിയോടും കീടാണുക്കളോടും പരിഗണന. വഴിയരികിൽ മാർക്സും ചാർവാകനും ഗാന്ധിയും അദ്ദേഹത്തെ കാത്തുനിന്നു. തമ്മിലൊന്നും ഉരിയാടാതെ അവർ ഒന്നുചേർന്ന് നടന്നു. അവർ നടന്ന വഴിനീളെ പുഞ്ചിരിയും പ്രകാശവും അണിഞ്ഞ ചിലർ; അയ്യങ്കാളി, നാരായണഗുരു, വൈകുണ്ഠസ്വാമി, കുമാരഗുരു, പെരിയോർ, ആംതെ, ദയാബായി ഒടുവിൽ പുസ്തകങ്ങളുടെ ഭാരവും തൂക്കി അംബേദ്ക്കറും….

നടന്ന് നീങ്ങിയ ഗ്രാമപാതയ്ക്കിരുപുറവും ഇരുട്ടായിരുന്നു – നിലവിളികളെപ്പോലും ബലാൽക്കാരം ചെയ്ത് കൊന്ന് കളയുന്നത്ര ഇരുട്ട്. നിറഞ്ഞൊഴുകുന്ന ബുദ്ധനയനങ്ങൾ അനുഗാമികളെയും കരയിച്ചു. അന്നേരം, മോട്ടോർസൈക്കിളിന്റെ മുരൾച്ചയുമായി ചുരുട്ടിന്റെ ഗന്ധമുള്ളൊരു കൊടുങ്കാറ്റ് ബുദ്ധനെത്തേടിയെത്തി. ബുദ്ധചരണങ്ങളിൽ പ്രണമിച്ച കാറ്റ് കൂടുതൽ കരുത്താർജിച്ചു യാത്ര തുടർന്നു. മോട്ടോർ സൈക്കിളിന്റെ ശബ്ദം ചുറ്റുമുള്ള ഇരുട്ടിൽ മുഴക്കങ്ങൾ തീർത്തു. കരച്ചിലുകളെ കുടഞ്ഞെറിഞ്ഞ് പണിയായുധങ്ങൾ സംഗീതം പൊഴിക്കുന്ന നിമിഷങ്ങൾക്കായി പുഞ്ചിരിയോടെ ബുദ്ധൻ കാത്ത് നിന്നു.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.