ഒന്ന്.
പച്ചമാംസത്തിലൂടെ കത്തി വലിച്ചൂരിയെടുക്കുമ്പോൾ ശരീരത്തിലാകമാനം ഒരു ചെറുവിറയൽ വ്യാപിച്ചു. തെല്ലൊന്ന് മടിച്ചുനിന്ന രക്തം, പതുക്കെ ചാലിട്ട് നെഞ്ചിലൂടെ ഒഴുകി വയറിൻ്റെ ഇരുവശത്തുകൂടി ഒരു പ്രവാഹമായി വഴിവക്കിലെ ചെമ്മണ്ണിനെ കടും ചുവപ്പാക്കി.
ഒറ്റക്കുത്തിന് അയാൾ തീരുമെന്ന് തീരെ വിചാരിച്ചില്ല. ഒരു പക്ഷേ, അയാൾ മരിച്ചിട്ട് നാളുകളായി കാണണം.. ശവം, അതർഹിക്കുന്ന അവജ്ഞയോടെ അവിടെ ഉപേക്ഷിച്ചിട്ട് രാഹുലൻ നടന്നു… രാത്രിയുടെ നെഞ്ചിലേക്ക് പതുക്കെ ചായുന്ന സന്ധ്യയുടെ മുഖത്തു പടരുന്ന തളർന്ന ഇരുട്ടിലേക്ക് .
അദ്ധ്യാപകനും, പഞ്ചായത്ത് മെമ്പറുമായ ശ്രീധരൻ്റെ കൊലപാതകം നാടറിയാൻ വൈകി. ആളനക്കമില്ലാതെ പാതയോരത്ത്, ചോരയിൽ കുളിച്ചു കിടന്ന അയാളുടെ ശരീരം ആദ്യം കണ്ടത്, രാത്രി ജോലിക്കിറങ്ങിയ ശ്യാമളയായിരുന്നു.ശവം കണികണ്ട് നല്ല വരുമാനം പ്രതീക്ഷിച്ചിറങ്ങിയ ശ്യാമളക്കു തെറ്റി. മരണമറിഞ്ഞെത്തിയ പോലിസുകാർ അവളെ സ്റ്റേഷനിൽ കൊണ്ടുചെന്നിരുത്തി. ഏഡ് ദാമോദരന്, അതേതായാലും ഇഷ്ടമായി. രാത്രി മുഴുവൻ കണ്ണ് തുറന്നിരിക്കാൻ ഒരു കാരണവും കാര്യവുമായി .
പിറ്റേന്ന്, പഞ്ചായത്തുപറമ്പിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ എത്തിയവർക്കെല്ലാം ശ്രീധരൻ മാഷിനെ പറ്റിപ്പറയാൻ നല്ലത് മാത്രം. കക്ഷിഭേദമില്ലാതെ, എല്ലാവർക്കും ദേശത്തെ ചായക്കടയിൽ നിന്നും കട്ടൻ ചായ കിട്ടി. പോലീസുകാർക്ക് പാലൊഴിച്ച പെഷൽ ചായയും.
ശ്രീധരൻ ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും കുട്ടികൾ, ഹെഡ്മാസ്റ്റർ ഓമനക്കുട്ടി ടീച്ചറിനു പിന്നിൽ വരിവരിയായിവന്ന്, ശവത്തിൻ്റെ കാൽക്കൽ പൂക്കളർപ്പിച്ചു മടങ്ങി.
മഴ പതുക്കെ പെയ്തു തുടങ്ങി. വലിച്ചുകെട്ടിയ ടാർപ്പോളയ്ക്കടിയിലേക്ക് ഗ്രാമം ഒതുങ്ങി. ശക്തിയായി തുടർന്ന മഴയുടെ ശബ്ദത്തിൽ നാട്ടുകൂട്ടത്തിൻ്റെ സംസാരം ഉച്ചത്തിലായി. ഒടുവിൽ മഴയുമായി മത്സരിച്ചുതോറ്റ് അവർ നിശബ്ദരായി.
അകത്ത് ഗോപാലപ്പണിക്കർ, താരോപദേശം, വൃത്തഭംഗിയോടെ ചൊല്ലുന്നത് പതുക്കെ കേൾക്കായി. താരയോട് രാമൻ ചോദിച്ച ചോദ്യം ശ്രീദേവി ടീച്ചർ സ്വയം ചോദിച്ചു.
‘ദേഹമായിരുന്നോ ദേഹിയായിരുന്നോ ശ്രീധരേട്ടൻ തനിക്ക്? അറിയില്ല..’ കാരണം, മുപ്പതാണ്ടുകൾക്ക് ശേഷവും ശ്രീധരേട്ടനെ തനിക്ക് മനസ്സിലാക്കാനായിട്ടില്ലായിരുന്നു എന്നവർ വേദനയോടെ തിരിച്ചറിഞ്ഞു.
കഴിഞ്ഞയാഴ്ച്ച, എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് തൻ്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ രംഗം അവർ ഓർത്തു. ശ്രീധരനെ അവർ അങ്ങിനെ ആദ്യമായി കാണുകയായിരുന്നു. ഏതൊരു പ്രതിസന്ധിയിലും എവിടെയും ഓടിയെത്തുന്ന ആ മനുഷ്യൻ ഇങ്ങനെയും ഒരു മുഖംമൂടി അണിഞ്ഞിരുന്നു എന്നത് അവർക്ക് ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു. ഒരാഴ്ച്ചയായിട്ടും നെഞ്ചിലെ ആളൽ മാറിയിട്ടില്ല.
ശ്രീദേവിയുടെ കണ്ണുനീർ വറ്റിയിരുന്നു ദേഹമാസകലം ചുട്ടുപൊള്ളുന്ന പുകച്ചിൽ. ചൂടിൽ,ആവിയായി പൊന്തി, സ്വയം അന്തരീക്ഷത്തിൽ അലിയുന്ന പോലെ.
“അന്ത്യകർമ്മങ്ങൾക്കു മുമ്പ് ശവം കുളിപ്പിക്കാനെടുത്തപ്പോൾ ശ്രീദേവി എഴുന്നേറ്റ് മാറി നിന്നു. ശ്രീധരൻ്റെ ജീവിതത്തിൽ നിന്നും അവൾ എന്നേ മാറിക്കഴിഞ്ഞിരുന്നു.
മഴ താളമിടുന്ന ടാർപോളിനടിയിൽ നിന്ന് രാഹുലൻ ശ്രീധരൻ മാഷിൻ്റെ ശരീരം കാണുകയായിരുന്നു. പാതിയടഞ്ഞ കണ്ണുകളിൽ, ഇന്നലെ രാത്രി കണ്ട അതേ നിർജ്ജീവാവസ്ഥ.
ഇരുട്ടിൽനിന്നും പെട്ടന്ന് വെളിച്ചത്തേക്ക് കയറി വഴി തടഞ്ഞപ്പോൾ, പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ഭയവും ആ കണ്ണുകളിൽ തെളിഞ്ഞില്ല. കാത്തിരുന്ന എന്തോ കണ്ടതുപോലെ ഒരു നനഞ്ഞ നിസ്സംഗത കത്തിയുടെ തിളക്കത്തിൽ പോലും കണ്ണിൽ കണ്ടത് ഭയമല്ലായിരുന്നു. എന്നോ അടിയറവു പറഞ്ഞ ശത്രുവിൻ്റെ നിസ്സഹായാവസ്ഥ.
കത്തി, നെഞ്ചിൻ കൂട്ടിലേക്ക് കുത്തിക്കയറ്റുമ്പോൾ രോമങ്ങൾക്കിടയിലെ തൊലിയിൽ വലത്തെ ചെറുവിരൽ തൊട്ടത് നന്നേ തണുത്ത ശരീരത്തിലേക്കായിരുന്നു. മരണത്തിൽ മാത്രം കൂട്ട് വരുന്ന തണുപ്പും പേറിയാണ് അയാൾ നടന്നിരുന്നത് എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
കത്തിമുനയിൽ എല്ലുകൾ മുറിയുന്നതറിഞ്ഞപ്പോൾ ലഭിച്ച ക്രൂരമായ ആനന്ദം പെട്ടന്ന് ഇല്ലാതെയായി. എന്നോ മരിച്ച ഒരാളെയാണ് വീണ്ടും കുത്തിയത് എന്നോർമ്മ വന്നപ്പോൾ സ്വയം അരിശം തോന്നി, വൈകിപ്പോയതിൽ.
രണ്ട്.
മുന്നിൽ രാഹുലനെ കണ്ടപ്പോൾ ശ്രീധരൻ മാഷിന് യാതൊരു പരിഭ്രമവും തോന്നിയില്ല. വൈകിട്ട് പഞ്ചായത്ത് ലൈബ്രറി അടച്ച് താക്കോൽ ഗോപാലൻ്റെ ചായക്കടയിൽ ഏൽപ്പിക്കുമ്പോൾ എന്തോ ഒരു ഭാരം ഒഴിഞ്ഞ തോന്നലായിരുന്നു.
ഒരാഴ്ച്ച മുന്നേ ശ്രീദേവിയോട് എല്ലാം തുറന്നുപറഞ്ഞ് മനസ്സ് കഴുകി വൃത്തിയാക്കാൻ ശ്രമം നടത്തിയെങ്കിലും, വിജയിച്ചില്ല. ഒരിക്കലും പോവാത്ത പാപക്കറയാണ് അകത്തും പുറത്തും.
ഒരാഴ്ച്ചയായി വീട്ടിൽ പോയിട്ട്. ലൈബ്രറിയിൽ പുസ്തകങ്ങൾക്കിടയിലായിരുന്നു രാവും പകലും. കരയുമ്പോൾ, കണ്ണുനീർ വരുന്നില്ല. ദേഹമാസകലം ചുട്ടുപൊള്ളുന്ന ചൂടുമാത്രം. എല്ലാ ഉഷ്ണവും ശമിപ്പിക്കുന്ന ആത്മഹത്യ എന്ന തണുപ്പ് മാടി മാടി വിളിക്കുന്നു. നാളിതുവരെ വളർത്തിയെടുത്ത എല്ലാ നന്മയും ഒരു നിമിഷത്തിൽ കീഴ്മേൽ മറിഞ്ഞു.
മനസ്സിൻ്റെ നില തെറ്റിച്ച ദുർമോഹം.. മീനാക്ഷി എത്ര ശ്രമിച്ചിട്ടും.. സാഹചര്യങ്ങൾ മനഃപൂർവം ഒഴിവാക്കിയിട്ടും, മനസ്സിനെ നിയന്ത്രിക്കാനായില്ല.
പഞ്ചായത്ത് സ്കൂളിൻ്റെ ആദ്യത്തെ പത്താം ക്ലാസ്സ് ബാച്ചിലെ കുട്ടികൾക്ക് മികച്ച വിജയം ലഭിക്കാനായി പഞ്ചായത്ത് വക സ്പെഷ്യൽ ക്ലാസ്സിൽ പിന്നോക്കം നിന്ന ഒരേയൊരു പെൺകുട്ടി. അവൾക്ക് കണക്ക് മനസ്സിലാകുന്നില്ല എന്ന് അവൾ തന്നെ സങ്കടപ്പെട്ടപ്പോൾ, മറ്റൊരു ചിന്തയുമില്ലായിരുന്നു. എല്ലാ കുട്ടികളേയും എ.പ്ലസ്സ് എന്ന മായിക വലയത്തിലേക്ക് ആകർഷിച്ചു കഴിഞ്ഞിരുന്നു. നിലവിളക്ക് പട്ടടയാക്കുന്ന ഈയാംപാറ്റകൾ പോലെ കുട്ടികൾ വട്ടമിട്ടു പറന്നു.
മീനാക്ഷിയുടെ പ്രായത്തിൽ അവൾക്ക് പറ്റാവുന്ന തെറ്റുകൾ തിരുത്തേണ്ട താൻ തന്നെ ആ തെറ്റിന് കൂട്ടു നിന്നു. മനസ്സിനെയും ശരീരത്തേയും ബന്ധിപ്പിച്ച വിവേകത്തിൻ്റെ ചരട് പൊട്ടിച്ചെറിയപ്പെട്ടു.
ഉത്തരമില്ലാത്ത ഒരു ചോദ്യവും വയറ്റിൽ പേറി അവൾ ആത്മഹത്യ ചെയ്തത് പരീക്ഷാഫലം വന്ന ദിവസം തന്നെയായിരുന്നു.
ഒരു കുരുക്ക് ശരീരമാസകലം വരിഞ്ഞുമുറുക്കിയതുപോലെ.. ആ തോന്നൽ ഉള്ളിൽ കത്തിപ്പടരുന്നു.
ഒടുവിൽ മനസ്സ് ഒരു തീരുമാനത്തിൻ്റെ പൂർണ്ണവിരാമ ചിഹ്നമിടുന്നു. അതുവരെ അനുഭവപ്പെട്ട വേദന പതുക്കെ കുറഞ്ഞു വരുന്നതുപോലെ ശരീരമാകെ ഒരു വല്ലാത്ത ഭാരക്കുറവ്. ഒന്നും നഷ്ടപ്പെടാനിനി ബാക്കിയില്ല.
കുറച്ച് നാൾ കഴിയുമ്പോൾശ്രീദേവി, എല്ലാം മറന്നേക്കാം, പക്ഷെ തനിക്ക് തന്നോട് ക്ഷമിക്കാനാവുമോ? പഞ്ചപ്രാണനുകൾ ഏതു നിമിഷവും ഈ ശരീരത്തെ ഉപേക്ഷിച്ചേക്കാം.
ചിന്തകൾ ഒരു ചുഴലിക്കാറ്റു പോലെ ശ്രീധരനെ എടുത്ത് ഉയർന്നു. കുറേനിമിഷങ്ങൾ’ അയാൾ അതിൻ്റെ ചുഴിയിൽപെട്ട് കറങ്ങി.. എപ്പഴോ കാറ്റടങ്ങി. ശരീരമാകെ മഴ നനഞ്ഞതു പോലെ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു.
നാവിന് അനേകം ഇരുമ്പ് കട്ടകളുടെ ഭാരം. ശബ്ദം പുറത്തേക്ക് വരുന്നില്ല. കൈകാലുകൾ പതുക്കെ അനക്കി നോക്കി. യാന്ത്രികമായി കാലുകൾ അയാളെയും കൊണ്ട് നീങ്ങി. ലൈബ്രറി അടച്ചു താക്കോൽ ഗോപാലനെ ഏൽപ്പിച്ചു.
അയാൾ എന്തോ ചോദിക്കുന്നുണ്ട്. കേട്ടെങ്കിലും മറുപടി നൽകാൻ നാവ് ചലിക്കുന്നില്ല. ചിന്തകൾ മാത്രം മരിച്ചിട്ടില്ലാത്ത അവസ്ഥയിൽ ശ്രീധരൻ മാഷ് നടന്നു. രാഹുലനെ കാണണം.. മീനാക്ഷിയ്ക്കു വേണ്ടി മാത്രം ജീവിച്ച ആ പാവം മനുഷ്യൻ്റെ മുന്നിൽ ചെന്ന് എല്ലാം ഏറ്റുപറയണം. മരണമെന്ന കടലിൽ മുങ്ങിത്താഴുന്നതിനു മുൻപ് അയാളുടെ അടുത്തെത്താൻ വിറയ്ക്കുന്ന കാലുകൾ നീട്ടിവച്ച് ശ്രീധരൻ നടന്നു..
ആരെയോ തേടി വന്ന അന്തിക്കാറ്റിൽ, മരങ്ങൾ ആടിയുലഞ്ഞു. മടിക്കുത്തിൽ സൂക്ഷിച്ച കഠാര ഒന്നുകൂടി തൊട്ട് ഉറപ്പിച്ച് രാഹുലൻ കാറ്റിനെതിരെ നടന്നു.
പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ച കടലാസുകീറിൽ വലത് കൈയുടെ ചൂണ്ട് വിരൽ കൊണ്ട് പതുക്കെ തൊട്ടു. മീനാക്ഷി അവസാനമെഴുതിയ അക്ഷരങ്ങൾ
ആത്മഹത്യയുടെ കാരണമന്വേഷിച്ചു വന്ന പോലീസുകാരുടെ കണ്ണിൽപ്പെടാതെ കീറിയെടുത്ത കത്ത്. മഴ നനയാതിരിക്കാൻ അയാളത് വലം കൈ കൊണ്ട് നെഞ്ചോടു ചേർത്ത് പിടിച്ചു. കുഞ്ഞുമീനാക്ഷി കൈവിരലുണ്ടു കിടന്നുറങ്ങിയിരുന്ന നെഞ്ച്. അവൾക്കായി ആയിരം സ്വപ്നങ്ങളാൽ കൊട്ടാരം പണിത നെഞ്ച്. അമ്മയില്ലാതെ വളർന്ന മകൾക്കായി സ്നേഹം ചുരന്ന നെഞ്ച്.
അവളെഴുതിയ മരണക്കുറിപ്പ് നെഞ്ചകം കീറി മുറിക്കുന്നതുപോലെ തോന്നി.
“തോറ്റത് പരീക്ഷയിലല്ലച്ഛാ.. ജീവിതത്തിലാ..തോല്പിച്ചത് ശ്രീധരൻ സാറാ…”
സ്വന്തം മകളെപ്പോലെ കാണും എന്ന് കരുതിയവൻ തന്നെ ചതിക്കും എന്ന് ഓർത്തില്ലല്ലോ.. കിനാവിൽ പോലും.
ഇനി ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല. വേദനയുടെ തീയിൽ വേവുന്നവന് ജയിലും വീടും ഒരുപോലെ. ഒരു ഓർമ്മപ്പെടുത്തൽ പോലെ കഠാരയുടെ തണുപ്പ് തുടയിൽ കുത്തിക്കൊണ്ടിരുന്നു.
“വേഗം .. വേഗം.”
വളവുതിരിഞ്ഞപ്പോൾ കണ്ടു.. നേരെ മുന്നിൽ ശ്രീധരൻ മാഷ്. ഇരുട്ടിൽ നിന്നും പെട്ടന്നായിരുന്നു അയാൾ മുന്നിൽ വന്നത്. നിർജ്ജീവമായ കണ്ണുകൾ. ദൂരെയെവിടെയോ നോക്കിയാണ് നടത്തം. കണ്ടിട്ടും കാണാത്ത ഭാവം. യാതൊരു കൂസലുമില്ല.
ഒരു നൊടിയിൽ കൈ കഠാരയിലേയ്ക്കു നീണ്ടു.. പിന്നെ, ഉയർന്നുതാണു.
പച്ച മാംസത്തിലൂടെ കത്തി വലിച്ചൂരി എടുക്കുമ്പോൾ ശരീരത്താലാകമാനം ഒരു വിറയൽ വ്യാപിച്ചു. അന്നോളം അനുഭവിക്കാത്ത ഒരു തരം വിറയൽ.