ബിച്ചു തിരുമല എന്ന പ്രതിഭാധനനായ കവിയെ ഓർക്കുമ്പോൾ

ഒരിക്കൽ തിരുവനന്തപുരത്തെ പാളയം സ്റ്റാച്യു ജങ്ഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ , ആരുടെയോ സ്കൂട്ടറിന് പുറകിലിരുന്ന് അലക്ഷ്യമായ മുടിയിഴകൾ പറത്തി ഞങ്ങളെ കടന്നുപോയ കൃശഗാത്രനായ ആ മനുഷ്യനെ , ജീവിതത്തിൽ അന്നായിരുന്നു ആദ്യമായ് നേരിൽ കണ്ടത്… അവസാനമായും.

ആ പ്രതിഭാധനനായ കവിയെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ പാട്ടുകളുടെ മാസ്മരികമായ രചനാ സൗകുമാര്യം മനസ്സിലാക്കിയപ്പോൾ , ആ മനുഷ്യനെ ഒരിക്കൽക്കൂടിയെങ്കിലും നേരിൽ കാണണമെന്ന് പലപ്പോഴും വല്ലാതെ ആഗ്രഹിക്കുകയും ചെയ്തിരുന്നു .

അപ്പൂപ്പൻതാടിയിൽ ഉപ്പിട്ടുകെട്ടുന്ന ചെപ്പടിവിദ്യ കാണാമെന്നും , തല കീഴായി നീന്താമെന്നുമൊക്കെ കാട്ടി, ആലിപ്പഴം പെറുക്കി പീലിക്കുട നിവർത്തി കുട്ടിച്ചാത്തനും കൂട്ടുകാരും വീടിന്റെ ചുവരുകളിലൂടെ നടന്നു കയറിയതൊക്കെ വായുംപൊളിച്ചു നോക്കിയിരുന്ന , ആ എൺപതുകളിലെ ബാല്യത്തെ അറിയാതെ സ്വാധീനിച്ച രചനാ വൈഭവം .
..
‘ഏതു ദേശമാകിലും ഏത് വേഷമേകിലും ,
അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ’
എന്ന് ശോഭന പാടുമ്പോൾ ആ വരികൾ ഹൃദയത്തിൽ തട്ടിയതായി തോന്നിയ ബാല്യകാലം … അപ്പോഴും കവി അന്നിന്റെ ബാല്യത്തിന് അപരിചിതനായി മറഞ്ഞു തന്നെ നിന്നു.

‘നിൻ മനസ്സിൻ താളിനുള്ളിൽ മയിൽക്കുരുന്നിൻ പീലിയാകാം,
നീ വിതുമ്പും നോവിലെല്ലാം കുളിർനിലാവായ് ഞാൻ തലോടാം,
നിന്റെ പൂവലിമ നനയുകിൽ ,നിന്റെ കുഞ്ഞു മനമുരുകുകിൽ,
ആറ്റാനും മാറ്റാനും ഞാനില്ലേ.. എന്ന് ശോഭന സ്‌ക്രീനിൽ പാടുമ്പോൾ ജാനകിയമ്മയെയോ ബിച്ചുതിരുമലയെയോ പരിചിതമല്ലാഞ്ഞ എന്നിലെ ബാല്യത്തിന് , കാലങ്ങൾക്കിപ്പുറവും കണ്ണ് നിറയാതെ ‘എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ’ എന്ന പാട്ട് കേൾക്കാൻ കഴിയില്ലെങ്കിൽ ആ വരികളെ , അതിന്റെ സൃഷ്ട്ടാവിനെ എങ്ങനെയാണ് സ്നേഹിക്കാതിരിക്കാനാവുക !

‘കുന്നിക്കുരു കുത്തിനുള്ളിപ്പറിച്ച്,
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
ചന്ദ്രക്കലമാനെ കൊണ്ടുത്തരാമെന്ന്’ പറയുന്ന കുഞ്ഞുപെങ്ങൾ ,
‘മിന്നിത്തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയാണോമാനേ ഏറെയിഷ്ടം
ചുന്ദരിമുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ..’
എന്ന് കണ്ണാംതുമ്പിയെക്കൊണ്ടു പാട്ടുപാടിച്ചപ്പോൾ , കൊച്ചുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷക്കാരെ പേടിയുള്ള അന്നത്തെ ബാല്യത്തിന്റെ ഓർമ്മകളിൽ , വെള്ളാംകല്ലിന്‍ ചില്ലുംകൂടുണ്ടാക്കി , വാവാച്ചിയെ ഉള്ളിന്നുള്ളിൽ താലോലിക്കുന്ന അവരവരുടെ കുഞ്ഞുപെങ്ങളുടെ കരുതലും സ്നേഹവും ആ വരികളിലൂടെ അന്നത്തെ ബാല്യങ്ങളും അറിയാതെയെങ്കിലും അനുഭവിച്ചിട്ടുണ്ടാവണം

‘മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും,
വേനൽ കുരുന്നിന്റെ തൂവലായ്, തൂവാലകൾ തുന്നിയും,
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ ,
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ,
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ് ‘ എന്ന് പാടിപ്പോകുന്ന സ്നേഹനിധിയായ ലാലേട്ടനെ അന്നത്തെ ബാല്യങ്ങൾ ഇന്നും സ്നേഹിക്കുമ്പോഴും , ഉണ്ണികളോട് കഥപറയാൻ അദൃശ്യനായി ഒരു കവിയും അന്നവിടെ ഉണ്ടായിരുന്നുവെന്ന്, കാലങ്ങൾക്കിപ്പുറമാണ് സ്വാഭാവികമായും ഞാനുൾപ്പെടെയുള്ള അന്നിന്റെ ബാല്യങ്ങൾ തിരിച്ചറിഞ്ഞത് ..

‘പിണങ്ങാതിരിക്കുന്ന കറ്റക്കിടാങ്ങൾക്ക് നൽകുന്ന മട്ടിക്കുടപ്പന്റെ മുട്ടായിപോലെ ‘ , ‘പച്ചക്കറിക്കായത്തട്ടിലെ മുത്തശ്ശിപൊട്ടറ്റോ’ പോലെ , ‘എട്ടപ്പം ചുടണം, ചുട്ടപ്പം വരണം’ പോലെ , ‘കാക്കാപൂച്ചാ കൊക്കരക്കോഴി ‘ പോലെ , ബാല്യകുതൂഹലം നിറഞ്ഞ പാട്ടുകളായിരുന്നു ഏറെയും .
.
പിന്നീടൊരിക്കൽ , അവിചാരിതമായി കേട്ട ഒരു പഴയപാട്ടിന്റെ ഉറവിടം തേടിപ്പോയ എന്നിലെ കൗമാരം…. തോന്നൽ ആസ്ഥാനത്തായില്ല , രചന സാക്ഷാൽ ബിച്ചുതിരുമല തന്നെ .ഞാൻ ജനിക്കുന്നതിനു മുൻപേ ഇറങ്ങി അന്നത്തെ യുവാക്കളെ തരളിതരാക്കിയ പ്രണയഗാനം . ഇപ്പോഴും ടിവിയിൽ കാണുമ്പോൾ വീണ്ടും കേട്ടിരിക്കുന്ന ഗാനം .. നനഞ്ഞ നേരിയ പട്ടുറുമാൽ , സുവർണ്ണനൂലിലെ അക്ഷരങ്ങൾ ..

പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ – പൂഞ്ചുഴി വിരിഞ്ഞു..
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ,
നാണം മുളയ്ക്കുമീ ചിരിപോലെ..
(നനഞ്ഞ നേരിയ പട്ടുറുമാൽ )
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ,
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുല വിപഞ്ചികയോ,
ദേവീ നീയൊരു സാരംഗിയോ..
(നനഞ്ഞ…)

അന്നത്തെ കപട സദാചാരവാദികളിൽ ചിലർ കലാപക്കൊടിയുയർത്തിയ വരികൾ .. അപ്പോഴും അവരോടൊന്നും കലഹിക്കാതെ ,
‘പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ,’ എന്ന് പൂങ്കാറ്റിനോടും , കിളികളോടും കഥകൾ ചൊല്ലി ,അതൊക്കെ പ്രണയിനികളെക്കൊണ്ട് ഏറ്റുപാടിച്ച് സൗമ്യനായ ആ കവി നമുക്കൊപ്പം നടന്നു..

പ്രണയഗാനങ്ങൾ തന്നെയാണ് ഒരുപക്ഷേ എല്ലാ കവികളെയും അനശ്വരരാക്കുന്നത്..

‘വാകപ്പൂമരംചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ
വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ’ എന്ന പാട്ടിലെ ,
‘വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു..
വിരൽ ഞൊടിച്ചു വിളിച്ച നേരം, വിരൽ കടിച്ചവളരികിൽ വന്നു,
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു ,നാണം കുണുങ്ങി നിന്നു..

എത്ര കാൽപ്പനികമാണാ വരികൾ.

തേനും വയമ്പും എന്ന സിനിമയിലെ, ‘തേനും വയമ്പും നാവിൽ തൂകും വാനമ്പാടി ‘ എന്ന പാട്ടിലെ ,
‘നീലക്കൊടുവേലി പൂത്തു ,ദൂരെ നീലഗിരിക്കുന്നിൻ മേലേ..
മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ..
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ.. ‘
എന്ന വരികളിലെ,’ മഞ്ഞിൻപൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി’ എന്ന വരികളൊക്കെ എന്ത് ഭംഗിയായാണ് കവി ഉപയോഗിച്ചതെന്ന് കാണുക .. മനോഹരം എന്ന് പറയാനുള്ള വാക്കുകളേ നമ്മുടെ ആവനാഴിയിലുള്ളു എന്നിടത്താണ് കവിയും വരികളും മികച്ചു നിൽക്കുന്നത് ..

ഇതിനിടയിൽ ലാലേട്ടനെക്കൊണ്ട് രസകരമായി
” Matter of tragedies come out of the stage as in Greek tragedies…Therefore if an effect of all is to be deduced, the dramatist must device a new way…Knocking out the game.!”.. പറയിപ്പിച്ചതും മറ്റാരുമായിരുന്നില്ല ..
‘ഷേക്സ്പിയർ സാറേ, മാക്ബത് നാണിച്ചുപോകും ,
അയ്യോ തല്ലല്ലേ ടീച്ചർ ..
ഡൂ നോട് റിപ്പീറ്റ് ഇറ്റ് ലേറ്റർ ..
“നോ നോ , സുല്ലിട്ടു സൊല്ലാം ഇല്ലില്ല മേലിൽ വില്ലനായി മാറൂല്ല” എന്ന് രേഖയോട് പറയുമ്പോൾ ലാലേട്ടനിലെ സ്വതസിദ്ധമായ ആ കുസൃതിയെ മാത്രമേ നമ്മളിൽ പലരും ശ്രദ്ധിച്ചുള്ളൂ ..
ഒടുവിൽ ,
‘ദൂരത്തിലേക്കോ , ഏതോ തീരത്തിലേക്കോ,
ഓരോ നീളങ്ങൾ തേടി , പായും പാളങ്ങൾ നമ്മൾ ,
കണ്ണിൽ റെഡ് സിഗ്നൽ വീണാൽ ബ്രേക്കിട്ട് നിൽക്കും
ട്രാഫിക്ക്ജാമല്ലേ , ജന്മം പങ്കിട്ടെടുത്തൂടേ,
പാടാം നമ്മളിന്നൊന്നല്ലേ’ .. എന്ന് ലാലേട്ടനിലെ ഓട്ടോക്കാരൻ ഫിലോസഫിക്കലായി പറയുന്നിടത്തും കവി അടയാളപ്പെടുന്നുണ്ട്..

സുഖദുഃഖങ്ങൾ വന്നുപോകുന്ന മാനവഹൃദയത്തെ ദേവാലയത്തോടുപമിച്ച കവി .
‘ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ,
മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്
കഥകളിയാടാറുണ്ടിവിടെ, ചിന്തകൾ
സപ്താഹം ചൊല്ലാറുണ്ടിവിടെ….
മുറജപമില്ലാത്ത, കൊടിമരമില്ലാത്ത
പുണ്യ മഹാക്ഷേത്രം, മാനവ ഹൃദയം ദേവാലയം.’. എന്ന വരികൾ തന്നെ ധാരാളം .

‘ഇന്നെല്ലാരും എല്ലാത്തിന്റേം അവസാനാക്ഷരങ്ങൾ വരെ അറിയാമെന്നു ഭാവിക്കുന്നു .
പക്ഷേ, ഒരുവരും ഒന്നിന്റെയും ആദ്യാക്ഷരങ്ങൾ പോലും അറിയുന്നേയില്ലാ’

മുൻപൊരിക്കൽ ദൂരദർശനിലെ ഒരു പ്രോഗ്രാമിലൂടെ കുട്ടികൾക്കുവേണ്ടി ബിച്ചു തിരുമല പാടിയ വരികൾ . അന്നത് പല വിദ്വാന്മാരുടെയും വിദ്വാനെന്നു നടിക്കുന്നവരുടെയും മുഖത്തേറ്റ അടിയായിമാറിയതും പഴങ്കഥ . ഒരുജന്മം മുഴുവനും ഓർമ്മിക്കാനുള്ള വരികൾ പകർന്നു തന്ന് ഒടുവിൽ ബിച്ചുതിരുമല എന്ന ബി. ശിവശങ്കരൻ നായർ നമ്മെ വിട്ടുപിരിഞ്ഞു. മിഴിയോരം നനഞ്ഞൊഴുകുന്നു ..

ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനം പോലെ , മഞ്ചാടിക്കുന്നിലെ മണിമുകിലുകളുടെ പാട്ടുപോലെ , കടലിൽനിന്നുയരുന്ന മൈനാകം പോലെ , വാഴപ്പൂങ്കിളികൾ മെനയുന്ന നാരുകൾ കൊണ്ടുള്ള ചെറുകൂടുകൾ പോലെ ,പെണ്ണിന്റെ ചെഞ്ചുണ്ടിൽ പൂത്ത പുഞ്ചിരിപോലെ , ശ്രുതിയിൽ നിന്നുയരുന്ന ഗാനശലഭങ്ങൾ പോലെ , കണ്ണീർക്കായലിലെ കടലാസുതോണി പോലെ , ചിതറിവീണ നീർപ്പളുങ്കുകൾ പോലെ , പ്രായം നമ്മിൽ നൽകിയ മോഹം പോലെ , മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവുപോലെ , സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണുപോലെ , പഴന്തമിഴ്പ്പാട്ടിഴഞ്ഞ ശ്രുതിയിലെ പഴയൊരു തമ്പുരുവിന്റെ തേങ്ങൽ പോലെ , ഒറ്റക്കമ്പിനാദം പോലെ ,ഒരു മധുരക്കിനാവിന്റെ ലഹരിപോലെ ആ വരികളോരോന്നും അമരഗീതം പോലെ ഇവിടെ നിറയുന്നു ..
കവിയുടെ തന്നെ വരികൾ കടമെടുത്താൽ ,
‘ഇടക്കാലവാഴ്വിൻ ,ജ്യാമിതിക്കുള്ളിൽ നാം
ജലപ്പോളയേക്കാൾ ക്ഷണഭംഗുരങ്ങൾ ..’

പ്രിയപ്പെട്ട കവിക്ക് വിട ..