ബാല്യകാലസഖികള്‍ (ഓർമ്മ )

 
 
ഓര്‍മ്മകളുടെ കടലില്‍ മുങ്ങിപ്പൊങ്ങിക്കിടക്കുന്നൊരു കേവുവള്ളമാണ് മനുഷ്യന്‍ . അവന്റെ ചിന്തകളില്‍ എപ്പോഴും പിന്നില്‍ ഉപേക്ഷിക്കപ്പെട്ട , കടന്നു പോയ വഴികളിലെ നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ ആണ് . ഒറ്റക്കിരിക്കുമ്പോള്‍ , യാത്ര ചെയ്യുമ്പോള്‍ ഒക്കെയും അവന് ഓര്‍മ്മിക്കാന്‍ പുതിയതൊന്നും ഉണ്ടാകാറില്ല. സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യരെ മറന്നുകൊണ്ടല്ല ഇത് പറയുന്നതെങ്കിലും പൊതുവേ അതൊരു യാഥാര്‍ഥ്യമാണ്. പ്രസാധകര്‍ പുസ്തകം ഇറക്കുന്നതില്‍ ചില കച്ചവട തന്ത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കും. ആത്യന്തികമായി അവര്‍ക്ക് വേണ്ടത് പുസ്തകം വിറ്റുപോവുക എന്നതാണല്ലോ . അതിനെന്തു മാര്‍ഗ്ഗവും അവര്‍ ഉപയോഗിക്കുക തന്നെ ചെയ്യും . അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ മരിച്ചു പോകുകയാണെങ്കില്‍ പ്രസാധകര്‍ മത്സരിക്കുക ആ എഴുത്തുകാരന്റെ കഥകളോ കവിതകളോ നോവലോ എന്തു തന്നെയായാലും ആ സംഭാവനയുടെ പുതിയ പതിപ്പുകള്‍ ഇറക്കുകയോ അവര്‍ക്കിഷ്ടപ്പെട്ട കഥകള്‍ എന്നോ കവിതകള്‍ എന്നോ പേരില്‍ പുതിയ പുസ്തകങ്ങള്‍ ഇറക്കുകയോ ഒക്കെ ചെയ്യുക പതിവാണ് . മറ്റൊരു രീതിയാണ് എഴുത്തുകാരുടെ  എഴുത്തിന്റെ രീതി അനുസരിച്ചു അവരുടെ കഥകളെയും കുറിപ്പുകളെയും ഇറക്കുക എന്നത് . അതിനുപയോഗിക്കുന്ന തലക്കെട്ടുകളും മുഖച്ചിത്രങ്ങളും വായനക്കാരെ പുസ്തകം വാങ്ങിപ്പിക്കുന്നവ തന്നെയാകും  എന്നതില്‍ സംശയം ഒന്നും വേണ്ട.


പമ്മന്‍ എന്ന നോവലിസ്റ്റിനെ മലയാളം അറിയുന്നതു രതിയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന എഴുത്തുകാരന്‍ എന്നാണ് . ഒളിച്ചു വച്ചല്ലാതെ വായിക്കാന്‍ ഇന്നും മലയാളിക്ക് കഴിയാത്തതും എന്നാല്‍ വായിക്കാതെ ഉള്ള് ആരും തന്നെ ഉണ്ടാകില്ല എന്നതുമായ പ്രത്യേകതകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുള്ള ഒരു ഖ്യാതിയാണ് . അപ്പു , പാപമോക്ഷം, ചട്ടക്കാരി , ഒരുമ്പെട്ടവള്‍ , ഭ്രാന്ത് തുടങ്ങിയ  പമ്മൻ്റെ നോവലുകള്‍ അല്ലാതെ മറ്റെന്തെങ്കിലും ആ എഴുത്തുകാരന്‍ എഴുതിയിട്ടുണ്ടോ എന്നത് ഒരു പക്ഷേ അധികം ആര്‍ക്കും അറിയുന്ന കാര്യമാകില്ല . നോവലുകളിലെ രതിയുടെ അതിപ്രസരം മൂലം , അതിനു കിട്ടിയ ഖ്യാതി മൂലം  രതി പമ്മന്‍റെ കഥകളില്‍ എന്നൊരു എഡിറ്റഡ് പുസ്തകം പോലും ഇറങ്ങിയതായി ഓര്‍ക്കുന്നുണ്ട് . പമ്മന്‍ രതി നോവലുകള്‍ മാത്രമല്ല സെക്സ് പറയാത്ത  കഥകളും എഴുതിയിട്ടുണ്ട് .പമ്മന്‍ കഥകള്‍ എന്നാണ് ആ പുസ്തകത്തിന് പേര് . പമ്മന്‍ കഥകള്‍ എന്ന പേര് കേട്ടാല്‍ മാത്രം അതിനു മാര്‍ക്കറ്റ് കിട്ടുകയുള്ളൂ എന്നും പ്രസാധകര്‍ കരുതിയിട്ടുണ്ടാകാം .എന്തായാലും കഥകളില്‍ പമ്മന് നന്നായി ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. ഇത്തരം മാര്‍ക്കറ്റിങ്ങുകളുടെ ഭാഗം ആയിട്ടാകാം എന്റെ ബാല്യകാലസഖികള്‍ എന്നൊരു പുസ്തകം പമ്മന്‍റെ പേരില്‍ പുറത്തിറങ്ങിയത് എന്നു കരുതുന്നു .പമ്മന്‍റെ ബാല്യകാല സഖികള്‍ അല്ലെ അപ്പോള്‍ അതിനുള്ളിൽ രതിയല്ലാതെ മറ്റൊന്നും ഉണ്ടാകില്ലല്ലോ എന്നൊരു മുൻധാരണ വായനക്കാര്‍ക്ക് പമ്മന്‍നേരത്തെ തന്നെ നല്‍കിയിരിക്കുകയുമാണല്ലോ .


എന്റെ ബാല്യകാല സഖികള്‍ എന്ന ഓര്‍മ്മക്കുറിപ്പില്‍ പമ്മന്‍ തന്റെ കൌമാരത്തില്‍ തമിഴ്നാട്ടിലേക്ക് പഠനം , തൊഴില്‍ എന്നിവയ്ക്കായി കുറച്ചു കാലം പോയി താമസിച്ച അനുഭവങ്ങള്‍ ആണ് പറയുന്നതു . അവിടേയ്ക്ക് പോയതും അവിടെ പരിചയപ്പെട്ട സഹമുറിയന്‍മാരേക്കുറിച്ചും അവരുടെ പ്രത്യേകതകളെക്കുറിച്ചും പിന്നെ പമ്മന്‍റെ പ്രണയങ്ങളും ഇതില്‍ പറയുന്നു . കുട്ടിക്കാലത്തെ നാട്ടുകാരിയായ കൂട്ടുകാരിയുടെ ഓര്‍മ്മയും തമിഴ്നാട്ടില്‍ വച്ചുണ്ടായ രണ്ടു പ്രണയങ്ങളും അവരോടുള്ള വികാരവിചാരങ്ങളും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും കുടുംബ വിശേഷങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ ഓര്‍മ്മിക്കുന്ന ഒരു ഭാഗീകമായ ആത്മകഥ അല്ലെങ്കില്‍ ആത്മകഥയുടെ ഒരു ഭാഗം ആയി ഈ പുസ്തകത്തെ കാണാം . രതിയുടെ വായനയ്ക്കായോ അത്തരം അനുഭവങ്ങളും പരിചയങ്ങളും പരിചയപ്പെടാന്‍ വേണ്ടിയോ ഈ പുസ്തകം വാങ്ങുന്നവര്‍ പാടെ നിരാശരായിപ്പോകും എന്നത് സത്യമാണ് .


ഓര്‍മ്മകള്‍ എഴുതുമ്പോഴായാലും നോവലുകള്‍ എഴുതുമ്പോഴായാലും കഥകള്‍ എഴുതുമ്പോഴായാലും പമ്മന് ഒരു ശൈലി ഉണ്ട് . ജാത്യാഭിമാനവും അല്പം ഗര്‍വ്വവും നിറഞ്ഞ ഒരു സാധാരണ മനുഷ്യനാണ് പമ്മന്‍ തന്റെ വരികളില്‍ . ഒപ്പം പമ്മന്‍ വരച്ചിടുന്ന കാലം മലയാളിക്ക് ഇന്നഞ്ജാതമായതോ അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നതോ ആയ ഒരു കാലവും കാഴ്ചയും ആണ് . വരികള്‍ക്കിടയിലെ പമ്മന്‍റെ എഴുത്തുകാരന്‍ എന്ന ഗര്‍വ്വ് വായിക്കപ്പെടുമ്പോൾ ഇന്നത്തെ എഴുത്തുകാരില്‍ ആ ഗര്‍വ്വുള്ള സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരനെ ഓർമ്മ വരുന്നുണ്ട് . പമ്മന്‍ പക്ഷേ സുഭാഷ് ചന്ദ്രന്റെ മുന്നില്‍ അക്കാര്യത്തില്‍ ശിശുവാണ് എന്നു പറയേണ്ടി വരുമെന്ന് മാത്രം . എഴുത്തുകള്‍ വായനക്കാരില്‍ നൽകേണ്ട ആനന്ദം ഏത് വിധത്തില്‍ ആയിരിക്കണം എന്നത് തീരുമാനിക്കപ്പെടേണ്ടത് വായനക്കാരനോ എഴുത്തുകാരനോ എന്നു ചിന്തിക്കേണ്ട കാലം ഓരോ എഴുത്തുകാരനും ഉണ്ടാകേണ്ടിയിരിക്കുന്നു .

ബാല്യകാലസഖികള്‍ (ഓർമ്മ )
പമ്മന്‍
പൂർണ്ണ പബ്ളിക്കേഷൻസ്

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.