ബാലകഥാശാഖി (ബാലസാഹിത്യം)

ബാലസാഹിത്യശാഖ വളരെ ദുര്‍ബ്ബലമായ ഒരു വിഭാഗമാണ് മലയാള സാഹിത്യത്തില്‍ . കുറച്ചു കാലം മുമ്പു വരെ റഷ്യന്‍ നാടോടിക്കഥകളും, മറ്റ് വിദേശ നാടോടിക്കഥകളും മൊഴിമാറ്റം നടത്തി വായനയ്ക്ക് ലഭിച്ചിരുന്നു എന്നതൊഴിച്ചാല്‍ എന്താണ് മലയാള എഴുത്തുകാരില്‍ നിന്നു നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഉള്ളത് ? ശാസ്ത്ര സാഹിത്യ പരിഷത്തും യൂറേക്ക പുസ്തകങ്ങളും കുറച്ചൊക്കെ കുട്ടികൾക്ക് ശാസ്ത്രീയമായി അറിവ് നല്‍കുന്ന വിഭവങ്ങളെ നല്കുന്നുണ്ട് . പക്ഷേ എണ്ണം പറഞ്ഞ എഴുത്തുകാര്‍ ഒന്നും തന്നെ കുട്ടികള്‍ക്കായി ഒന്നും നല്‍കുന്നില്ല . നല്‍കുന്നവ എല്ലാം കാലഹരണപ്പെട്ട  പഴയ ഓലക്കെട്ടിലെ സാരോപദേശങ്ങളും സദാചാര ജല്‍പനങ്ങളും മാത്രമാണു . അതിനപ്പുറം മാനുഷികത, മാനവികത, സാഹോദര്യം, കുടുംബ ജീവിതം, സമഭാവന തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നില്ല . ഇത്തരം കഥകള്‍ വായിച്ചു കുട്ടികളെ മുതിർന്നവർ ജീവിച്ചു പരിചയിച്ച അതേ ചാണകക്കുഴിയിലേക്ക് പറഞ്ഞു വിടുക എന്നതാണു ബാലസാഹിത്യകാരന്മാര്‍ ചെയ്തു വരുന്നത്. മതം പഠിപ്പിക്കുക, മത നേതാക്കളുടെയും പുരോഹിതരുടെയും ദൈവങ്ങളുടെയും കഥകളില്‍ക്കൂടി സംസ്കാരം (?) പഠിപ്പിക്കുക എന്നീ കസര്‍ത്തുകള്‍ അല്ലാതെ കുട്ടികള്‍ക്ക് മാനസികവും സാമൂഹികവും ആയ വികാസം നല്‍കുന്ന വിഷയമോ പ്രമേയമോ അവതരിപ്പിക്കാന്‍ അശക്തരാണ് ഇവര്‍ .
 
പി എ വാരിയര്‍ , സുമംഗല , ഉറൂബ് , വി. മോഹന്‍കുമാര്‍ , പി നരേന്ദ്രനാഥ് , പാലാ കെ എം മാത്യൂ , എന്നിവരുടെ ഓരോ കഥകള്‍ അടങ്ങിയ ഒരു കൊച്ചു പുസ്തകമാണ് ബാലകഥാശാഖി. ഈ കഥകള്‍ ഒരുമിച്ച് കൂട്ടിയ സുഗതകുമാരി , ഈ കഥകള്‍ കുട്ടികള്‍ വായിക്കണം എന്നും അവരില്‍ നല്ല സ്വഭാവം വളരണം എന്നും തന്നെ കരുതിയിട്ടുണ്ടാകണം . അതാകുമല്ലോ ലക്ഷ്യവും. ഇത്തരം ബാലസാഹിത്യങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും കുറ്റമറ്റതും കാലാതിജീവനം പ്രാപിക്കേണ്ടതുമായിരിക്കണം എന്നത് ഒരു പൊതുബോധമാണ് . പക്ഷേ ഉറൂബിന്റെയും പി നരേന്ദ്രനാഥിന്റേയും കഥകള്‍ ഒഴികെ മറ്റെല്ലാ കഥകളും സവര്‍ണ്ണ സംസ്കാരത്തിന്റെ പൊലിപ്പിച്ചു കാട്ടുന്ന എന്തോ വലിയ ഒരു ലോകത്തിന്റെ കഥ പറഞ്ഞു കൊടുക്കുന്നവയായാണ് അനുഭവപ്പെടുന്നത് . ഇതൊക്കെ പഠിച്ചു വളര്‍ന്ന ഒരു  തലമുറയാണ് ഇന്നുള്ളത് . അവരുടെ കുട്ടികള്‍ക്ക് ഇതിനപ്പുറം എന്താണ് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഉള്ളത് എന്നതാണു പ്രധാനം . ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ് .ഒപ്പം അറിവും  കാഴ്ചപ്പാടുകളും . അതിനെ ഉള്‍ക്കൊള്ളാന്‍ പുതിയ എഴുത്തുകാര്‍ എങ്കിലും മുന്നോട്ട് വരട്ടെ എന്നും കുട്ടികള്‍ക്ക് നല്ല കഥകള്‍ വായിക്കാനും ആസ്വദിക്കാനും കഴിയട്ടെ എന്നു ആശിച്ചു പോകുന്നു . വിവരസാങ്കേതികതയുടെ വികാസവും പുതിയ കാലഘട്ടത്തിലെ കോവിഡീയന്‍ അവസ്ഥയും കുട്ടികളെ വായനയില്‍ നിന്നും കൂടുതല്‍ അകറ്റുകയും മൊബൈല്‍ , കമ്പ്യൂട്ടര്‍ പോലുള്ള സംവിധാനങ്ങളും നെറ്റും അവരെ കീഴടക്കുകയും ചെയ്യുകയാണ് . അവരെ വായനയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ കഴിവുള്ള എഴുത്തുകാര്‍ മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . പരസ്പരം സുഖിപ്പിക്കുന്ന പ്രണയവും ജീവിതവും എഴുതി വലിയവരെ ഉന്മാദം കൊള്ളിക്കുന്ന എഴുത്തുകാരോട് അതിനാല്‍ത്തന്നെ പറഞ്ഞു പോകുകയാണ് കുട്ടികളെക്കൂടി നിങ്ങൾ ഒന്നു പരിഗണിക്കണം. വായനയെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അത് അത്യാവശ്യമാണ് .

ബാലകഥാശാഖി (ബാലസാഹിത്യം)
സമ്പാദക: സുഗതകുമാരി
നാഷണല്‍ ബുക്ക് ട്രസ്റ്റ് (1979)
വില : 4.50 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.