നോക്കൂ, വെറും കല്ലെന്ന പേര്
എന്നിൽ നിന്നും
ചെത്തിക്കളഞ്ഞ
നീയൊരാളാണ്,
എൻ്റെ പ്രിയപ്പെട്ടവൻ.
ശിൽപിയോട്
ശിൽപം മന്ത്രിച്ചു.
വെറും മുളം തണ്ടെന്ന
നിലയിൽ നിന്നും
എനിക്ക് മോചനം കിട്ടിയത്,
നീയെന്നെ ചുണ്ടോട്
ചേർത്തതിൽപ്പിന്നെ..
പുല്ലാങ്കുഴൽ,
വാദകനോട് മൊഴിഞ്ഞു.
ദൂരദർശിനികൊണ്ട്
നോക്കിയവരെല്ലാം
കണ്ണുവെച്ചത് എന്നിലെ
കുന്നിലും കുഴിയിലും ..
നീമാത്രം നീലത്തണുപ്പിലേക്കു
നോക്കിയതാണെന്നെ
പ്രശോഭിതചന്ദ്രനാക്കിയത്.
തടാകത്തോട് ചന്ദ്രനും.
അപ്പോൾ വിരിഞ്ഞ പൂവിനോട്
മുൾച്ചെടി പറഞ്ഞത്,
നിയെൻ്റെ പാഴ്ചെടിയെന്ന
പേര് നീക്കിത്തന്നുവെന്ന്.
പള്ളിക്കൂടമുറ്റത്ത്,
തൻ്റെ മുന്നിലൊരു
പൂവുമായെത്തിയ
കുഞ്ഞിൻ്റെ മുന്നിൽ
മുട്ടുകുത്തി അധ്യാപകൻ
മന്ത്രിച്ചു..
നിൻ്റെ സ്പർശവും
ശ്വാസവും ഏൽക്കുന്നതിനും,
നിൻ്റെ കണ്ണുകളിലേക്ക്
നോക്കുന്നതിനും മുമ്പേ
ഞാനും വെറുമൊരു….
അത് കേൾക്കാനായി മാത്രം
ദൈവവിഗ്രഹങ്ങൾ
കാലഭൂതത്തെ പേടിച്ച്
വീണ്ടുമൊരു നിമിഷം
നിശ്ചേതരായി..
പുല്ലാങ്കുഴൽ മൗനമായി.
തലതകർക്കപ്പെട്ട
ബുദ്ധപ്രതിമകളുടെ പുനർജന്മം
കൊതിച്ചു കൊണ്ട്
ബാമിയാനിലെ
ആകാശതാരകങ്ങൾ
ധ്യാനനിരതരായി..
അപ്പോഴേക്കും കുഞ്ഞൊന്നു
ചിരിച്ചു, പ്രപഞ്ചമാകെ
വെളിച്ചം നിറഞ്ഞു.