ബാപ്പിരിയൻ

ഉപ്പൂപ്പ ചക്കരകഞ്ഞി
പാതി കുടിച്ചു വെച്ചു.
മുഴുവൻ ദാഹവും
ഒടുങ്ങാതെ.

വേനൽ മഞ്ഞിൻ്റെ
ചൂടാറാതെ
പെറ്റ് കൂടുന്ന ദാഹങ്ങളുമായി
ബാപ്പിരിയൻ
ഇടവഴി മണ്ണ് തൊടാനാകാതെ.

ശവം പോലത്തെ
വഴിയുടെ നെഞ്ചത്ത്
മുള്ളുപോലെ ആഴ്ന്ന് കയറിയ
പേടു മരത്തിൻ്റെ കൊമ്പത്ത്.

കല്ലുവഴി കടന്നപ്പോഴേക്കും
അക്കര പോറ്റിമാരുടെ കൊത്തു കാക്കകളല്ല,
കൂളികളാണെന്ന് തിരിഞ്ഞു.

ബക്ക്രീദിൻ്റെ തലേന്ന്
അക്കരേന്ന് ബാപ്പിരിയനേയും
കൂളിയേയും എത്തിച്ചത്
ഭഗോതി തന്നെയെന്ന് ഉമ്മൂമ്മ.

വെള്ളോല കുട നിവർത്തിച്ച്
ഗുളികനേയും കൂളിയേയും
പടിക്കലേന്ന് വിളിച്ചപ്പോൾ.
ചത്തവരുടെ ആവികൾ
ഉറുമ്പുകളെ പോലെ
ഉമ്മറത്തരിച്ചു.
പൂർവികർ ഒളിച്ച് താമസിക്കണ
കിണറീന്ന് തവളകൾ കരഞ്ഞു.

ശവവഴികളെത്തുന്ന
പാടത്തെ പള്ളി മുറ്റത്ത്
പൂർവ്വികർ പൊഴിച്ചിട്ട,
വസൂരി വേനൽ.
മച്ചിൽ നിന്ന് മലക്കുകൾക്ക്
പുറത്തിറങ്ങനാകുന്നില്ലെന്ന്
കൂളികളുടെ കാക്ക ചിറകടി.

കുളി വചനം തന്നെ
ഉമ്മൂമ്മയ്ക്ക് നബി വചനം.
വെള്ളോല കുട നിവർത്തിച്ച്
ഉപ്പൂപ്പ പോകുമ്പോൾ
തീക്കട്ടേൻ്റെ വെയില് നനഞ്ഞ് പോകണേന്ന്.
അതിർത്തി പുഴ മെലിഞ്ഞ് പോകണേന്ന്.

ബായ പടിച്ചികൾ പെറ്റുകൂട്ടിയ
കരച്ചിലുകൾക്ക്
മഴക്കാലങ്ങളെ ഊതിയുണർത്താനായില്ല.

ബാപ്പിരിയനേയും
കൂളിയേയും കടന്നെത്തുമ്പോൾ,
ഒരു വർഷ കാലം
എവിടെയോ തീക്കുട്ടുന്നുണ്ടെന്ന്.
ഈ വേനലിൽ മുഴുവനും
രാത്രി സ്വപ്നങ്ങളിൽ
ബായ പിടച്ചികളുടെ
മഴക്കാലങ്ങളിൽ
നനഞ്ഞ് ഉരുകുന്നു ഉമ്മൂമ്മ.

2

പള്ളീലിപ്പോൾ മലക്കുകളോടൊപ്പം
ഭഗോതി തന്നെ കൂടീട്ടുണ്ടെന്ന് കൂളി.
ഭഗോതിയുള്ളപ്പേൾ
ചത്തവർ പൊഴിച്ചിട്ട
വസൂരി വേനലിന് മാഞ്ഞു പോകാനാകുമെന്ന് ഉമ്മൂമ്മ

എന്നിട്ടും ഉപ്പൂപ്പയുടെ
മുഖത്തും കൈയ്യിലും
മല പോലെ നോവ് വന്നു കീറുന്നു.

ബക്രീദിൻ്റെ തലേന്നത്ത്
ചെരിഞ്ഞു പോയ മൊത്ത വെള്ളം.
ഉമ്മറ വാതിലീന്നൊരു തേങ്ങാ പൂൾ മുറിവ്.
വൈകിട്ട് കൂളിയ്ക്ക് മിന്നാമിന്നി കണ്ണ്.
പകലത്ത് കൂളിയ്ക്ക് കാക്കപട.

ശവവഴികൾക്ക് കനം വെച്ചപ്പോൾ
ഉപ്പൂപ്പയുടെ പള്ളിയിലേക്ക്
അമ്പിളികളൊരു മിന്നലിനെ കൂട്ടയക്കുന്നു.

പുരയ്ക്ക് മീതെയുള്ള
ബാപ്പിരിയൻ പതുക്കെ
വരൾച്ച ചുമയ്ക്കുന്നു.

3

ഉമ്മൂമ്മയുടെ പുരയ്ക്ക് മീതെ
ദേഹത്തൂന്ന് പറത്തിവിട്ട
ആയിരം കണ്ണുകളിൽ നിന്ന്
കാഴ്ച്ച പിടിച്ച് ബാപ്പിരിയൻ.

അക്കരപച്ചകളിൽ നിന്ന്
പാറപൂതങ്ങൾ
ചെമ്പരത്തി വസന്തങ്ങളോടൊപ്പം
ഇറങ്ങി പോകുന്നു.

പിറകെ ചോരച്ച ചിലമ്പുകൾ
കടിച്ചു കൊണ്ട്..
പോറ്റിമാരുടെ കൊത്തു കാക്കകൾ.

പാറപൂതങ്ങളെ പോലെ
ബാപ്പിരിയന് ചിലമ്പ് ശബ്ദങ്ങളില്ല.
ബാപ്പിരിയൻ അറിഞ്ഞ് തുള്ളുമ്പോ..
കാൽ മരങ്ങൾക്ക്
മണ്ണിൽ വേര്പിടിക്കാനാകില്ല.

ബാപ്പിരിയന് വേണ്ടി
പള്ളിഭഗവതി ഒരു ചിലമ്പ്
പണിതു വെക്കുന്നു.

എന്നാൽ
പുരയ്ക്ക് മീതെയിരുന്ന്
ദാഹ കഥകൾ നിർത്താം.
ഉപ്പൂപ്പയോടൊപ്പം ചിലമ്പു ശബ്ദങ്ങളെ കൂട്ടയക്കാം.

അക്കരെ പോറ്റിമാരുടെ കൊത്തു കാക്കകൾ
പള്ളി മച്ചീന്ന് മലക്കുകളെ പറഞ്ഞയക്കുന്നു.

ചത്തുപോയ
പാറപൂതങ്ങളൊക്കെയും
അക്കര പോറ്റിമാരുടെ
കൊത്തു കാക്കകളായി.

ഭഗോതി പണിത ചിലമ്പുകളൊക്കെയും,
കൊത്തു കാക്കകളോടൊപ്പം
പറന്ന് പൊങ്ങി.

അവശേഷിച്ച കൂളികൾ
ഗർഭപാടങ്ങളിലൊളിച്ചു.
പേടിച്ചരണ്ട മലക്കുകളെ
മലയരികെ കൊണ്ട് വിട്ടു ഉപ്പൂപ്പ.

ഉപ്പൂപ്പയുടെ വെള്ളോല
കുടയുടെ മറവിൽ
ചിലമ്പൊച്ച പറിഞ്ഞു പോയ
ഭഗോതി.

ഉപ്പൂപ്പയോടൊപ്പം ചക്കര
കഞ്ഞി കുടിയ്ക്കാനാകാതെ
ബാപ്പിരിയൻ്റെ ആയിരം
കണ്ണുകൾ തുളുമ്പി പോകുന്നു.

പാടത്തെ പള്ളിയുടെ പ്രേതശരീരം
കൊത്തു കാക്കളുടെ
വായ്ക്കകത്ത്.

പുരയ്ക്ക് മീതെയിരുന്ന്
ബാപ്പിരിയൻ തുറന്നിട്ട
വരൾച്ചയിൽ
ഉപ്പൂപ്പയും ഭഗവതിയും
ഒരുമിച്ച് തീശ്വസിക്കുന്നു.

*ബാപ്പിരിയൻ – മുസ്ലീം തെയ്യം
* ബായപ്പടിച്ചി- വിധവ

കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. കഥയും കവിതയും എഴുതുന്നു . പ്രസിദ്ധീകരിച്ച കൃതികൾ: കിടുവൻ്റെ യാത്ര (ബാലസാഹിത്യം ), Loo (ഇംഗ്ലീഷ് കവിതകൾ).