‘തിരിച്ചുവരുന്ന രാധാകൃഷ്ണന് വൻസ്വീകരണം.’
പ്രധാന റോഡിൽ നിന്നും ഉള്ളിലേക്ക് തിരിയുന്ന ചെമ്മൺപാതയുടെ തുടക്കത്തിലുള്ള വൈദ്യുതിപോസ്റ്റിൽ തുടങ്ങി വീടുവരെയുള്ള സാമാന്യം ബലമുള്ള വേലിപ്പത്തലുകൾ വരെ വർണ്ണശബളമായ ഫ്ളക്സ് ബോർഡുകൾ സ്ഥാനം പിടിച്ചിരുന്നു. ഫ്ളക്സിലെ ചിത്രങ്ങൾക്ക് രാധാകൃഷ്ണൻ്റെ സത് സ്വരൂപത്തേക്കാൾ അല്പം കൂടി ഭംഗി തോന്നിക്കുന്നതായി അയൽവക്കത്തെ സ്ത്രീകൾ ഗിരിജയുടെ കാതിൽ മന്ത്രിച്ചു. അപ്പോൾ സ്വതവേ ഇരുണ്ട അവളുടെ മുഖത്ത് ചെറിയ നിലാവ് പരന്നതായി തോന്നി. പീതവർണ്ണമാർന്ന പല്ലുകൾ കാണുംവിധം അവൾ ചിരിക്കുകയും ചെയ്തു. എന്നാൽ ആ ചിരി മറ്റാരും കാണാതിരിക്കാൻ സ്ത്രീകൾ അവൾക്കുചുറ്റും മനുഷ്യമതിൽ തീർത്തു.
ഉച്ചയോടെ രാധാകൃഷ്ണൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന ഒരാൾ പറയുന്നത് കേട്ടു; എന്തൊക്കേയോ കടലാസ്സുകൾ ശരിയാക്കാനുണ്ടത്രെ! ഇനി അല്പം നേരത്തെ തന്നെ വന്നുകൂടായ്കയില്ല, വൈകാനും. തൻ്റെ നിരീക്ഷണത്തിൽ സ്വയം തൃപ്തനായി അയാൾ മാറിനിന്നു. അതെന്തുതന്നെയായാലും ഒരുക്കങ്ങളുടെ വേഗതക്ക് ഒട്ടും കുറവുണ്ടാകരുതെന്ന മട്ടിൽ എല്ലാവരും തന്നെക്കൊണ്ടാകും വിധം ഉത്സാഹിക്കുന്നുണ്ടായിരുന്നു. ചെറുതെങ്കിലും വൃത്തിയുള്ള പന്തലിന് വീടിനേക്കാൾ ഉറപ്പും ഭംഗിയും തോന്നിച്ചു. അവിചാരിതമായ ഒരു തയ്യാറെടുപ്പായിരുന്നതുകൊണ്ട് ആളുകൾ കേട്ടറിഞ്ഞ് എത്തുന്നതേയുണ്ടായിരിന്നുള്ളൂ. എങ്കിലും നൂറിൽ കുറയാത്ത ആളുകളെ പ്രതീക്ഷിക്കാമെന്ന് കാലേക്കൂട്ടി വന്നവർ പരസ്പരം പറഞ്ഞ് തീരുമാനിച്ചുറപ്പിച്ചു.
രണ്ട് മക്കളെ കൂടാതെ വീട്ടിലെ മറ്റ് വളർത്തു മൃഗങ്ങളായ വെളുത്ത നായയും പൂച്ചയും യഥാക്രമം മുറ്റത്തെ തെങ്ങിൻ ചുവട്ടിലും നടക്കല്ലിലുമായി സ്ഥാനം പിടിച്ച് പരിസരകോലാഹലങ്ങളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. ഭൂമിയിലെ സകല നായകളേയും ഭയത്തോടെ മാത്രം കാണുന്ന ഗോപാലൻ നായർ രാധാകൃഷ്ണൻ്റെ നായയുടെ തൊട്ടടുത്ത് കിടന്നിരുന്ന കയറിൻ കഷണം വളരെ ലാഘവത്തോടെ എടുത്തുകൊണ്ടു പോകുന്നത് കാണായി.
പ്രധാന റോഡിൽ നിന്നും വണ്ടി ഉള്ളിലേക്ക് തിരിഞ്ഞ് വീട്ടുമുറ്റത്ത് എത്തുകയില്ലെന്ന് ആരോ ഉറക്കെ ചിന്തിച്ചപ്പോൾ, കുറച്ച് ദൂരമല്ലേയുള്ളൂ എന്ന് മറ്റാരോ പരിഹാരം പറഞ്ഞ് ആ ചിന്തയുടെ ചൂട് ഊതിയകറ്റി. രാധാകൃഷ്ണന് കടന്നുവരാനുള്ള വഴി ഒഴിച്ചിട്ടുകൊണ്ട് പഴയ പ്ലാസ്റ്റിക് കസേരകൾ ആ മൂന്നര സെൻ്റ് പുരയിത്തിൻ്റെ ബാക്കി ഭാഗം കൈയ്യടക്കിയിരുന്നു.
പെട്ടെന്ന് ഒരു വാഹനത്തിൻ്റെ മുരൾച്ചയും നീണ്ട ഹോണടിയും ആൾകൂട്ടത്തെ പുരയിടത്തിൻ്റെ വെളിയിലേക്ക് നയിച്ചു. അവരോടൊപ്പം ഇറങ്ങാൻ ഒരുമ്പെട്ട ഗിരിജയെ മുതിർന്ന സ്ത്രീകൾ തടഞ്ഞു. അവനിങ്ങോട്ടല്ലെ വരുന്നത്, പിന്നെ റോഡിലേക്ക് പോകേണ്ട കാര്യമെന്തിരിക്കുന്നുവെന്ന് പ്രായം ചെന്ന ഒരു സ്ത്രീ ശാസനയുടെ ചുവയോടെ പറഞ്ഞതുകേട്ട്, ചെറിയ നിരാശയോടെ അവൾ പിൻവാങ്ങി.
അല്പസമയത്തിനകം പുരുഷാരം തിരിച്ചുവന്നു. മുൻനിരക്കാരുടെ ശരീരങ്ങൾ ആൾക്കൂട്ടത്തിൻ്റെ മദ്ധ്യത്തിലായിരുന്ന രാധാകൃഷ്ണനെ വീടിനകത്തുള്ളവർക്ക് ഗോചരീഭവിക്കുന്നതിൽ നിന്നും തടഞ്ഞു.
ആൾക്കൂട്ടം വരാന്തക്കടുത്തെത്തിയപ്പോൾ മുൻപിൽ നടന്നിരുന്നവർ ഇരുഭാഗത്തേക്കും പകുത്ത് മാറുകയും, വെളുത്ത യൂണിഫോം ധരിച്ച നാലുപേർ അവർ വഹിച്ചുകൊണ്ടുവന്നിരുന്ന സ്ട്രക്ച്ചർ താഴെ കൽപ്പൊടി തല്ലിയമർത്തിയ വീട്ടുവരാന്തയിൽ പതുക്കെ വക്കുകയും ചെയ്തു. ആരൊക്കെയോ ചേർന്ന് രാധകൃഷ്ണനെ സ്ട്രക്ച്ചറിൽ നിന്നും താഴെയിറക്കി കിടത്തി. വന്നതുപോലെത്തന്നെ യൂണിഫോം ധാരികൾ സ്ട്രക്ച്ചറെടുത്ത് തിരികെ നടന്നു, രാധാകൃഷ്ണനില്ലാതെ.
രാധാകൃഷ്ണൻ്റെ രണ്ടുമക്കളും മുറ്റത്തുനിന്ന് അല്പം മാറി, തലേന്ന് പെയ്ത മഴയിൽ നനഞ്ഞ മണ്ണിൽ അപ്പം ചുട്ടുകളിക്കുകയായിരുന്നു. ഈ തിരക്കുകളൊന്നും തന്നെ അവരെ അല്പം പോലും അലോസരപ്പെടുത്തിയതായി തോന്നിയില്ല. ഇരുട്ട് മൂടിയ ചെറിയ മുറിക്കകത്തെ അനേക ജോഡി കണ്ണുകളിൽ തിളക്കമറ്റ രണ്ടെണ്ണം രാധാകൃഷ്ണൻ്റെ മുഖം ചുറ്റിപ്പറ്റി പറക്കുന്ന ഈച്ചകളെ വീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങേർക്കതുങ്ങളെ കൈവീശി അകറ്റരുതോയെന്ന ചിന്ത ഗിരിജയുടെ മനസ്സിലു യർന്നെങ്കിലും ആയുസ്സുകുറഞ്ഞ ഒരു പുഞ്ചിരിയോടെ അവളാ ചിന്തയെ നുള്ളി.
ആളുകൾക്ക് വേണ്ടി നടക്കല്ലൊഴിഞ്ഞുകൊടുത്ത പൂച്ച മുറ്റത്തിരുന്ന് തൻ്റെ വെളുത്ത ദേഹം നക്കിത്തുടച്ച് വൃത്തിയാക്കുകയും, നനവാർന്ന മണ്ണിൽക്കിടന്നുരുണ്ട് നായ തൻ്റെ വെളുപ്പിൻ്റെ തീവ്രത കുറക്കാൻ ശ്രമിച്ചും കൊണ്ടിരുന്നു. ആകാശത്ത് ചെറുതായി മഴക്കോളൊരുങ്ങുന്നുണ്ടായിരുന്നു. പക്ഷെ മഴ പെയ്യുമെന്നോ ഇല്ലെന്നോ ആരും അഭിപ്രായപ്പെട്ടില്ല.
വഴിയിൽ നിന്നും ഒരു ഫ്ലക്സ് ബോർഡഴിച്ച് വീടിനുമുൻപിൽ കൊണ്ടു വക്കാൻ ആരൊ ആരോടൊ പറയുന്നത് കേട്ടു.