ഫോർട്ട്‌ എഡ്മണ്‍ഡണിലെ പൂർവികർ

നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ  പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ എഴുതുന്നു.

കാനഡയുടെ തെക്കൻ ഭൂപ്രദേശമായ ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, പടിഞ്ഞാറൻ പ്രദേശമായ ആൽബർട്ടയിൽ എത്തുമ്പോൾ ആകെയൊരു ആശയക്കുഴപ്പത്തിലായിരുന്നു. സമയബോധവുമില്ലാത്ത പോലെ. എങ്കിലും അടുത്ത ദിവസംതന്നെ സമയവുമായി പൊരുത്തപ്പെട്ടു.

ആൽബർട്ടയിലെ കാഴ്ചകൾ എന്തൊക്കെയാണ് എന്ന അന്വേഷണത്തിൽ ഒരു നീണ്ടലിസ്റ്റ് തന്നെ കിട്ടി. അതിൽ നിന്നും അടുത്തുള്ള സ്ഥലങ്ങൾ ആദ്യം തിരഞ്ഞു പിടിച്ചു. അങ്ങനെയാണ് ആദ്യയാത്ര ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് എന്നു തീരുമാനിച്ചത്.

രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് പാർക്ക് സമയം എന്ന് അവരുടെ സൈറ്റിൽ ഉണ്ട്. മോൾ പറഞ്ഞു. ഓ …, പാർക്കിൽ എന്തോ കാണാനാ…. എന്ന സന്ദേഹത്തോടെ അവളെ നോക്കിയപ്പോൾ , എന്റെ മനസ് വായിച്ചിട്ടെന്നപോലെ മോൾ പറഞ്ഞു, ” ഇത്, സാധാരണ പാർക്കല്ല, 158 ഏക്കറിൽ പരന്നു കിടക്കുന്ന കാനഡയിലെ ഏറ്റവും വലിയ ‘ലിവിംഗ് ഹിസ്റ്ററി മ്യൂസിയമാണ് ‘ പൂർവികർ എങ്ങിനെ ജീവിച്ചിരുന്നുവെന്ന് വായിച്ചറിവല്ലേ നമുക്കുള്ളൂ. ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിൽ നമുക്കത് അനുഭവിച്ചും അറിയാമത്രേ.

എങ്കിൽ ശരി, പോയി നോക്കാം…. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് യാത്രക്കൊരുങ്ങിയത്.

നിറഞ്ഞ പച്ചപ്പിനുള്ളിലൂടെ നീണ്ടുപോകുന്ന ആളുകളുടെ ഒരു നിരയാണ് ആദ്യം കണ്ടത്. പാർക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റിനു വേണ്ടിയുള്ള നിരയായിരുന്നു. ഓ, പാർക്ക് മോശമല്ലെന്നു തോന്നുന്നുവെന്ന ആത്മഗതം കുറച്ചുറക്കെയായിപ്പോയെന്ന് മോൾ കണ്ണുമിഴിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്‌.

ടിക്കറ്റെടുത്തു അകത്തു കേറിയപ്പോൾ കണ്ണിൽപ്പെട്ടത് ചെറുപ്പത്തിൽ സിറ്റിയിൽ എക്സിബിഷൻ കാണാൻ പോകുമ്പോൾ കണ്ടിട്ടുള്ള അത്ഭുത ലോകം. ഉയരത്തിൽ കറങ്ങുന്ന ചക്രവും ഊർന്നിറങ്ങി വരുന്ന നീണ്ടകോണിയും വട്ടത്തിൽ ചുറ്റുന്ന കുതിരയുമൊക്കെ.

ബാല്യത്തിലേക്ക് ഒരു കുതിച്ചു ചാട്ടത്തിനൊരുങ്ങിയ എന്നെ മോൾ പിടിച്ചു നിർത്തിയത് , “ദാ … ട്രെയിൻ വരണൂ ” ന്ന് പറഞ്ഞാണ്.

കോട്ടയിലേക്കുള്ള തീവണ്ടി കൂവിക്കൊണ്ട് സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. യാത്ര കഴിഞ്ഞെത്തിയവരുടെ മുഖങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന ആവേശം. ഓരോ പതിനഞ്ചു മിനിട്ടിലും തീവണ്ടിയുണ്ട്. അവധി ദിവസങ്ങളിൽ നല്ല തിരക്കും ഉണ്ടാവും. 1900 കളിലെ വേഷം ധരിച്ച ഡ്രൈവറും സഹായികളും കൂടാതെ ഒരു ഗായകസംഘവും വണ്ടിയിൽ ഉണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിനു മുൻപേ തീവണ്ടിയുടെ ചരിത്രവും കോട്ടയുടെ ചരിത്രവുമെല്ലാം ഗൈഡ് വിശദീകരിച്ചു.

ഈ പാർക്കിൽ ‘ഫർ ട്രേഡ് യുഗം’ മുതൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മെട്രോ പോളിറ്റൻ സംസ്കാരം രൂപം കൊള്ളുന്നതുവരെയുള്ള കാലഘട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. വേനൽക്കാലവും അവധിക്കാലവും ആയതിനാൽ പഴയകാല വസ്ത്രങ്ങളണിഞ്ഞും അന്നത്തെ ജീവിത രീതികൾ അനുകരിച്ചും കോട്ടയിൽ ധാരാളം ആളുകൾ സന്നദ്ധസേവകരായിട്ടുണ്ട്. തീവണ്ടി എത്തുമ്പോൾ കോട്ടവാതിൽക്കൽ വന്നു വിനോദ സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകും. മരം കൊണ്ടുള്ള കോട്ടമതിൽ ചുറ്റി ഇടുങ്ങിയ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ ഒരു കഷണം ഫർ ട്രേഡ് ചെയ്യാനായി ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിക്ക് കൊടുത്തു.

കോട്ടയ്ക്കുള്ളിൽ 1846 മുതൽ 1885 വരെയുള്ള കാലഘട്ടത്തെ പുനരാവിഷ്ക്കരിച്ചിരിക്കുന്നു. 1915 ൽ ജീർണിച്ചു ഇടിഞ്ഞുവീണ കോട്ടയുടെ പകർപ്പ് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ പാർക്കിൽ പുനരാവിഷ്ക്കരിക്കപ്പെട്ടത്‌. ഒരു നിമിഷം, നമ്മുടെ നാട്ടിലെ കാര്യം ഓർത്തു പോയി. 1974 ലാണ് സന്ദർശകർക്കായി ഈ പാർക്കിലെ ഫോർട്ട്‌ എഡ്മണ്‍ഡണ്‍ തുറന്നു കൊടുത്തത്. തുടർന്ന് പണി കഴിയുന്നതനുസരിച്ച് മറ്റു ഭാഗങ്ങളും. ഓരോ ഭാഗത്തെ കെട്ടിടങ്ങളിലും അവധിക്കാലത്തെ താൽക്കാലിക താമസക്കാരായ സന്നദ്ധസേവകരുണ്ട്. ഇവർ അതാത് കെട്ടിടങ്ങളെപ്പറ്റിയും അന്നത്തെ ജീവിത രീതികളും രസകരമായി വിശദീകരിക്കുന്നത് ആ ജീവിതം ജീവിച്ചു കൊണ്ടാണ്.

(തുടരും) 

കാലത്തിന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ (രണ്ടാം ഭാഗം)

പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം നീർമിഴിപ്പൂക്കൾ. രുചിക്കൂട്ട് എന്ന പാചകപുസ്തകം, നാലഞ്ച് ആന്തോളജികളിൽ രചനകൾ. എറണാകുളം സ്വദേശി. ക്യാനഡയിൽ താമസം.