ഫോസിൽ

മഴപെയ്യുന്നതിന്റെ
ഒരു ചിത്രം
നീയയച്ചപ്പോൾ,
ഞാൻ
എന്നെക്കുറിച്ചോർത്തു.

പേരുകളൂരിവച്ച്‌
സൂക്ഷിച്ച് നോക്കി.

നിനക്കുള്ള കത്തുകളിലെ
ഞാനല്ല.
നിന്നെ പ്രണയിക്കുന്ന
ഞാനുമല്ല.

ഒറ്റക്കിരിക്കുന്ന ഞാൻ.!

ഇലകൾ പോലും
ഉപേക്ഷിച്ചുപോയ
മരമായതിൽപ്പിന്നെ
ഒരിക്കൽപ്പോലും
ആരും
വന്നെത്തിനോക്കിയിട്ടില്ല.

വേരുകൾ;
ജലവഴികൾ മറന്ന്
തളർന്ന് നിൽപ്പാണു.

മണ്ണ്:
എന്നെങ്കിലും വന്ന്
പതിക്കുമല്ലോ എന്നോർത്ത്‌,
കാത്തിരിക്കുന്നുണ്ട്‌.

കാറ്റ്‌;
വല്ലപ്പോളും,
ഒന്നാശ്വസിപ്പിച്ചുപോകും.

ഒരിലത്തണലുപോലും
നൽകാനാവാതെ,
കിളികളെ നോക്കി
നെടുവീർപ്പിടും.

ഏതോ യുഗത്തിന്റെ
ശോഷിച്ച
ഫോസിലാണു
ഞാൻ..

വസന്തങ്ങൾക്ക്‌;
പറയുവാൻ,
“വേനലെ”ന്ന
ഒറ്റവാക്കു മാത്രം
ബാക്കിവയ്ക്കുന്നു.

മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്ത്‌ പുറങ്ങ്‌ എന്ന ഗ്രാമമാണു സ്വദേശം. ഖത്തറിൽ സേഫ്റ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും എഴുതുന്നു. ആദ്യ കവിതാസമാഹാരം "അമ്മ മരിച്ചുപോയ കുട്ടി" ഈ വർഷം പുറത്തിറങ്ങി