ഇന്നിത് മൂന്നാമത്തെ തവണയാണ് മെഡിക്കൽ ഡയറക്ടറുടെ അടുത്തേക്ക് വിളിപ്പിക്കുന്നത്. അഞ്ചാമത്തെ നിലയിലാണ് സി ഇ ഓ യും മെഡിക്കൽ ഡയറക്ടറും ഉൾപ്പെടെ പ്രധാനപ്പെട്ട തസ്തികയിൽ ഉള്ള എല്ലാവരുടെയും ഓഫീസ്. കഴിഞ്ഞ ആറു വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തിട്ടും ലാബ് സൂപ്പർവൈസറായി സ്ഥാനക്കയറ്റം കിട്ടി ഒരു വർഷത്തിലേറെ ആയിട്ടും അവിടേക്കൊന്ന് എത്തി നോക്കാൻ പോലും ധൈര്യപ്പെടാത്ത ഞാനാണ് ഇപ്പോൾ വീണ്ടും വീണ്ടും അവിടേക്ക് പോകുന്നത്. എന്തായാലും ആദ്യ തവണ പോയപ്പോഴുണ്ടായത്ര വിറയൽ ഇപ്പോഴില്ല.
ഏതോ ഒരാളുടെ പി സി ആർ ടെസ്റ്റിന്റെ റിസൽട്ട് മാറിയിട്ടുണ്ടെന്ന് തോന്നുന്നു. തിരിച്ചും മറിച്ചും അതേ ചോദ്യങ്ങൾ തന്നെ എത്ര വട്ടം ഇവന്മാർ ചോദിക്കും? ചിലപ്പോൾ മാറിയിട്ടിട്ടുണ്ടാകും, മനുഷ്യനല്ലേ, യന്ത്രമൊന്നുമല്ലല്ലോ? തുടർച്ചയായി ഏഴുമാസമായി ഒരു നാൾ പോലും ഓഫ് തന്നിട്ടില്ല. വെള്ളിയും ശനിയും എല്ലാവർക്കും അവധിയാണ്, പക്ഷേ ഞങ്ങൾക്ക് മാത്രം അന്ന് ഓവർ ഡ്യൂട്ടിയാണ്. രാവിലെ 8 മണിക്ക് കയറിയാൽ രാത്രി എട്ട് – എട്ടരയാകും പുറത്തിറങ്ങാൻ.
കോവിഡ് കാരണം നാട്ടിൽ കുടുങ്ങിയ മൂന്നാല് സഹപ്രവർത്തകർ മടങ്ങിയെത്തും വരെ ലീവ്, ഓഫ്, തുടങ്ങി ഒന്നിനെക്കുറിച്ചും തമാശയ്ക്ക് പോലും സംസാരിച്ച് പോകരുതെന്നാണ് കൽപന. എന്നാൽ കൃത്യമായി ശമ്പളം തന്നാലെങ്കിലും മതിയായിരുന്നു. പ്രശ്നങ്ങൾ തീരുമ്പോഴേക്കും എല്ലാം ശരിയാക്കാമെന്നും അതു വരെ പകുതി ശമ്പളം മാത്രമെന്നും നോട്ടീസ് തരാൻ ആശുപത്രി മാനേജ്മെന്റ് നിമിഷങ്ങൾ പോലും എടുത്തില്ല. എന്ത് പറഞ്ഞാലും പിടിച്ച് വെയ്ക്കുന്ന ശമ്പളത്തിന്റെ കാര്യം ഗോവിന്ദയാണ്. ഏതു പ്രതിസന്ധിയും തങ്ങളുടെ കാര്യസാധ്യത്തിനുള്ള അവസരമാക്കി മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന കഴുകന്മാരുടെ ആർത്തി എന്ന് തീരുമോ ആവോ.
പ്രായം മുപ്പതുകളിൽ എത്തുമ്പോഴേക്കും യൗവനം മുഴുവൻ പിഴിഞ്ഞെടുത്ത പ്രവാസത്തിന്റെ പീഢകൾ സമ്മാനിച്ച അകാല വാർധക്യത്തിന്റെ വിഷമതകളും ലാബ് റിസൽട്ടിൽ വരുന്ന ഓരോ പിഴവിനും കാരണമാണ്.
ലിഫ്റ്റിറങ്ങിയാൽ നീണ്ട ഇടനാഴിയാണ്. ഇരുവശത്തും സ്പെഷ്യലൈസ്ഡ് കെയർ വാർഡുകളാണ്. നിരന്തര ശ്രദ്ധയും പ്രത്യേക പരിചരണവും വേണ്ട രോഗികൾ, മരണത്തോടാണോ ജീവിതത്തോടാണോ കൂടുതൽ അടുപ്പം എന്നറിയാത്ത അനിശ്ചിതത്വത്തിന്റെ പുതപ്പ് മൂടി മയങ്ങുന്നവരാണ് അവരിലേറെയും.
നാലഞ്ച് ചുവട് നടന്നപ്പോഴേക്കും വെള്ളക്കോട്ടിന്റെ പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ വിറച്ചു. ഡ്യൂട്ടി സമയത്ത് ഫോൺ ഉപയോഗിക്കുന്നത് ആരെങ്കിലും കണ്ടാൽ അത് മതി. പോരാത്തതിന് നിന്ന് തിരിയുന്നിടത്തെല്ലാം സി സി ടി വി ക്യാമറ. ഫോണിന്റെ വിറയൽ നിലയ്ക്കാത്തത് കൊണ്ട് പോക്കറ്റിനുള്ളിലേക്ക് വിരൽ കടത്തി ചരിഞ്ഞ് നോക്കി , സഞ്ജുവിന്റെ ക്ലാസ് ടീച്ചർ. കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചയെപ്പോലെ കോൾ കട്ട് ചെയ്തു, വിരലുകൾ എന്താണ് ചെയ്യുന്നതെന്ന് അറിയാത്തത് പോലെ തല ഉയർത്തിത്തന്നെ പിടിച്ച് ചുറ്റും കണ്ണോടിച്ചു. അവൾ ക്ലാസ്സിലെന്ത് കന്നം തിരിവ് കാട്ടിയതാണോന്നറിയില്ലല്ലോ? ഒറ്റക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നതിന്റെ സ്വാതന്ത്ര്യം മുഴുവൻ അവളെടുക്കുന്നുണ്ട്. ഇഷ്ടമല്ലാത്ത ടീച്ചേഴ്സിന്റെ ക്ലാസ്സിൽ അവർ ചെയ്യരുതെന്ന് പറയുന്നതെന്താണോ അത് ചെയ്തു കൊണ്ടാണ് അവളുടെ ഒറ്റപ്പെടലിൽ നിന്നും നിരാശയിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നത്. സനൽ വീട്ടിൽ നിന്നിറങ്ങുന്നത് വരെ ഒരു ശ്രദ്ധയുണ്ടാവും എന്നാണ് കരുതിയിരുന്നത്. പോകപ്പോകെ ആ സമയത്തും ടീച്ചർമാരുടെ വിളികൾ വന്ന് തുടങ്ങിയതോടെ, പപ്പ അടുത്ത മുറിയിൽ ഉറക്കത്തിലോ മൊബൈലിലോ മുഴുകിയ വിവരം അവളും അറിയുന്നുണ്ട് എന്ന കാര്യം മനസ്സിലായി.
മെഡിക്കൽ ഡയറക്ടറുടെ വാതിലിൽ മുട്ടുമ്പോൾ പുറത്ത് വന്ന ‘മേ ഐ കം ഇൻ, ഡോക്ടർ’ യാന്ത്രികമായിട്ടായിരുന്നെങ്കിലും പതറിയിരുന്നു. മുറിയുടെ മരവാതിലിനെക്കാൾ പരുക്കനും വികാര രഹിതനുമായിരിക്കുന്ന ഡോക്ടറെ ഒരിക്കൽ പോലും അങ്ങനെയല്ലാതെ കണ്ടിട്ടില്ല. ഇംഗ്ലീഷും അറബിയും ഇന്ത്യക്കാരാണെങ്കിൽ കുറച്ച് ഉർദുവും കലർത്തി ചീത്ത പറയാൻ മാത്രമാണ് അയാൾ വായ് തുറക്കുക. സ്ഥിരം പ്രശ്നക്കാരിയല്ലാത്തത് കൊണ്ട്, വെക്കേഷൻ പോകാൻ നേരത്ത് ഒരാചാരം പോലെ കൃത്യ സമയത്ത് തന്നെ തിരിച്ചു വരണം എന്ന് ഓർമിപ്പിക്കുവാൻ മാത്രമാണ് ഇതിന് മുമ്പ് വിളിച്ചിട്ടുള്ളത്.
സിസ്റ്റർ എന്ന് വിളിച്ചാണ് തുടങ്ങിയതെങ്കിലും മറുത്തൊന്നും പറയാൻ പോലും സമ്മതിക്കാതെ കത്തിക്കയറിയ ശകാരം അവസാനിക്കുമ്പോഴേക്കും അറിയാതെ വാതിലിൽ മുറുകെ പിടിച്ചു പോയി. തെറ്റായ സർട്ടിഫിക്കേറ്റ് നൽകിയതിനാൽ ലാബിന്റെയും ചിലപ്പോൾ ആശുപത്രിയുടെ തന്നെയും അംഗീകാരം നഷ്ടമാകുമെന്നും വൻ പിഴ നൽകേണ്ടി വരുമെന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ആ പിഴ ലാബ് സ്റ്റാഫിന്റെ കയ്യിൽ നിന്നും ഈടാക്കുമെന്ന് അയാൾ പറയാതെ തന്നെ പറഞ്ഞു. തിരികെ ലാബിലേക്ക് പോകാൻ ലിഫ്റ്റിന് കാത്തു നിൽക്കുമ്പോൾ എന്തോ നടന്ന് സ്റ്റെപ്പ് ഇറങ്ങി പോകാമെന്ന് മനസ്സ് പറഞ്ഞു. സ്റ്റെയർ കേസ്സിനടുത്ത് എത്തുമ്പോൾ മനസ്സ് വീണ്ടും മാറി മുകളിലേക്കുള്ള പടികൾ യാന്ത്രികമായി കയറുക ആയിരുന്നു. ആദ്യമായി ആണ് ടെറസ്സിലേക്ക് വരുന്നത്. കത്തിക്കാളുന്ന വെയിലിൽ എന്ത് കാഴ്ച കാണാനാണുള്ളത് എന്നറിയില്ല , ഒരു പക്ഷേ മനസ്സൊന്ന് ശാന്തമാകാൻ ഒറ്റയ്ക്ക് ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുവാൻ മനസ്സ് മോഹിച്ചിട്ടുണ്ടാവാം.
വാട്ടർ ടാങ്കിന്റെ തണലിൽ അലസമായി കിടക്കുന്ന ചാരുബെഞ്ചിനരുകിലേക്ക് നടന്നു. പൊടി പിടിച്ചു കിടക്കുകയാണ് , ചുറ്റും സിഗററ്റ് കുറ്റികളും ഒഴിഞ്ഞ കോഫീ കപ്പുകളും. ഈ നാട്ടുകാരായ ജീവനക്കാർ ഒഴിവ് സമയങ്ങൾ ഇവിടെയാണ് തള്ളി നീക്കുന്നതെന്ന് തോന്നുന്നു. പൊടിയെ അവഗണിച്ച് കൊണ്ട് ബെഞ്ചിലിരുന്നു കണ്ണടച്ചപ്പോഴും ഡയറക്ടറുടെ ആക്രോശമാണ് കൺമുമ്പിൽ തെളിഞ്ഞു വരുന്നത്. ആർക്കാവും പിഴവ് പറ്റിയത്. ലാബിൽ കൂടെയുള്ളവരിൽ തബു എന്ന് ഞാൻ വിളിക്കുന്ന തബസ്സും ഒഴിച്ചുള്ളവർ എല്ലാം അറബ് വംശജരാണ്. തബു മിടുക്കിയാണ്, അസ്സംകാരി. വിഭജനാന്തരം പട്ടിണി കാരണം ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരുടെ മൂന്നാം തലമുറ. അന്നൊരു വേനലിൽ വറ്റിവരണ്ട പദ്മ നദി ഏറെക്കുറെ നടന്ന് തന്നെ കുറുകെ കടന്ന് അക്കരെ ഗ്രാമത്തിലേക്ക് വന്നത് ഏറെ ലാഘവത്തോടെ ആയിരുന്നെങ്കിലും കടന്നത് മറ്റൊരു രാജ്യത്തിന്റെ അതിർത്തിയാണെന്നും അതിന്റെ ശിക്ഷ മൂന്നും നാലും തലമുറയിലുള്ളവർ അനുഭവിക്കേണ്ടി വരുന്ന ഗൗരവമായ സംഗതിയാണെന്നും ഇപ്പോഴാണവർക്ക് മനസ്സിലാവുന്നത്. അവളുടെ ദാദായുടെ പൗരത്വ അപേക്ഷ വീണ്ടും നിരസ്സിക്കപ്പെട്ടെന്നും അവൾ ഏറെ അഭിമാനത്തോടെ നെഞ്ചോട് ചേർക്കുന്ന നീല പാസ്സ്പോർട്ട് ഇനി അവൾക്കന്യമാണെന്നും അതുമായി കൊൽക്കത്തയിൽ ചെന്നിറങ്ങിയാൽ നേരെ ഡാക്കയിലേക്ക് നാടുകടത്തുമെന്നാണ് അവളുടെ കൂട്ടുകാർ അറിയിച്ചതത്രേ.
അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ബാല്യകാല സുഹൃത്ത് അരബിന്ദോയുടെ അച്ഛന്റെ അനധികൃതമായ ഇടപെടലുകളാണ് ഈ ദുര്യോഗത്തിന് പിന്നിൽ എന്നവൾ സങ്കടപ്പെടാറുണ്ട്. റിസൾട്ട് നോക്കുമ്പോഴോ പകർത്തി എഴുതുമ്പോഴോ അവൾക്കെങ്ങാനും വല്ല കൈപ്പിഴയും പറ്റിയിട്ടുണ്ടാകുമോ ?
അത് മറ്റു വല്ലവരുമാണോ?, തബുവിനേക്കാളും സങ്കടച്ചുഴികളിൽ ഉഴലുന്നവരാണവർ. ഭരണത്തിന്റെ ഇടനാഴികളിലെ കിടമത്സരങ്ങൾ തകർത്ത രാജ്യങ്ങളുടെ പ്രതിനിധികൾ, കുടിയേറ്റത്തിന്റെ കയ്പുനീരിൽ ജീവിതത്തിന്റെ രസങ്ങൾ തന്നെ മറന്നു പോയവർ , ബാല്യം കൊഴിയും മുമ്പേ നടന്ന വിവാഹത്തിൽ നിന്നും തുടരുന്ന പീഡനങ്ങളിൽ നിന്നും ഒളിച്ചോടിയപ്പോൾ കുടുംബവും രാജ്യവും സ്വന്തം അസ്ഥിത്വവും തന്നെ നഷ്ടപ്പെട്ടവർ. മനുഷ്യന്റെ ചരിത്രം പലായനത്തിന്റെ നൈരന്തര്യമാണെങ്കിൽ അവന്റെ സ്ഥായിയായ അനുഭവം സങ്കടം തന്നെയാണ്. തന്റെ ഭാവി മാത്രമല്ല, വർത്തമാനം പോലും അനിശ്ചിതത്വത്തിലായവരുടെ , ഏതോ ദുരിതക്കടലിൽ ഉഴലുന്ന ഉറ്റവരെ കാണാനോ ബന്ധപ്പെടാനോ ആവാതെ സങ്കടപ്പെടുന്നവരുടെ ആരുടെയോ തെറ്റിനാവും അവരെ നയിക്കുന്ന ആൾ എന്ന നിലയിൽ ഇപ്പോൾ ഞാൻ ക്രൂശിക്കപ്പെടുന്നത് ?
വീണ്ടും ഫോൺ മുരണ്ട് തുടങ്ങി , ആരുടേതെന്ന് നോക്കാൻ പോലും തോന്നിയില്ല. സഞ്ജുവിന്റെ ടീച്ചറാവും, അതോ കുറേ നേരമായിട്ടും കാണാത്തത് കൊണ്ട് തബു വിളിക്കുന്നതാണോ, അതിന് പൊതുവെ സാധ്യത കുറവാണ്, ഡയറക്ടർ വീണ്ടും വിളിച്ചു കാണുമോ ?
നാട്ടിലെ ബാങ്ക് മാനേജറുടെ വിളിയാവാനും സാധ്യതയുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് നിർബന്ധിച്ച് ഹൗസിങ്ങ് ലോണെടുപ്പിച്ചിട്ട് പണി പകുതിയായപ്പോൾ, മുമ്പില്ലാതിരുന്ന സാങ്കേതികത്വത്തിന്റെ പേരിൽ ബാക്കി തുക തരാതെ ദ്രോഹിക്കുകയും മുക്കാലും അടച്ച് തീർന്നിട്ടും ശമ്പളം കിട്ടാത്ത സാഹചര്യം തുറന്ന് പറഞ്ഞിട്ടും ദിനേനയെന്നോണം ഉള്ള ശല്യം പരിധി വിട്ട് തുടങ്ങിയിട്ടുണ്ട്.
ഇനി സനലാണോ ? ജയേട്ടന്റെ കമ്പനിയിൽ ഒഴിവുണ്ടെന്നും പുള്ളിക്കാരനെ ചെന്ന് കണ്ടാൽ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് നോക്കാമെന്നും പറഞ്ഞിരുന്നു. സനലിന് ഇക്കാര്യം അത്ര ബോധിച്ചിരുന്നില്ലെങ്കിലും ഇനി പോകാൻ ഇറങ്ങിയിട്ടുണ്ടാകുമോ ?
സനലിന്റെ കാര്യം ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു പുളിച്ച് തികട്ടലാണ്. എന്ത് കണ്ടിട്ടാണ് ഞാനവനെ പ്രണയിച്ചത് ? എല്ലാ എതിർപ്പുകളെയും അവഗണിച്ച് വിവാഹം കഴിച്ചത് ? തിരിഞ്ഞു നോക്കുമ്പോൾ സ്വയം പുച്ഛം തോന്നുന്നു. ഒരു വ്യാഴവട്ടത്തിലേറെ നീണ്ട പ്രണയകാലത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള നെട്ടോട്ടം കാരണം അവന്റെ ഓരോ വാക്കിനും നോട്ടത്തിനും സ്വന്തമായി നിറങ്ങൾ നൽകുകയായിരുന്നു ഞാനെന്ന് തോന്നുന്നു.
അച്ചായി പോയതോടെ ഹോസ്റ്റൽ ജീവിതം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ കോളേജിൽ നിന്നും ഏറെ വൈകി കവലയിൽ ബസ്സിറങ്ങി വീട്ടിലക്ക് നടക്കാൻ ഭയമായിരുന്നു. പതിവായി കവലയിൽ കാത്ത് നിന്ന് , ഞാൻ നടക്കുന്നതിൽ നിന്ന് കുറച്ച് ദൂരം വിട്ട് പിറകേ സൈക്കിളുരുട്ടി വീട്ടിലേക്ക് തിരിയുന്ന ഇടവഴി വരെ വരുന്ന സനലിനെയും ആദ്യ ദിനങ്ങളിൽ ഭയമായിരുന്നു. പിന്നെയാ സംരക്ഷണ വലയം പിറക്കാതെ പോയ സഹോദരന്റെ കരുതലായി, ക്രമേണ ഒരു ആരാധനയോ ആകർഷണമോ ഒക്കെ ആയി മാറുന്നത് ഞാനറിഞ്ഞില്ല.
പതിവിലും വൈകിയ ഒരു ദിവസം ബസ്സിറങ്ങി നടക്കുമ്പോൾ സനൽ കൂടെയില്ല എന്നത് ശ്രദ്ധിച്ചതേയില്ല. നേരം വൈകിയ വെപ്രാളത്തിൽ അമ്മച്ചിയുടെ കണ്ണ് പൊട്ടുന്ന തെറി കേൾക്കേണ്ടി വരുന്നതായിരുന്നു മനസ്സ് മുഴുവൻ. കുറേ ദൂരം മുന്നോട്ട് പോയി അവറാന്റെ തെങ്ങിൻ തോപ്പിനരുകിലെ വിജനതയിൽ അറിയാതെ തിരിഞ്ഞു നോക്കുമ്പോഴാണ് പരിചിതമായ സൈക്കിളും സവാരിക്കാരനും അകമ്പടിയായില്ലെന്ന സത്യം മനസ്സിലാക്കിയത്. എല്ലാ ധൈര്യവും സംഭരിച്ച് ഒരോട്ടമായിരുന്നു. മാടൻകാവ് കഴിഞ്ഞുള്ള വളവ് തിരിയുമ്പോളാണ് ഇരുട്ടത്ത് എവിടെയൊ തട്ടി മറിഞ്ഞു വീണത്. വീഴ്ചയിൽ എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല, സ്വയം എഴുന്നേല്ക്കാൻ ശ്രമിച്ചിട്ടും കഴിയുന്നുമുണ്ടായിരുന്നില്ല. ഒന്നിനുമാകാതെ തളർന്ന് പോയ ആ നിമിഷത്തിലരികിലെത്തിയ സൈക്കിളിന്റെ ശബ്ദവും താങ്ങിയെടുത്ത കൈകളുടെ കരുത്തും എന്റെ മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു. ഞാനെത്താൻ വൈകിയപ്പോൾ ഒരു വേള നേരത്തേ വന്നു കാണും എന്ന് കരുതി അവൻ മടങ്ങിയത്രേ, എന്നാൽ വീട്ടിൽ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കി തിടുക്കത്തിൽ മടങ്ങി വരുമ്പോഴാണ് ഞാൻ വഴിയിൽ വീണ് കിടക്കുന്നതായി കണ്ടത്.
വിശേഷങ്ങൾ പറയുമ്പോഴും ആ കരങ്ങളിൽ നിന്ന് മോചിതയാകാൻ ശ്രമിക്കാതെ ഞാൻ ചേർന്നു തന്നെ നിന്നു. ഒടുവിലെപ്പോഴോ അറിയാതെ പറഞ്ഞു, ‘ഈ ഒരു നിമിഷം നമ്മൾ രണ്ടാളും ശിലകളായി മാറിയിരുന്നെങ്കിൽ’.
‘നമ്മളെന്തിന് ശിലകളാവണം ? വേണമെങ്കിൽ നമ്മൾ രണ്ടാളുമൊഴികെ ഈ പ്രപഞ്ചം മുഴുവൻ ശിലകളായി കൊള്ളട്ടെ’. ആ ഒരൊറ്റ വാചകത്തിലൂടെ അവന്റെ പ്രണയം എന്റെ ഹൃദയത്തിൽ ഒരു ശില പോലെ ഉറഞ്ഞു കൂടി.
കവലയിലെ കാത്തു നില്പ്, പഠനത്തിന് ശേഷം നഗരത്തിലെ ആശുപത്രിയിൽ ചെറിയ ജോലി കിട്ടിയ നാളുകളും പിന്നീട് കുറച്ചു കൂടി നല്ല സാധ്യതകൾക്കായി വൻ നഗരങ്ങളിലേക്ക് ചേക്കേറിയ വിരഹദിനങ്ങളും കടന്ന് പോകുകയും ചെയ്തു. അമ്മച്ചിയുടെ പശുക്കൾക്കും എന്റെ തുശ്ചമായ ശമ്പളത്തിനും താങ്ങാവുന്നതായിരുന്നില്ല ജീവിതമെന്ന തിരിച്ചറിവ് സനലിനെയും സൈക്കിളിനെയും ഒപ്പം നടത്താൻ ധൈര്യം തന്നതുമില്ല.
അവനാകട്ടെ, ഡിഗ്രി എട്ടുനിലയിൽ പൊട്ടുകയും അതെങ്ങിനെയെങ്കിലും പൂർത്തിയാക്കണമെന്ന സ്നേഹ പൂർണ്ണമായ നിർബന്ധങ്ങളെ തൊടുന്യായങ്ങളുടെ കോട്ട കെട്ടി പ്രതിരോധിക്കുന്നതിൽ മിടുക്ക് കാട്ടുകയും ചെയ്തു. ചെറിയ മദ്യപാനവും ചില്ലറ അടിപിടിയും ഒക്കെയായി അരങ്ങ് കൊഴുപ്പിക്കുമ്പോഴും ഞാനൊരു പാവം എന്ന ഭാവത്തിൽ അവന്റെ ന്യായങ്ങൾ എന്നെ വിശ്വസിപ്പിക്കാൻ അവന് കഴിഞ്ഞിരുന്നു.
നിലാവിന്റെ കുട പിടിച്ചുള്ള യാത്രകൾക്കും സംഗമങ്ങൾക്കും ഇതിനിടെ ഭംഗം വന്നിരുന്നു. സന്ധ്യ കഴിഞ്ഞാലും ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ധൈര്യം കൈവന്നത് കൊണ്ട് മാത്രമല്ല, സംഗതി മണത്തറിഞ്ഞ അവന്റെ അച്ഛൻ വീട്ടിൽ വന്ന് അമ്മച്ചിയെ തെറി പറഞ്ഞതും തുടർന്ന് രാത്രി അമ്മച്ചിയുടെ നിലവിളിയും തല്ലും തുടർനാടകങ്ങളും ഒക്കെ കാരണമായി.
സംസ്ഥാനവും പിന്നെ രാജ്യവും വിട്ടുള്ള തൊഴിലന്വേഷണവും നാടു വിടലും ഒന്നിനൊന്ന് നിമിത്തമായി. തൊട്ട് താഴെയുള്ള അനുജത്തിയുടെ മിന്നുകെട്ടും പൊളിഞ്ഞു വീഴാറായ വീടിന്റെ പുതുക്കി പണിയലുമൊക്കെയായി അതു വരെയുള്ള സമ്പാദ്യം ശുഷ്കിച്ച സമയത്തായിരുന്നു ആദ്യത്തെ മടക്കയാത്ര. ഏറ്റവും ഇളയ അനുജത്തിമാരെ കൂടി സുരക്ഷിതമാക്കിയിട്ട് മതി എന്റെ വിവാഹമെന്ന അമ്മയുടെ കണക്ക് കൂട്ടൽ പറയാതെ തന്നെ മനസ്സിലായിരുന്നു. അതു കൊണ്ട് സനലുമായുള്ള രജിസ്റ്റർ മാര്യേജിന് സാക്ഷിയായി രണ്ടു പേരുടെയും കൂട്ടുകാർ മാത്രമായി, അവരാകട്ടെ ഈ വിവാഹം വേണ്ടെന്ന് രഹസ്യമായും പരസ്യമായും നിരവധി തവണ ഉപദേശിച്ചിട്ടുള്ളവരും.
അമ്മയ്ക്കും അനിയത്തിമാർക്കും ഒരു കൂട്ടാവുമല്ലോ എന്ന് കരുതിയാണ് ജോലിയും കൂലിയും ഇല്ലാത്ത, വിവാഹത്തോടെ കേറിക്കിടക്കാൻ കിടപ്പാടം കൂടി നഷ്ടമായ ഭർത്താവിനെ വീട്ടിൽ കൂടെ നിർത്താൻ അമ്മയോട് കെഞ്ചിയത്. മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതിന്റെ നീരസം ഉള്ളിലുണ്ടാവും എന്ന് കരുതിയാണ് സനലിനെ കുറിച്ചുള്ള സ്ഥിരം പരാതികളെ അവഗണിച്ചിരുന്നതും. ശീതസമരം മാറി പരസ്യയുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തും മുമ്പ് സനലിനെ കടൽ കടത്തി. അത് വേണ്ടി വന്നില്ലായിരുന്നെങ്കിൽ അതിന് ചിലവായ തുക കൊണ്ട് ഒരു പക്ഷേ ഒരു അനുജത്തിയുടെ കൂടി വിവാഹം നടന്ന് കിട്ടിയേനെ. എന്ത് പ്രയോജനം ? കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരു കമ്പനിയിൽ പോലും ആറ് മാസം അവൻ തികച്ചിട്ടില്ല. ഒന്നുകിൽ , ജോലിയ്ക്ക് പോകാതിരിക്കാൻ അവൻ തന്നെ കാരണങ്ങൾ കണ്ടെത്തും, അല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ അവൻ തന്നെ കാരണങ്ങൾ ഉണ്ടാക്കിക്കൊള്ളും.
ഭർത്താവ് കൂടെ ഉള്ളതിനാൽ ചില ഞരമ്പു രോഗികളുടെ ശല്യത്തിൽ നിന്നും മോചനം കിട്ടിയെന്നല്ലാതെ സഞ്ജുവിനെ പ്രസവിച്ച നാളുകളിൽ പോലും സനലിനെ കൊണ്ട് ഒരു പ്രയോജനം ലഭിച്ചിട്ടില്ല. പരിചയക്കാരെക്കൊണ്ട് മുഴുവൻ നിഷേധി എന്ന് വിളിപ്പിച്ച് കൊണ്ട് സ്വന്തമാക്കിയ ഭർത്താവ് എന്ന നിലയിൽ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല എന്ന് മാത്രം. സഞ്ജുവിന്റെ പപ്പ എന്ന പേരിൽ മറ്റുള്ളവരെ കാണിക്കുവാൻ ഒരാൾ എന്നതിനപ്പുറം മനസ്സ് കൊണ്ട് മറ്റൊന്നും നിരീക്കുന്നില്ലെങ്കിലും അവനോട് മറുത്തൊന്നും പറയാൻ ധൈര്യമുണ്ടാവുന്നില്ല എന്നതാണ് സത്യം.
പോക്കറ്റിലിരുന്ന് കുറുകുന്ന ഫോണാണ് കാടുകയറുന്ന ചിന്തകളെ തട്ടിയകറ്റിയത്. വീണ്ടും സഞ്ജുവിന്റെ ടീച്ചറാണ്. ‘ക്യാൻ ഐ ടാക്ക് ടു ദി പേരന്റ് ഓഫ് സഞ്ജന സനൽ’, ‘പറയൂ , ടീച്ചർ, ഞാനവളുടെ മദറാണ്.’ ‘എന്ത് പറയാൻ? നിങ്ങളെ പോലെ ഇത്ര ഉത്തരവാദിത്വമില്ലാത്ത ഒരു പേരന്റിനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കുട്ടി പഠിക്കുന്നുണ്ടോ , ഹോം വർക്ക് ചെയ്യുന്നുണ്ടോ , പോട്ടേ, ക്ലാസ്സിൽ കയറുന്നെങ്കിലും ഉണ്ടോ എന്ന് നിങ്ങൾ നോക്കാറുണ്ടോ ? അതൊക്കെ പോട്ടെ, ഞാൻ എത്ര തവണയായി വിളിക്കുന്നു , ഫോൺ എടുക്കാനോ ഒന്ന് തിരിച്ചു വിളിക്കാനോ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കില്ലേ ?’, പ്രതീക്ഷിച്ചത് പോലെ ടീച്ചറും കത്തിക്കയറുകയാണ്.
‘ഓക്കെയോക്കെ , ഇപ്പോൾ എന്താണ് പ്രശ്നം ? ‘
‘ഇപ്പോഴോ, നിങ്ങളുടെ കുട്ടി ഇന്നും ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടില്ല. ഇങ്ങനെ പോയാൽ മാർക്കില്ലാത്തത് കൊണ്ട് മാത്രമല്ല, അറ്റൻഡൻസ് ഇല്ലാതെ കുട്ടിയെ ഈ ക്ലാസ്സിൽ തന്നെ ഇരുത്തേണ്ടി വരും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട’
‘അത് മതി ടീച്ചറെ , ഇനി ഇതും പറഞ്ഞ് ടീച്ചറ് വിളിക്കണ്ട, ഈ ആധീം വ്യാധീം ഒക്കെ മാറീട്ട് അന്തോം കുന്തോം ഇല്ലാത്ത ഈ ഓൺലൈൻ ക്ലാസ്സൊക്കെ നിർത്തി ടീച്ചർമാർ സ്കൂളിൽ വന്ന് പഠിപ്പിച്ചു തുടങ്ങില്ലേ, ഞാനപ്പോ കുട്ടിയെ കൊണ്ട് വന്ന് ഒന്നേന്ന് നാലാം ക്ലാസിൽ ചേർത്തിക്കൊള്ളാം. കാശ് കളയണ്ട , ടീച്ചറിപ്പം ഫോൺ വെച്ചോ’.
മറുപടിയ്ക്ക് കാത്ത് നിൽക്കാതെ കാൾ കട്ട് ചെയ്യുമ്പോൾ മനസ്സ് നിറയെ ഒരു പുതിയ ഊർജ്ജം ആയിരുന്നു. ഭയത്തിന്റെ ഓരോ കണികയെയും വേരോടെ പിഴുതെറിയുവാൻ കഴിവുള്ള ഒരു പുതിയ ധൈര്യം ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞു തുളുമ്പി.
ബാങ്ക് മാനേജറുടെ ഫോൺ കാൾ പോക്കറ്റിലൂടെ കണ്ടപ്പോൾ കുറച്ച് കൂടി ആവേശം തോന്നി, അടുത്തത് ആ മൂരി ശ്യംഗാരി തന്നെയെന്ന് മനസ്സിൽ കുറിച്ചു.
തോളിൽ തുന്നി ചേർത്ത ആത്മവിശ്വാസത്തിന്റെ ഒരായിരം ചിറകുകളുടെ ശക്തി ആവാഹിച്ചു കൊണ്ട് ഡയറക്ടറുടെ റൂം ലക്ഷ്യമാക്കി നടന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് തീർക്കാനുള്ള വലിയ സമസ്യ ഓർമ്മിപ്പിച്ച് കൊണ്ട് സനൽ ഇന്റർവ്യൂവിന് വന്നിട്ടില്ല എന്ന ജയേട്ടന്റെ മെസ്സേജ് ഫോണിൽ മിന്നി മാഞ്ഞു.
താലിമാല പണയത്തിലായത് കാരണം മഞ്ഞ നൂലിൽ കൊരുത്ത് കഴുത്തിലിട്ടിരിക്കുന്ന താലിയിൽ ഒന്ന് കൂടി തലോടിയെങ്കിലും മുന്നോട്ട് വെച്ച കാലടികൾ ഉറച്ചതായിരുന്നു , ലാബിൽ നിന്നും ആശാവഹമായ റിസൽട്ടുമായി മടങ്ങുന്നവരെപ്പോലെ.